തൃശ്ശൂർ: നിലമ്പൂർ സ്വദേശിനിയെ തൃശ്ശൂരിലെ ലോഡ്ജിൽനിന്ന് തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിൽ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ സ്ത്രീയടക്കം അഞ്ചു തമിഴ്നാട്ടുകാരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ അന്വേഷിച്ചുവരുന്നു. തിരുപ്പൂർ ചാമുണ്ടിപുരത്തെ ദേവി (27), നീലഗിരി കൂനൂരിലെ തോമസ് പ്രിയദർശനൻ ദേവ (27), ഡിണ്ടിഗലിലെ രഘുപതി രാജ (20), കരൂർ വീരാനപ്പെട്ടിയിലെ ശങ്കർ (20), കടവൂരിലെ പൽരാജ് (31) എന്നിവരാണ് അറസ്റ്റിലായത്.

To advertise here,

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ വിയ്യൂർ ജില്ലാ ജയിലിൽ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ദേവിയുടെ ഭർത്താവും നിലമ്പൂർ സ്വദേശിനിയും അടുപ്പത്തിലായിരുന്നു. ഇരുവരും സെപ്റ്റംബർ 22-ന് തൃശ്ശൂരിലെ ലോഡ്ജിൽ മുറിയെടുത്തു. ദേവി ഈ വിവരമറിഞ്ഞ് തോമസിനെയും മറ്റുള്ളവരെയും കൂട്ടുപിടിച്ച് രണ്ടുകാറുകളിലായി വന്ന് ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

പോലീസാണെന്ന വ്യാജേനയാണ് ലോഡ്ജിലെത്തിയത്. മുറിയിലിട്ട് ഇരുവരെയും മർദിച്ച സംഘം കാറിൽ കയറ്റി തിരുപ്പൂരിലെ ആളില്ലാത്ത വീട്ടിൽ കൊണ്ടുപോയി വീണ്ടും മർദിച്ചു. തുടർന്ന് യുവാവിനെയും യുവതിയെയും വെവ്വേറെ കാറുകളിലാക്കി. യുവതിയെ ഒഴിഞ്ഞ പറമ്പിൽ ഇറക്കി തോമസും രഘുപതിയും ചേർന്ന് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു.

മർദനമേറ്റ് അവശനായ യുവാവിനെ തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പച്ചതിനുപിന്നാലെ യുവതിയെയും എത്തിച്ചു. അവിടന്ന് കടന്ന യുവതി തീവണ്ടിയിൽ നിലമ്പൂരെത്തി. തുടർന്ന് ആശുപത്രിയിലാകുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തോമസിനെ നെടുമ്പാശ്ശേരിയിൽനിന്നും മറ്റുള്ളവരെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്നും പിടികൂടി. ഒരു കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോഡ്ജിൽ നടന്നത് 'പോലീസ് ആക്ഷൻ'

തൃശ്ശൂർ: യുവാവിനൊപ്പം യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസിൽ അറസ്റ്റിലായ സംഘം തൃശ്ശൂരിലെ ലോഡ്ജിൽ ചെയ്തത് പോലീസിനെപ്പോലുള്ള നടപടികൾ. തമിഴ്നാട്ടിലെ പോലീസ് എന്നു വിശ്വസിപ്പിച്ചാണ് അതിക്രമങ്ങൾ ചെയ്തത്. സെപ്റ്റംബർ 22-ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തട്ടിക്കൊണ്ടുപോകൽ.

അന്ന് രാവിലെ ഏഴരയോടെയാണു യുവാവും യുവതിയും ലോഡ്ജിൽ മുറിയെടുത്തത്. തമിഴ്നാട്ടിൽ ടാക്‌സി ഓടിച്ചിരുന്ന യുവാവ് കേരളത്തിൽ വരുമായിരുന്നു. അങ്ങനെയാണ് നിലമ്പൂരിലെ യുവതിയുമായി പരിചയത്തിലായത്. ലോഡ്ജിൽ അഡ്വാൻസായി 800 രൂപ കൊടുക്കാൻ യുവാവ് തമിഴ്നാട്ടിലെ സുഹൃത്തിനെ വിളിച്ചു.

