മുംബൈ: കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസില്‍ നിന്നും തിരിച്ചുകൊണ്ടുവരാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി മുംബൈ പോലീസ്. നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിന്റെ പ്രധാന സൂത്രധാരനാണ് അന്‍മോല്‍. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് അന്‍മോലിനെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികളുമായി പ്രത്യേക കോടതിയെ സമീപിച്ചത്. 

To advertise here,

ലോറന്‍സ് ബിഷ്‌ണോയ് അറസ്റ്റിലായ സാഹചര്യത്തില്‍ ഇവരുടെ അധോലോക സംഘത്തിന്റെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അന്‍മോല്‍ ബിഷ്‌ണോയ് ആണെന്നാണ് വിവരം. ബാബ സിദ്ദിഖിയുടെ കൊലപാതകം അടക്കം ഈ സമയങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ എല്ലാം സൂത്രധാരന്‍ അന്‍മോലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ കേസുകളുമായി ബന്ധപ്പെട്ട വിചാരണയ്ക്കായാണ് യു.എസില്‍ നിന്നും അന്‍മോലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. 

മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് അന്‍മോലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഔദ്യോഗിക രേഖകളെല്ലാം ഉടന്‍ ശരിയാക്കി കിട്ടിയ ഉടന്‍ കൈമാറ്റം സംബന്ധിച്ച് യു.എസ്. സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നും പോലീസ് ഔദ്യോഗിക വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതുകൂടാതെ 'റെഡ് കോര്‍ണര്‍ നോട്ടീസും' അന്‍മോലിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്. 

അന്‍മോല്‍ കാനഡയിലാണ് എന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്ന വിവരം. എന്നാല്‍ ഇയാള്‍ യു.എസില്‍ ഉണ്ടെന്ന് ഏറ്റവും പുതിയ വിവരം ലഭിച്ചതോടെയാണ് പോലീസ് ഇയാളെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇന്ത്യയുടെ ഭീകരവാദ-പ്രതിരോധ ഏജന്‍സിയും കേന്ദ്ര അന്വേഷണ ഏജന്‍സിയും കഴിഞ്ഞ മാസം അന്‍മോലിനെ 'മോസ്റ്റ്-വാണ്ടഡ്' ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്രമങ്ങള്‍ക്കായി പാകിസ്താനില്‍നിന്നും അനധികൃതമായി ആയുധനങ്ങള്‍ കടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതും അന്‍മോല്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.