
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ സന്ദേശങ്ങൾ വരാറുണ്ടെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം രാഹുൽ വെളിപ്പെടുത്തിയത്.
'മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന വിവരം ഉണ്ട്, ഇക്കാര്യത്തിൽ എന്താണ് പ്രതികരണം' എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. 'സന്ദേശങ്ങൾ വരുന്നുണ്ട്. ഈ വാർത്താ സമ്മേളനം അവർ കാണുന്നുണ്ടാകും. എനിക്ക് പറയാനുള്ളത്; മാപ്പു സാക്ഷിയാകൂ... നിങ്ങൾ ഒരു കുറ്റം ചെയ്തു. എന്നാൽ, ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളി നിങ്ങളല്ല. നിങ്ങളൊരു തെറ്റുചെയ്തു. ഞങ്ങളുടെ ലക്ഷ്യം എന്ന് പറയുന്നത്, ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. കാര്യം വളരെ കൃത്യമാണ്, രാജിവെക്കുക, പുറത്തു പോകുക. ഒരു പ്രശ്നവുമില്ല. നിങ്ങളോട് ക്ഷമിക്കുന്നതിനെക്കുറിച്ച് പോലും ഞങ്ങൾ ആലോചിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അജിത് ഡോവലും നിങ്ങളെക്കൊണ്ട് നിർബന്ധിപ്പിച്ച് ചെയ്യിച്ചതാണെന്ന് ഞങ്ങൾക്ക് അറിയാം. എത്രത്തോളം സമ്മർദ്ദം നിങ്ങൾക്കുണ്ട് എന്ന കാര്യവും ഞങ്ങൾക്കറിയാം. ഞങ്ങൾ ക്ഷമിക്കുന്നവരാണ്. ഞങ്ങൾ അത്ര ക്രൂരന്മാർ അല്ല. പക്ഷേ, ഭരണഘടനയെ ഞങ്ങൾ സംരക്ഷിക്കും', രാഹുൽ ഗാന്ധി പറഞ്ഞു.
ഗ്യാനേഷ് കുമാർ തന്നെ ബന്ധപ്പെട്ടുവെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, മോദി സർക്കാരിലെ നിരവധി ഉദ്യോഗസ്ഥർ താനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രാഹുൽ വെളിപ്പെടുത്തി. പ്രതിപക്ഷത്തിന് ഭരണപക്ഷത്തിന്റെ കൈയിൽനിന്നുതന്നെ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇരുന്നൂറോളംവരുന്ന സർക്കാർ ഉദ്യോഗസ്ഥർ പ്രതിപക്ഷവുമായി ബന്ധപ്പെടുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, വിദേശകാര്യമന്ത്രാലയത്തിലെ അടക്കം ഉദ്യോഗസ്ഥർ ഇതിൽപെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
'മോദി ജി, നിങ്ങളോട് പറയാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ; നിങ്ങളുടെ സർക്കാരിലെ ഇരുന്നൂറോളം ഉദ്യോഗസ്ഥർ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഞങ്ങൾക്ക് വിവരങ്ങൾ തരുന്നുണ്ട്. ഇ.ഡി., സി.ബി.ഐ., വിദേശകാര്യമന്ത്രാലയം തുടങ്ങി എല്ലായിടത്തുനിന്നും വിവരങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യൂ. സത്യം ഞങ്ങളുടെ ഭാഗത്താണ്', രാഹുൽ പറഞ്ഞു.
Content Highlights: Rahul Gandhi reveals Chief Election Commissioner Gyanesh Kumar tried to contact him., Claims around 200 government officials from ED, CBI, and MEA are sharing information with the opposition., Advises officials to step down and promises leniency while blaming top leadership including PM Modi.
Published: 12 Oct 2026, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented