ന്യൂഡൽഹി: രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിലും ഒടുക്കത്തിലും ‘വന്ദേമാതര’വും ‘ജനഗണമന’യും മുഴുവനായി ആലപിക്കണമെന്ന് നിഷ്‌കർഷിച്ച് ആഭ്യന്തരമന്ത്രാലയം. ഇതുൾപ്പെടെ ദേശീയഗീതത്തിന്റെയും ദേശീയഗാനത്തിന്റെയും ആലാപന പ്രോട്ടക്കോൾ പരിഷ്‌കരിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും നീളുന്ന മുഴുവൻ ഖണ്ഡങ്ങളും ആദ്യം ആലപിക്കണം. പിന്നാലെ 52 സെക്കൻഡ് നീളുന്ന ദേശീയഗാനമായ ‘ജനഗണമന’യും. ആകാശവാണിയിലൂടെ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും പരേഡിനായി ദേശീയപതാക കൊണ്ടുവരുമ്പോഴും ദേശീയഗീതവും ദേശീയഗാനവും തുടക്കത്തിലും ഒടുക്കത്തിലും ആലപിക്കണം.
തമിഴ്‌നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ദേശീയഗീതമോ ദേശീയഗാനമോ ആലപിക്കുന്ന ചടങ്ങുകളിൽ സംസ്ഥാനഗീതവും ആലപിക്കുന്ന പതിവുണ്ടെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നെങ്കിലും അതെപ്പോൾ വേണമെന്നതിൽ വ്യക്തതയില്ല. എന്നാൽ, സംസ്ഥാനഗീതത്തോടൊപ്പം ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കേണ്ടിവരുമ്പോൾ ആദ്യം ദേശീയഗീതവും പിന്നാലെ ദേശീയഗാനവും ആലപിക്കണമെന്ന് പറയുന്നുണ്ട്. സംസ്ഥാനഗീതമാണ് ആദ്യമെന്നും അതിനുശേഷമാണ് ദേശീയഗീതവും ദേശീയഗാനവും ആലപിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദേശീയഗീതവും ദേശീയഗാനവും ആലപിക്കുമ്പോൾ ഉച്ചാരണം, ഭാഷാശുദ്ധി, വരികൾ എന്നിവ കൃത്യമായിരിക്കണം. ആലപിക്കുമ്പോൾ സദസ്സ് അറ്റൻഷനായി നിൽക്കണം. ഇവ ഏതെങ്കിലും ന്യൂസ് റീൽ, ഡോക്യുമെന്ററി, സിനിമ എന്നിവയുടെ ഭാഗമായിവന്നാൽ എഴുന്നേൽക്കേണ്ടതില്ല. വിദേശ അതിഥികളെ ആദരിക്കുമ്പോഴും രാജ്യത്തിന്റെ അഭിവാദ്യം നേരുമ്പോഴും ആദ്യം അതത് വിദേശരാജ്യത്തിന്റെ ദേശീയഗാനവും രണ്ടാമത് ഇന്ത്യയുടെ ദേശീയഗാനവും ആലപിക്കണം. വിദേശ നയതന്ത്ര, കോൺസുലർ പ്രതിനിധികൾ സംഘടിപ്പിക്കുന്ന ചടങ്ങുകളിലും ഇത് ബാധകമാണ്.
ദേശീയഗീതം
* സിവിൽ ബഹുമതിദാന, സ്ഥാനാരോഹണ ചടങ്ങുകളിൽ * ഏതെങ്കിലും ചടങ്ങിൽ ആലപിക്കാനായി കേന്ദ്രസർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചാൽ
ദേശീയഗാനം
: * സിവിൽ, സൈനിക ഔദ്യോഗികച്ചടങ്ങുകളിൽ
* രാഷ്ട്രപതിയോ ഗവർണർമാരോ പങ്കെടുക്കുന്ന സെറിമോണിയൽ ചടങ്ങുകളിൽ അഭിവാദ്യം സ്വീകരിക്കുമ്പോൾ
* പരേഡുകളിൽ
* സൈനിക റജിമെന്റിൽ പതാകകൾ കൈമാറുമ്പോൾ
* നാവിക പതാക ഉയർത്തുന്ന ചടങ്ങിൽ - ഔദ്യോഗിക വിരുന്നുകളിൽ (ജനഗണമനയുടെ 20 സെക്കൻഡ് നീളുന്ന ഹ്രസ്വരൂപം)
Content Highlights: Mandatory full rendition of Vande Mataram and Jana Gana Mana at presidential and gubernatorial events., Specific sequence: Vande Mataram first, followed by Jana Gana Mana., New clarity on state anthem integration and foreign diplomatic event procedures., Strict requirements for posture, pronunciation, and lyrical accuracy., Exemptions defined for films, documentaries, and news reels.
Published: 12 Jul 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented