മുംബൈ: ശ്രീരാമന്‍ മാംസാഹാരി ആയിരുന്നെന്ന പ്രസ്താവനയ്ക്കു പിന്നാലെ വിവാദത്തിലായി മഹാരാഷ്ട്രയിലെ എം.എല്‍.എ. ജിതേന്ദ്ര അവ്ഹാഡ്. എന്‍.സി.പി. ശരദ് പവാര്‍ പക്ഷത്തുനിന്നുള്ള എം.എല്‍.എയാണ് ജിതേന്ദ്ര. ഷ്രിദിയില്‍ ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

To advertise here,

''ഭഗവാന്‍ രാമന്‍ നമ്മുടേതാണ്, പൊതുജനങ്ങളുടേതാണ്. അദ്ദേഹം മൃഗങ്ങളെ വേട്ടയാടുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. രാമനെ ഉദാഹരിച്ച് എല്ലാവരെയും സസ്യാഹാരികളാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. പക്ഷേ രാമന്‍ സസ്യാഹാരി ആയിരുന്നില്ല. അദ്ദേഹം മാംസാഹാരി ആയിരുന്നു. 14 കൊല്ലം വനത്തില്‍ കഴിഞ്ഞ വ്യക്തിക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകും'' -ജിതേന്ദ്ര ആരാഞ്ഞു. നാം ചരിത്രം വായിക്കാറില്ലെന്നും രാഷ്ട്രീയത്തില്‍ എല്ലാം മറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിതേന്ദ്രയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തി. ജിതേന്ദ്രയുടെ പരാമര്‍ശത്തിന്റെ വീഡിയോ ഹരിയാണ ബി.ജെ.പി. അധ്യക്ഷന്‍ അരുണ്‍ എക്‌സില്‍ പങ്കുവെക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്‍.സി.പി. അജിത് പവാര്‍ പക്ഷത്തെ പ്രവര്‍ത്തകര്‍ ജിതേന്ദ്രയുടെ മുംബൈയിലെ വസതിക്ക് മുന്‍പില്‍ തടിച്ചുകൂടുകയും പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജിതേന്ദ്രയുടെ വീടിനു മുന്നില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ശ്രീ രാമ ജന്മഭൂമി തീര്‍ഥ് ക്ഷേത്ര മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസും വിഷയത്തില്‍ പ്രതികരിച്ചു. ജിതേന്ദ്ര പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വനവാസകാലത്ത് രാമന്‍ മാംസാഹാരം കഴിച്ചിരുന്നെന്ന് വിശുദ്ധഗ്രന്ഥങ്ങളില്‍ എവിടെയും പറഞ്ഞിട്ടില്ല. അദ്ദേഹം പഴങ്ങള്‍ കഴിച്ചിരുന്നതായി എഴുതിയിട്ടുണ്ട്. ഇങ്ങനെയൊരു നുണയന് രാമനെ അപമാനിക്കാന്‍ അവകാശമില്ല. നമ്മുടെ ദൈവം എല്ലായ്‌പ്പോഴും സസ്യാഹാരി ആയിരുന്നു. രാമനെ അപമാനിക്കാന്‍ ജിതേന്ദ്ര നിന്ദാവാക്കുകള്‍ ഉപയോഗിക്കുകയാണെന്നും സത്യേന്ദ്രദാസ് പറഞ്ഞു.