ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ ബിഹാറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് കോൺസ്റ്റബിൾ AK-47 ഉപയോഗിച്ച് വെടിയുതിർത്തതിൽ വിശദീകരണവുമായി ബിഹാർ സർക്കാർ. വിദ്യാർഥി സമരത്തിനിടെ കോൺസ്റ്റബിൾ അഭിഷേക് പട്ടേൽ സമരക്കാർക്കിടെ കുടുങ്ങിപോയിരുന്നുവെന്നും ജീവനും പൊതുമുതലും സംരക്ഷിക്കാനാണ് AK-47 ഉപയോഗിച്ച് നാല് റൗണ്ട് വെടിവെച്ചതെന്നുമാണ് ബിഹാർ സർക്കാരിന്റെ വാദം. സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

To advertise here,

ജൂലായ് 25ന് സിവാൻ ജില്ലയിൽ നടന്ന ബിഹാർ ബന്ദിനിടെയാണ് ജില്ലാ ഇന്റലിജൻസ് യൂണിറ്റിലെ കോൺസ്റ്റബിൾ അഭിഷേക് പട്ടേൽ AK-47 ഉപയോഗിച്ച് വെടിയുതിർത്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. AK-47ൽ നിന്നുള്ള വെടിയേറ്റ് പ്രതിഷേധക്കാർക്ക് പരിക്കേറ്റെന്ന ആരോപണം ബിഹാർ സർക്കാർ നിഷേധിച്ചു. പ്രതിഷേധക്കാർക്കുണ്ടായ പരിക്കുകൾ AK-47 വെടിവയ്പ്പ് മൂലമല്ലെന്നും കോൺസ്റ്റബിൾ വെടിയുതിർത്ത സ്ഥലത്ത് പരിക്കേറ്റവർ ഉണ്ടായിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

സംഭവത്തിൽ കോൺസ്റ്റബിൾക്കെതിരെ നടപടി സ്വീകരിച്ചതായും സർക്കാർ അറിയിച്ചു. അനഭിലഷണീയമായ പെരുമാറ്റം ചൂണ്ടിക്കാട്ടി അഭിഷേക് പട്ടേലിനെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു. AK-47 ഒരു പ്ലാറ്റൂൺ തലത്തിലുള്ള ആയുധമാണെന്നും പ്രത്യേക ഓപ്പറേഷനുകൾക്കായി മാത്രമാണ് ഇത് ഉപയോഗിക്കേണ്ടതെന്നും ക്രമസമാധാന പാലന സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ളതല്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സംഭവത്തിൽ പോലീസ് വെടിവെക്കാൻ വ്യക്തമായ നിർദേശം നൽകിയിരുന്നില്ലെന്ന് സിവാൻ എസ്.പി. പുരൺ കുമാർ ഝാ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിനിടെ AK-47 ഉപയോഗിച്ചതിന്റെ സാഹചര്യങ്ങൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെടിവയ്ക്കാനോ ആകാശത്തേക്ക് വെടിയുതിർക്കാനോ ഉത്തരവുണ്ടായിരുന്നില്ലെന്ന് ജില്ലാ മജിസ്ട്രേറ്റും വ്യക്തമാക്കിയിരുന്നു.