കൊല്‍ക്കത്ത: സന്ദേശ്ഖാലി കേസിനെ ആയുധമാക്കി തൃണമൂല്‍ കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദേശ്ഖാലിയിലെ നിരവധി സ്ത്രീകള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് തൃണമൂല്‍ നേതാവ് ശൈഖ് ഷാജഹാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു മോദിയുടെ വിമര്‍ശനം. ജനുവരി അഞ്ചുമുതല്‍ ചര്‍ച്ചാവിഷയമായ സന്ദേശ്ഖാലിയിലെ അതിക്രമങ്ങളില്‍ ആദ്യമായാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. 

To advertise here,

'സന്ദേശ്ഖാലിയിലെ സഹോദരിമാരോട് തൃണമൂല്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് ഈ രാജ്യം കണ്ടതാണ്. ഈ രാജ്യം മുഴുവന്‍ ദേഷ്യത്തിലാണ്. സന്ദേശ്ഖാലിയില്‍ നടന്നതോര്‍ത്ത്‌, ബംഗാളിലെ സ്ത്രീകളുടെ അവസ്ഥയോര്‍ത്ത് രാജാ റാം മോഹന്‍ റായുടെ ആത്മാവ് വേദനിക്കുന്നുണ്ടാകും. ടി.എം.സി നേതാവിനെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. ബി.ജെ.പി, സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയതിന് ശേഷമാണ് വ്യാഴാഴ്ച അയാളെ പോലീസ് അറസ്റ്റ് ചെയ്തത്', മോദി പറഞ്ഞു. 

ആരോപണവിധേയനായ നേതാവിനെ തൃണമൂല്‍ സംരക്ഷിക്കുകയായിരുന്നുവെന്നും മമതയ്ക്ക് നാണമില്ലേയെന്നും പ്രധാനമന്ത്രി ചോദിച്ചു.  'സന്ദേശ്ഖാലിയിലെ അമ്മമാരും സഹോദരിമാരും ഉച്ചത്തില്‍ പ്രതിഷേധിച്ചപ്പോള്‍, മമതയുടെ അടുത്ത് സഹായം തേടിയപ്പോള്‍ അവര്‍ക്ക് എന്താണ് തിരിച്ചുകിട്ടിയത്? മമതയും അവരുടെ സര്‍ക്കാറും തൃണമൂല്‍ നേതാവിനെ രക്ഷിക്കാനായി എല്ലാം ചെയ്തു. ഇന്ന് പശ്ചിമബംഗാളിലെ ജനങ്ങള്‍ മമതയോട് ചോദിക്കുന്നത് ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ മാത്രം എങ്ങനെയാണ് പ്രിയപ്പെട്ടതും പ്രതിഷേധിക്കുന്ന സ്ത്രീകളുടേത് ഒന്നുമല്ലാതാകുന്നതും എന്നാണ്. നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണക്കേട് തോന്നുന്നില്ലേ?', അദ്ദേഹം കുറ്റപ്പെടുത്തി. 

ഗാന്ധിയുടെ മൂന്ന് കുരങ്ങന്‍മാരെ പോലെ ഇന്ത്യാ മുന്നണിയിലെ നേതാക്കള് കണ്ണും ചെവിയും വായും പൂട്ടിയിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.'ഇന്ത്യാസംഖ്യം പട്‌നയിലും ബെംഗളുരുവിലും മുംബൈയിലുമെല്ലാം യോഗങ്ങള്‍ ചേരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനോ ഇടതിനോ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ചോദ്യം ചെയ്യാനുള്ള ധൈര്യമില്ല. അവര്‍ സന്ദേശ്ഖാലിയിലേക്ക് അവരുടെ മുഖം ഒന്ന് തിരിക്കുക പോലും ചെയ്യുന്നില്ല', അദ്ദേഹം പറഞ്ഞു.