ബെംഗളൂരു: വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തിന് പുറത്ത് കാര്യമായ ചലനമുണ്ടാക്കിയില്ല. ബെംഗളൂരു അടക്കമുള്ള അയൽസംസ്ഥാനങ്ങളിലെ നഗരങ്ങളിൽ പണിമുടക്ക് ദിവസവും ജനജീവിതം സാധാരണനിലയിലാണ്. ഗൗരവമേറിയ വിഷയങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നതെങ്കിലും ജനങ്ങൾക്കിടയിൽ പണിമുടക്കുണ്ടെന്ന് പോലും അറിയാത്തവിധത്തിലാണ് നഗരത്തിലെ കാഴ്ചകൾ.

To advertise here,

ബെംഗളൂരുവിലെ പ്രധാന റോഡുകളിലെല്ലാം പതിവുപോലെ വ്യാഴാഴ്ചയും വാഹനത്തിരക്കുണ്ട്. ബെല്ലാരി റോഡിലും പാലസ് റോഡിലും സാധാരണ ദിവസങ്ങളെക്കാൾ കൂടുതൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബെംഗളൂരുവിലെ ഫ്രീഡം പാർക്ക് കേന്ദ്രീകരിച്ച് ട്രേഡ് യൂണിയനുകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതൊഴിച്ചാൾ നഗരത്തിൽ മറ്റിടങ്ങളിലൊന്നും പണിമുടക്കിന്റെ അലയൊലികളില്ല. ബെംഗളൂരുവിന് പുറമേ ചെന്നൈ, ഹൈദാരാബാദ് തുടങ്ങിയ നഗരങ്ങളിലും സ്ഥിതി സമാനമാണ്. കോയമ്പത്തൂരിൽ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. തൂത്തുക്കുടി അടക്കമുള്ള മേഖലകളിൽ ബാങ്കുകളടക്കം അടഞ്ഞുകിടന്നു.

അതേസമയം, പഞ്ചാബിലെ ചിലയിടങ്ങളിൽ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചതായാണ് റിപ്പോർട്ട്. പഞ്ചാബിൽ ട്രാൻസ്‌പോർട്ട് ജീവനക്കാർ പണിമുടക്കിൽ പങ്കാളികളായതിനാൽ ബസ് സർവീസുകൾ തടസപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്‌ചെയ്തു. പശ്ചിമബംഗാളിലും ദേശീയ പണിമുടക്കിനോട് സമ്മിശ്രപ്രതികരണമാണുള്ളത്. സ്വകാര്യവാഹനങ്ങളും സർക്കാർ ബസ് സർവീസുകളും കൊൽക്കത്തയിൽ സാധാരണനിലയിൽ സർവീസ് നടത്തുന്നതായാണ് റിപ്പോർട്ട്. സ്‌കൂളുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ജാദവ്പുർ, പ്രസിഡൻസി സർവകലാശാലകളിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ചുകൾ നടന്നു.