ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനും കുടുംബത്തിനുമെതിരെ ഉയർന്ന ഭൂമി അഴിമതി ആരോപണങ്ങളെച്ചൊല്ലി വിവാദം പുകയുന്നു. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗംചെയ്ത് ഉജ്ജയിനിൽ ഭൂമി കൈക്കലാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 'ദി ഇന്ത്യൻ എക്സ്പ്രസ്' പുറത്തുവിട്ട റിപ്പോർട്ടിനെത്തുടർന്നാണ് വിവാദം.

To advertise here,

മുഖ്യമന്ത്രി മോഹൻ യാദവിന്റെ കുടുംബാംഗങ്ങളും അവർക്ക് പങ്കാളിത്തമുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും 2023 ഡിസംബർ മുതൽ ഉജ്ജയിനിലെ വിവിധ ഭാഗങ്ങളിലായി 45 കോടി രൂപ വിലമതിക്കുന്ന 168 ഏക്കറോളം വരുന്ന 137 പ്ലോട്ടുകൾ വാങ്ങിക്കൂട്ടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റോഡ് പദ്ധതികൾ അടക്കമുള്ളവ നടപ്പിലാക്കാനിരിക്കുന്ന മേഖലകളിലാണ് ഈ ഭൂമിയുടെ ഭൂരിഭാഗവും ഉള്ളതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

വരാനിരിക്കുന്ന സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അറിവുവെച്ച് മുഖ്യമന്ത്രിയുടെ കുടുംബം ഭൂമി വാങ്ങിക്കൂട്ടിയതിലൂടെ ‘ഇൻസൈഡർ ട്രേഡിങ്’ ആണ് നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഉജ്ജയിൻ മാസ്റ്റർ പ്ലാനിനെക്കുറിച്ചും സർക്കാർ പദ്ധതികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്ന മുഖ്യമന്ത്രി, കുടുംബത്തിന് ഭൂമി സമ്പാദിക്കാൻ സൗകര്യമൊരുക്കിയെന്ന് കോൺഗ്രസ് മീഡിയ സെൽ മേധാവി പവൻ ഖേര പറഞ്ഞു.

ഇത്രയും വലിയ അഴിമതി നടന്നിട്ടും ഇഡി, സിബിഐ അന്വേഷണങ്ങൾ എന്തുകൊണ്ട് നടക്കുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു.  മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ബിജെപിതന്നെ ആസൂത്രണംചെയ്ത ഗൂഢാലോചനയാണിതെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി.

എന്നാൽ, ഈ ആരോപണങ്ങളെല്ലാം ബിജെപി തള്ളി. സംസ്ഥാനത്ത് ഒരു പിന്നാക്ക വിഭാഗക്കാരൻ മുഖ്യമന്ത്രിയാകുമ്പോഴെല്ലാം അദ്ദേഹത്തെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കാറുണ്ടെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ ഹേമന്ത് ഖണ്ഡേൽവാൾ പറഞ്ഞു. ഉമാ ഭാരതി, ശിവരാജ് സിങ് ചൗഹാൻ എന്നിവർക്കെതിരെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ മോഹൻ യാദവിനെയും ലക്ഷ്യം വെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പക്കലുള്ള ഭൂമിയുടെ കണക്കുകളും ഖണ്ഡേൽവാൾ നിരത്തി. 2023-ലെ നാമനിർദേശ പത്രിക പ്രകാരം മുഖ്യമന്ത്രിയുടെ പേരിൽ 17 ഏക്കർ ഭൂമിയാണുള്ളതെന്നും 2026 വരെ അതിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഭാര്യ സീമ യാദവിന്റെ പേരിലുള്ള 12.29 ഏക്കർ ഭൂമിയിലും മകൻ വൈഭവ് യാദവിന്റെ പേരിലുള്ള 16 ഏക്കർ ഭൂമിയിലും വർധനവ് ഉണ്ടായിട്ടില്ലെന്നും ബിജെപി അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ മരുമകൾ ശാലിനി യാദവ് 2025-ൽ വാങ്ങിയ പത്ത് ഏക്കർ ഭൂമി മാസ്റ്റർ പ്ലാൻ ഏരിയയ്ക്ക് പുറത്താണെന്നും അത് വാണിജ്യപരമായി പ്രാധാന്യമുള്ള മേഖലയല്ലെന്നും ഖണ്ഡേൽവാൾ പറഞ്ഞു.