
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിൽ കൊമ്പുകോർക്കുന്നത് പുതുമയുള്ള കാഴ്ചയല്ല. വിജയ്‌യുടെ ഭരണപരിഷ്‌കാരങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും സംബന്ധിച്ചുള്ള ഉദയനിധിയുടെ പരിഹാസങ്ങൾക്ക് അദ്ദേഹത്തിന്റെ പിതാവും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരോക്ഷമായി പരാമർശിച്ചാണ് വിജയ് മറുപടികൾ നൽകാറ്. ഇതിൽ പ്രധാനമാണ് വിജയ് പ്രതിപക്ഷത്തെ പരിഹസിച്ച് ചോദിക്കാറുള്ള 'അച്ഛൻ എവിടെ?' എന്ന ചോദ്യം.
മുൻ സർക്കാർ വരുത്തിവെച്ചതിന്റെ ഫലമാണ് ഇതൊക്കെ എന്ന തരത്തിലാണ് വിജയ് ഈ പരിഹാസച്ചോദ്യം ചോദിക്കാറുള്ളത്. ഈ പരിഹാസത്തിന് മറുപടിയെന്നോണം തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെ നടത്തിയ പരാമർശമാണ് ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊടുത്തിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്‌യുടെ അമ്മയെക്കുറിച്ച് വ്യക്തിപരമായ പരാമർശം നടത്തിക്കൊണ്ടായിരുന്നു നൈനാർ നാഗേന്ദ്രന്റെ പരാമർശം. 'നിയമസഭയിൽ കിടന്ന് 'അച്ഛൻ എവിടെ? അച്ഛൻ എവിടെ?' എന്ന് നിങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നാൽ എങ്ങനെ അറിയാനാണ്? നിങ്ങൾ വീട്ടിൽ പോയി നിങ്ങളുടെ അമ്മയോട് ചോദിക്കണം; അപ്പോൾ മാത്രമേ അച്ഛൻ എവിടെയാണെന്ന് അവർ നിങ്ങളോട് പറയൂ. നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇതിനെതിരെ കടുത്ത വിമർശനവുമായി ടിവികെ, കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ഈ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ, രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോൾ കുടുംബാംഗങ്ങളെയും സ്ത്രീകളെയും വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു.
'നാഗേന്ദ്രന്റെ പ്രസംഗം സഭ്യമല്ലാത്തതും, അപകീർത്തികരവും, ഒരു നേതാവിന്റെ പദവിക്ക് ചേരാത്തതുമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.' ടിവികെ മന്ത്രി രാജ് മോഹൻ പറഞ്ഞു. വിജയ്‌യുടെ അമ്മയെക്കുറിച്ച് പരാമർശം നടത്തിയതിലൂടെ നാഗേന്ദ്രൻ 'രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു' എന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയും വിമർശിച്ചു.
'ഇത്തരം പ്രസംഗങ്ങളാണ് തമിഴ്നാടിന്റെ രാഷ്ട്രീയ രംഗത്തെ മലിനമാക്കുന്നത്. അങ്ങേയറ്റം അപലപനീയമാണ് ഇത്. മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് പരാമർശം നടത്തിയതിലൂടെ നാഗേന്ദ്രൻ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു.' ശനിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിൽ അണ്ണാമലൈ വ്യക്തമാക്കി.
'രാഷ്ട്രീയപരമായ വിയോജിപ്പുകളും സർക്കാർ നയങ്ങളോടുള്ള വിമർശനങ്ങളും സ്വാഭാവികമാണ്. എന്നാൽ ഒരാളുടെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് അവരുടെ അമ്മയെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.' അണ്ണാമലൈ കൂട്ടിച്ചേർത്തു. ഇത്തരം പ്രസ്താവനകളെ 'നിലവാരമില്ലാത്ത' രാഷ്ട്രീയം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തമിഴ്നാട്ടിലെ യുവതലമുറയെയും കുട്ടികളെയും ഇത്തരം 'മൂന്നാംകിട രാഷ്ട്രീയം' പഠിപ്പിക്കരുതെന്നും താക്കീത് നൽകി.
2025 ഏപ്രിൽ മുതൽ തമിഴ്നാട് ബിജെപി അധ്യക്ഷനായ നാഗേന്ദ്രൻ ടിവികെ സർക്കാരിനും അതിന്റെ നേതാക്കൾക്കുമെതിരെ നിരന്തരം കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന വ്യക്തിയാണ്. വിജയ് നയിക്കുന്ന സർക്കാർ രൂപീകരിച്ചതു മുതൽ ബിജെപിയും ടിവികെയും പല വിഷയങ്ങളിലും പരസ്യമായി ഏറ്റുമുട്ടിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ നൈനാർ നാഗേന്ദ്രൻ എക്സിലെ ഒരു പോസ്റ്റിലൂടെ രാജ് മോഹനെയും ടിവികെ സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. ടിവികെ സർക്കാർ 'അക്രമ രാഷ്ട്രീയം' ആണ് പിന്തുടരുന്നതെന്ന് ആരോപിച്ച അദ്ദേഹം ഈ സർക്കാരിനെ 'ഹിന്ദു വിരുദ്ധം' എന്നും വിളിച്ചിരുന്നു.
Content Highlights: TN BJP president Nainar Nagendran made a controversial remark about TVK leader Vijay's mother during a speech. The comment was a response to the 'Where is Father?' jibe frequently used in political exchanges. Former TN BJP president K Annamalai and TVK minister Raj Mohan strongly condemned the remarks, calling them crossing political decency.
Published: 15 Aug 2026, 07:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented