ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. വൈസ് ചാന്‍സലറുടെ മനോഭാവം ശരിയല്ല, ഇത്തരത്തിലുള്ള ഒരു വൈസ് ചാന്‍സലര്‍ ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ട്വിറ്ററിലൂടെ മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി. ജെഎന്‍യു വിഷയത്തില്‍ പരസ്യമായി നിലപാടെടുക്കുന്ന ആദ്യ മുതിര്‍ന്ന ബിജെപി നേതാവാണ് മുരളി മനോഹര്‍ ജോഷി. 

To advertise here,

വിസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിന് തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് പ്രതികരണവുമായെത്തിയത്. ജെഎന്‍യു വിദ്യാര്‍ഥികള്‍ മാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്.

ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ന്യയമായ പരിഹാരം കണ്ടെത്താന്‍ മാനവ വിഭവ ശേഷി മന്ത്രാലയം രണ്ട് തവണ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥികളോടും അധ്യാപകരോടും വിഷയത്തില്‍ സംസാരിക്കാനും നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാത്ത വൈസ് ചാന്‍സലറുടെ കടുംപിടിത്തും ഞെട്ടിക്കുന്നതാണ്. വിസിയുടെ ഈ മനോഭാവം ശരിയല്ല. എന്റെ അഭിപ്രായത്തില്‍ ഇത്തരത്തിലൊരു വിസിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി. 

അതേസമയം വിസി രാജിവെച്ച ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുവെന്ന നിലപാട് തുടരുകയാണ് വിദ്യാര്‍ഥികള്‍.

Content Highlights; Murli Manohar Joshi Calls For JNU V-C's Removal over Fee Hike Issue