
ന്യൂഡൽഹി: കേന്ദ്ര സർക്കാർ 'തൊഴിലാളി വിരുദ്ധവും കർഷക വിരുദ്ധവും രാജ്യ വിരുദ്ധവുമായ കോർപ്പറേറ്റ് അനുകൂല നയങ്ങൾ നടപ്പിലാക്കുന്നുവെന്ന് ആരോപിച്ച് തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് നടന്നുവരികയാണ്. കേരളത്തിലും ഒഡീഷയിലുമാണ് പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചത്. തമിഴ്‌നാട്, ഗോവ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സമരത്തോട് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഒഡീഷയിൽ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് പണിമുടക്ക്. 12 മണിക്കൂർ ബന്ദായിട്ടാണ് ഒഡീഷയിലെ സമരം. കോൺഗ്രസും ഇടതു പാർട്ടികളും മറ്റു ഘടകകക്ഷികളും ചില കർഷക സംഘടനകളും ബന്ദിന് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ബിജെഡിയുടെ തൊഴിലാളി സംഘടന പണിമുടക്കിന് 'ധാർമ്മിക പിന്തുണ' മാത്രമാണ് നൽകുന്നത്.
ദേശീയ, സംസ്ഥാന പാതകൾ ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ ഉപരോധിച്ചതിനാൽ പൊതുഗതാഗതം സ്തംഭിച്ചു. കടകൾ അടച്ചിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സമരം ബാധിച്ചു. ഒഡീഷയിലെ പ്രധാന നഗരങ്ങളായ ഭുവനേശ്വർ, കട്ടക്, ബാലസോർ, ബെർഹാംപൂർ, സംബൽപൂർ എന്നിവിടങ്ങളിൽ ഹർത്താലിന്റെ പ്രതീതിയായിരുന്നു.
കേരളത്തിൽ പൊതുഗതാഗതം സ്തംഭിച്ചെങ്കിലും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. സംസ്ഥാന സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു. ഓഫീസുകൾ പലതും അടഞ്ഞു കിടന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങാതിരുന്നതിനാൽ യാത്രക്കാർ കനത്ത ദുരിതത്തിലായി. നഗര പ്രദേശങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിച്ചില്ല.
ഝാർഖണ്ഡിൽ, ബാങ്കിംഗ്, ഇൻഷുറൻസ്, കൽക്കരി മേഖലകളെ പണിമുടക്ക് ബാധിച്ചു. ഛത്തീസ്ഗഢിൽ, ജീവനക്കാർ പണിമുടക്കിയതിനാൽ നിരവധി ദേശസാൽകൃത ബാങ്കുകൾ അടഞ്ഞുകിടന്നു. ഇൻഷുറൻസ് കമ്പനികൾ, തപാൽ ഓഫീസുകളുടെ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. സംസ്ഥാനത്തെ ഖനന പ്രവർത്തനങ്ങൾക്കും ഭാഗികമായി തിരിച്ചടിയേറ്റു.
എന്നാൽ, സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു, വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു.
തമിഴ്‌നാട്ടിലെ തുറമുഖ പ്രവർത്തനങ്ങളുടെ പ്രവർത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. തൂത്തുക്കുടി, ചെന്നൈ എന്നിവിടങ്ങളിലെ തുറമുഖ പ്രവർത്തനങ്ങൾക്ക് തടസ്സംനേരിട്ടു. ശ്രീപെരുമ്പത്തൂർ വ്യാവസായിക കേന്ദ്രത്തിൽ പ്രവർത്തനങ്ങൾ നടന്നു. അതേസമയം നിർമാണ യൂണിറ്റുകളിൽ നിന്നുള്ള തൊഴിലാളികൾ ഹർത്താലിന് പിന്തുണയർപ്പിച്ച് യോഗങ്ങളും പ്രകടനങ്ങളും നടത്തി.
ഗോവയിൽ പണിമുടക്കിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ബാങ്കിംഗ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടെങ്കിലും അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടർന്നു. ദേശസാൽകൃത ബാങ്കുകളും പല ഇൻഷുറൻസ് കമ്പനികളുടെയും ഓഫീസുകൾ സംസ്ഥാനത്ത് അടഞ്ഞുകിടന്നു.
മധ്യപ്രദേശിലെ പ്രതിരോധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന 25,000-ൽ അധികം ജീവനക്കാർ പണിമുടക്കിന് പിന്തുണയർപ്പിച്ച് വ്യാഴാഴ്ച ഒരു മണിക്കൂർ വൈകിയാണ് ജോലിക്ക് എത്തിയത്. സംസ്ഥാനത്ത് വിപണികൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവ തുറന്നുപ്രവർത്തിച്ചു.
പശ്ചിമ ബംഗാളിൽ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. വാഹനങ്ങൾ പതിവുപോലെ ഓടി. സംസ്ഥാന, സ്വകാര്യ ഓഫീസുകളിൽ സാധാരണത്തെപ്പോലെയാണ് ഹാജർ രേഖപ്പെടുത്തിയത്. ത്രിപുരയിലും പണിമുടക്കിനോട് അനുകൂല പ്രതികരണങ്ങൾ ഉണ്ടായില്ല. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവ തുറന്നുപ്രവർത്തിച്ചു, റോഡ് ഗതാഗതവും ട്രെയിൻ സർവീസുകളും സംസ്ഥാനത്ത് പതിവുപോലെ നടത്തി. ഗുജറാത്തിലും സമാനമായിരുന്നു.സംസ്ഥാനത്ത് മിക്ക സേവനങ്ങളും വാണിജ്യ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിച്ചു.
Content Highlights: Nationwide 24-hr strike by unions against govt. Kerala & Odisha severely hit. See how states responded to the protest and disruptions. Click for details!
Published: 12 Feb 2026, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented