മുംബൈ: മഹാരാഷ്ട്രയിൽ ട്രാൻസ്ജെൻഡർ ആണെന്ന് നടിച്ച് വീടിനുള്ളിൽ കടന്ന് യുവതിയെ പീഡിപ്പിച്ച കേസിൽ 28-കാരൻ അറസ്റ്റിൽ. മുംബൈയിലെ പൊവായിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ശേഷ്റാവു ഷിൻഡെ എന്ന യുവാവിനെയാണ് പോലീസ് മണിക്കൂറുകൾക്കകം പൊക്കിയത്.

To advertise here,

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; യുവതിയെ താൻ ട്രാൻജെൻഡർ വ്യക്തിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ദൃഷ്ടിദോഷം മാറ്റാനെന്ന വ്യാജേനയാണ് പ്രതി വീടിനുള്ളിൽ കടന്നത്. വീട്ടിൽ പ്രവേശിച്ച ഇയാൾ നേരെ കിടപ്പുമുറിയിലേക്കാണ് പോയത്.

അവിടെവെച്ച് അതിജീവിതയെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് ലൈംഗിക അതിക്രമം നടത്തുകയും ചെയ്തതായി പോലീസ് പറയുന്നു. സംഭവത്തിൽ പരാതിയെ തുടർന്ന് പൊവായ് പോലീസ് സ്റ്റേഷനിൽ ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സാരി ധരിച്ച പ്രതി ഓട്ടോറിക്ഷയിൽ താനെയിലെ ഖാരേഗാവിലുള്ള ഒരു ചേരി പ്രദേശത്തേക്ക് പോകുന്നതായി പോലീസ് കണ്ടെത്തി.

ഇവിടെ എത്തി നടത്തിയ അന്വേഷണത്തിൽ പ്രതി ട്രാൻസ്ജെൻഡറായി അഭിനയിച്ചതിന് പുറമെ യാചകനായും വേഷം കെട്ടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രതിയെ അവിടെ നിന്നുതന്നെയാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് അറിയിച്ചു.

അതേസമയം, ഇത്തരം സാഹചര്യങ്ങളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപരിചിതരായ വ്യക്തികളെ വീടുകളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.