ന്യൂഡൽഹി: പാർലമെന്റിന്റെ വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്ന പശ്ചാത്തലത്തിൽ, ബിൽ പാസാക്കിയെടുക്കാൻ തന്ത്രങ്ങളുമായി എൻഡിഎ മുന്നണി. എന്നാൽ ബിൽ പാസാക്കിയെടുക്കുക എന്നത് മുന്നണിക്ക് അത്ര എളുപ്പമാകില്ല.

To advertise here,

ലോക്സഭയുടെ നിലവിലെ ആകെ അംഗബലം 540 ആണ്. ബിൽ പാസാക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ബിൽ സഭ കടക്കണമെങ്കിൽ 360 അംഗങ്ങൾ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തണം. എന്നാൽ, എൻ.ഡി.എയ്ക്ക് നിലവിൽ 320 എം.പിമാരുടെ പിന്തുണ മാത്രമാണുള്ളത്. ബിൽ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം കടക്കാൻ 40 വോട്ടുകളുടെ കുറവുണ്ട്.

ഭരണമുന്നണിയിൽ ബി.ജെ.പിക്ക് 241 എം.പിമാരും മറ്റ് സഖ്യകക്ഷികൾക്ക് 79 എം.പിമാരുമാണുള്ളത്. ഇതിൽ നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (20), ടി.ഡി.പി (16), ശിവസേന (13), ജനതാദൾ യുണൈറ്റഡ് (12) തുടങ്ങിയ കക്ഷികൾ ഉൾപ്പെടുന്നു. കേവല ഭൂരിപക്ഷത്തിന് വോട്ടുകൾ തികയാത്ത സാഹചര്യത്തിൽ, പ്രാദേശിക കക്ഷികളായ ഡി.എം.കെ (22 എം.പിമാർ), എൻ.സി.പി ശരദ് പവാർ വിഭാഗം (8 എം.പിമാർ), വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി (4 എം.പിമാർ) എന്നിവരുടെ നിലപാടുകൾ നിർണ്ണായകമാകും. ഈ മൂന്ന് പാർട്ടികളും ബില്ലിനെ പിന്തുണച്ചാൽ പോലും ആകെ വോട്ട് 354 ആയി ഉയരുമെങ്കിലും ആവശ്യമായ 360 വോട്ട് തികയ്ക്കാൻ സർക്കാരിന് ആറുവോട്ടുകളുടെ കുറവുണ്ടാകും.

വോട്ടിങിൽ പ്രതിപക്ഷ അംഗങ്ങൾ പങ്കെടുക്കാതിരിക്കുകയോ വിട്ടുനിൽക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത്. ഡി.എം.കെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും എൻ.സി.പി (എസ്.പി), വൈ.എസ്.ആർ.സി.പി എന്നിവർ പിന്തുണയ്ക്കുകയും ചെയ്താൽ വോട്ടുചെയ്യുന്നവരുടെ എണ്ണം 518 ആയി കുറയുകയും ജയിക്കാൻ 346 വോട്ടുകൾ വേണ്ടിവരികയും ചെയ്യും. ഈ സാഹചര്യത്തിലും സർക്കാരിന് 14 വോട്ടുകളുടെ കുറവുണ്ടാകും. ഇനി ഡി.എം.കെയും എൻ.സി.പിയും ഒരുപോലെ വിട്ടുനിൽക്കുകയാണെങ്കിൽ വോട്ടിങ് പരിധി 340 ആയി കുറയുമെങ്കിലും 16 വോട്ടുകൾ കുറവുള്ളതിനാൽ എൻ.ഡി.എയ്ക്ക് ബിൽ പാസാക്കിയെടുക്കാൻ സാധിക്കില്ല. ഭൂരിപക്ഷം ഉറപ്പാക്കാനോ അല്ലെങ്കിൽ പ്രതിപക്ഷത്തെ മറ്റ് കക്ഷികളെ തന്ത്രപരമായി മാറ്റിനിർത്തി വോട്ടിങ് പരിധി കുറയ്ക്കാനോ എൻ.ഡി.എയ്ക്ക് കഴിയുമോ എന്നതാണ് പ്രധാന വിഷയം.

ഏപ്രിൽ 17-ന് നടന്ന വോട്ടെടുപ്പിൽ ഭരണഘടനാ (131-ാം ഭേദഗതി) ബിൽ ലോകസഭയിൽ പരാജയപ്പെട്ടിരുന്നു. അന്ന് വോട്ടുചെയ്ത 528 എം.പിമാരിൽ 298 പേർ അനുകൂലിച്ചും 230 പേർ എതിർത്തും വോട്ടുചെയ്തു. 54 വോട്ടുകൾക്കാണ് ബിൽ തള്ളപ്പെട്ടത്. പുതിയ സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണ്ണയത്തിന് ശേഷമേ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കൂ എന്ന് 2023-ൽ പാസാക്കിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചതനുസരിച്ച് ലോക്സഭ നവംബർ 30-നും രാജ്യസഭ ഡിസംബർ 2-നും വീണ്ടും സമ്മേളിക്കും. മൺസൂൺ സമ്മേളനത്തിന്റെ നീട്ടിയ ഭാഗമായി നടക്കുന്ന ഈ സമ്മേളനം ഡിസംബർ 3 വരെ തുടർന്നേക്കാം. സഭയുടെ ഔദ്യോഗിക അജണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും,  മണ്ഡല പുനർനിർണയമടക്കമുള്ള ബില്ലുകൾ പാസാക്കാനുള്ള ശ്രമങ്ങൾ നടന്നേക്കുമെന്നാണ് വിലയിരുത്തൽ.