ഭോപ്പാല്‍: കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ സത്യവാങ്മൂലം ഒപ്പിട്ടുനല്‍കേണ്ട ഗതികേടിലാണ് മധ്യപ്രദേശിലെ മന്ദ്‌സൗറിലെ അന്തരികുര്‍ദ് ഗ്രാമത്തിലെമാതാപിതാക്കള്‍. സ്വന്തം കുട്ടിയുടെ സുരക്ഷയാണ് ഏതൊരു മാതാപിതാക്കള്‍ക്കും പ്രധാനം. എന്നാല്‍, കരകവിഞ്ഞൊഴുകുന്ന റെതം നദി മുറച്ചുകടന്നുവേണം കുട്ടികള്‍ക്ക് അടുത്തുള്ള നീമുച്ച് ജില്ലയിലെ അന്തരിബുസുര്‍ഗിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പോകാന്‍. മറ്റു വഴികളില്ലാത്തതിനാല്‍ കുട്ടികളെ ഇത്തരത്തില്‍ സ്‌കൂളിലേക്ക് അയക്കാന്‍ അന്തരികുര്‍ദ് ഗ്രാമത്തിലെമാതാപിതാക്കള്‍ നിര്‍ബന്ധിതരാകുകയാണ്.

To advertise here,

മോട്ടോര്‍ ബോട്ടില്‍ നദി മുറിച്ചുകടന്നുവേണം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. മഴക്കാലത്ത് ചമ്പല്‍ അണക്കെട്ടിലെ വെള്ളം നിറഞ്ഞൊഴുകുന്ന നദിയിലൂടെയുള്ള യാത്ര അപകടസാധ്യതയുള്ളതാണ്. നദി മുറിച്ചുകടന്ന് സ്‌കൂളിലെത്താന്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. അതേസമയം, മന്ദ്സൗര്‍ വഴിയുള്ള ബദല്‍ മാര്‍ഗത്തിലൂടെ 15-17 കിലോമീറ്റര്‍ സഞ്ചരിക്കണം.

അപകട സാധ്യത കൂടുതലായതിനാല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്നും കുട്ടികളുടെ മാതാപിതാക്കളോട് പറയാറുള്ളതാണെന്ന് പ്രിന്‍സിപ്പല്‍ യുവരാജ് ചന്ദല്‍ പറഞ്ഞു. എന്നാല്‍, കുട്ടികള്‍ നദി മുറിച്ചുകടക്കുമ്പോള്‍ എന്തെങ്കിലും സംഭവിച്ചാല്‍ സ്‌കൂള്‍ ഉത്തരവാദിയാകില്ലെന്ന് പ്രസ്താവിക്കുന്ന സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം ഒപ്പിട്ടുനല്‍കി മാതാപിതാക്കള്‍ കുട്ടികളെ അയക്കുകയാണെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

'ഞാന്‍ ഇവിടെ എത്തുന്നതിനു മുമ്പുതന്നെ കുട്ടികള്‍ ബോട്ടില്‍ വന്നിട്ടുണ്ട്. കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും അപകടസാധ്യത കൂടുതലാണെന്നും പറയുമ്പോള്‍ ഉത്തരവാദിത്വം തങ്ങളുടേതാണെന്ന് പറഞ്ഞ് അവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയാണ്', യുവരാജ് ചന്ദല്‍ വ്യക്തമാക്കി.

നദിക്കു കുറുകെ ഒരു പാലം നിര്‍മിക്കണമെന്നത് ഇവിടത്തുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. താനും അതേ സ്‌കൂളിലാണ് പഠിച്ചതെന്നും അന്നും ബോട്ടിലായിരുന്നു യാത്രയെന്നും ഇന്ന് കുട്ടികളും അതുതന്നെ ചെയ്യുകയാണെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു. മുഖ്യമന്ത്രിയോും ഉപമുഖ്യമന്ത്രിയോടും പാലം വേണമെന്ന ആവശ്യം ഉന്നയിച്ചതായി സ്ഥലം എംഎല്‍എ മാധവ് മാരു പറഞ്ഞു.