ലോഡ്ജിലെ ക്യുആർ കോഡ് അയച്ചുകൊടുത്ത് പണമയയ്ക്കാനാവശ്യപ്പെട്ടു. സുഹൃത്ത് അയച്ചപ്പോൾ അതിൽ ലോഡ്ജിന്റെ പേര് തെളിഞ്ഞു. യുവാവിനെ അന്വേഷിച്ചു നടക്കുകയായിരുന്ന ഭാര്യ ദേവിക്ക് ഈ വിവരം കിട്ടി. അവർ തോമസിനെയും മറ്റു അഞ്ചുപേരെയും സംഘടിപ്പിച്ച് ഉച്ചയ്ക്ക് രണ്ടരയോടെ ലോഡ്ജിലെത്തി.

ഉച്ചമയക്കത്തിലായിരുന്ന മാനേജരെ മറ്റൊരു ജീവനക്കാരനെക്കൊണ്ട് വിളിച്ചുണർത്തി. മുന്നിൽ നിന്നയാൾ കഴുത്തിൽ തൂക്കിയിരുന്ന തിരിച്ചറിയൽ കാർഡ് കാണിച്ച് ചെന്നൈ പോലീസിൽനിന്നാണ് വരുന്നതെന്നും യുവാവും യുവതിയും തമിഴ്നാട്ടിൽനിന്ന് 66 ഗ്രാം സ്വർണവുമായി മുങ്ങിയവരാണെന്നും പറഞ്ഞു.

യുവാവ് വിവാഹത്തട്ടിപ്പുകാരനാണെന്നും ഏഴാമത് വിവാഹം കഴിച്ച യുവതിയാണ് ഒപ്പമുള്ളതെന്നും പറഞ്ഞതോടെ ഭയന്നുപോയ മാനേജർ മുറി ചൂണ്ടിക്കാട്ടിക്കൊടുത്തു. മുറിയിലേക്ക് ഇരച്ചുകയറിയ സംഘം ഇരുവരെയും മർദിച്ച് അവശരാക്കി.

ഇരുവരുടെയും മുഖം തുണികൊണ്ട് മറച്ച് പ്രതികളെ കൊണ്ടുപോകുന്നതുപോലെ കാറിൽ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോയി. അവിടെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മർദിച്ചു. 23-നു പുലർച്ചെ യുവതിയെ കാറിൽ തിരുപ്പൂർ ബസ് സ്റ്റാൻഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി തോമസും രഘുപതിയും ചേർന്ന് പീഡിപ്പിച്ചു.

രംഗങ്ങൾ വിഡിയോയിൽ പകർത്തുകയും പുറത്തുപറഞ്ഞാൽ കഞ്ചാവുകേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അവശനിലയിലായ യുവാവിനെ തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നാലെ യുവതിയെയും കൊണ്ടുവന്നു.

സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ഫോൺ വാങ്ങി യുവതി നിലമ്പൂരിലെ ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ഇനി അവിടെനിന്നാൽ അവർ കൊന്നുകളയുമെന്നും എത്രയും വേഗം രക്ഷപ്പെടണമെന്നും ബന്ധു നിർദേശിച്ചു. തുടർന്ന് ആശുപത്രിയിൽനിന്നു മുങ്ങിയ യുവതി ഓട്ടോയിൽ തിരുപ്പൂർ റെയിൽവേ സ്റ്റേഷനിലെത്തി.

ഓട്ടോഡ്രൈവറുടെ ഫോണിൽനിന്ന് ബന്ധുവിനെ വിളിച്ചു. ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 500 രൂപ അയപ്പിച്ചു. ആ പണം വാങ്ങി തീവണ്ടി കയറി നിലമ്പൂരിലെത്തി ആശുപത്രിയിലാകുകയായിരുന്നു.

അസി. പോലീസ് കമ്മിഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ ആദർശ്, അസി. സബ് ഇൻസ്പെക്ടർമാരായ ദുർഗാലക്ഷ്മി, ഷെല്ലർ, സ്മിത, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനോജ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, മനീഷ്, അജേഷ്, അരുൺ എന്നിവരുണ്ടായിരുന്നു.