ന്യൂഡൽഹി: കഴിഞ്ഞദിവസം താൻ പ്രയോഗിച്ച ‘ദിമാഗി നക്സൽ’ എന്ന വാക്ക് ഒരു ഹോമിയോപ്പതി ഗുളിക പോലെയാണ് പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോമിയോപ്പതി ചികിത്സ ആരംഭിക്കുമ്പോൾ രോഗം ആദ്യം കൂടുതൽ വഷളാകുന്നത് പോലെ, ഈ പ്രയോഗത്തിന് പിന്നാലെ വിമർശകരുടെ യഥാർത്ഥ ഭാവം ഓരോന്നായി പുറത്തുവരികയാണെന്ന് മോദി പറഞ്ഞു.
ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (എസ്ആർസിസി) ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. മുൻ സർക്കാരുകളുടെ പ്രതിസന്ധി ഘട്ടങ്ങളിലെ പരാജയങ്ങളെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിനായി വരുംതലമുറ ശക്തമായ ഒരു കാഴ്ചപ്പാട് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും പറഞ്ഞു.
2013-ലെ കേദാർനാഥ് ദുരന്ത സമയത്ത് എന്തുചെയ്യണമെന്നറിയാതെ അന്നത്തെ സർക്കാർ പൂർണമായും പതറിപ്പോയിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥ തകർച്ചയുടെ വക്കിലെത്തിയിട്ടും അതിനെ നേരിടാനുള്ള ധൈര്യം കാണിക്കാതെ പ്രതിസന്ധിയുടെ പിന്നിൽ ഒളിക്കാനാണ് അന്നത്തെ ഭരണാധികാരികൾ ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
കോവിഡ്-19 മഹാമാരി ലോകത്തെ മുഴുവൻ നിശ്ചലമാക്കിയപ്പോഴും റഷ്യ-യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴും വിതരണ ശൃംഖലകൾ ആയുധമാക്കപ്പെട്ടപ്പോഴും പശ്ചിമേഷ്യൻ പ്രതിസന്ധി ഉടലെടുത്തപ്പോഴും ഇന്ത്യ അതിജീവിക്കില്ലെന്ന് പലരും കരുതിയിരുന്നു. മോദി ഇതോടെ കുടുങ്ങുമെന്നും തകരുമെന്നും വിചാരിച്ച് എതിരാളികൾ സന്തോഷിച്ചിരുന്നുവെങ്കിലും, രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹത്തിന്റെ ശക്തി കാരണം ഇന്ത്യ പരാജയപ്പെടണമെന്ന് ആഗ്രഹിച്ചവരുടെ മോഹങ്ങളെല്ലാം വെറുതെയായെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, അധ്യാപക ദിനത്തിൽ രാജ്യത്തെ മുൻനിര കോളേജുകളിലൊന്നായ എസ്.ആർ.സി.സിയിൽ എത്തി ചോദ്യങ്ങൾ ചോദിക്കുന്ന യുവതലമുറയെ "ദിമാഗി നക്സലുകൾ" എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഒരു പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലജ്ജാകരമായ കാര്യങ്ങളിൽ ഒന്നാണ് ഇതെന്നും യുവതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നതിന് പകരം ഇത്തരം വിഡ്ഢിത്തം നിറഞ്ഞ ലേബലുകൾ ചാർത്തി നൽകുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും സി.ജെ.പി കോ-കൺവീനർ സൗരവ് ദാസ് എക്സിൽ കുറിച്ചു. അധികാരികളോട് ചോദ്യങ്ങൾ ചോദിക്കുന്ന യുവാക്കളെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിൽ, വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ചർച്ചചെയ്യേണ്ട ഒരു വേദിയിൽ പ്രധാനമന്ത്രി ഇത്തരം അനാവശ്യ കാര്യങ്ങളാണ് സംസാരിച്ചതെന്ന് സി.ജെ.പി കോ-കൺവീനർ അശുതോഷ് രങ്കയും വിമർശിച്ചു. കോളേജ് അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ-ശിശുസംരക്ഷണ അവധികൾ നിഷേധിക്കപ്പെട്ടതിനെതിരെ എസ്.ആർ.സി.സിയിലെ അധ്യാപകർ നടത്തുന്ന പ്രതിഷേധങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ മോദി തയ്യാറായില്ലെ. "എൻ്റയർ പൊളിറ്റിക്കൽ ഹിസ്റ്ററി"യിൽ ബിരുദമുള്ള ഒരാളിൽനിന്ന് ഇങ്ങനെയൊക്കെയേ പ്രതീക്ഷിക്കാനാകൂ എന്നും അശുതോഷ് പരിഹസിച്ചു.
ഓഗസ്റ്റ് 15-ന് 80-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ‘ദിമാഗി നക്‌സലുകൾ’ എന്ന പദം ഉപയോഗിച്ചത്. സിസ്റ്റത്തിൽ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നവരും നയങ്ങളിൽ കൃത്രിമംകാണിച്ച് സമൂഹത്തിന് തുടർച്ചയായി ഭീഷണി ഉയർത്തുന്നവരുമായ 'ദിമാഗി നക്‌സലുകളെക്കുറിച്ച്’ മുന്നറിയിപ്പ് നൽകിയ മോദി, പൗരന്മാർ അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlights: PM Modi defended his 'dimagi Naxal' remark, comparing it to a homeopathic pill. He addressed the centenary celebrations of Shri Ram College of Commerce (SRCC) in Delhi. Highlighted past government failures including the 2013 Kedarnath disaster and 2008 financial crisis. Emphasized India's resilience through global crises like COVID-19 and geopolitical conflicts.
Published: 06 Sept 2026, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented