ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടരുന്ന പ്രതിപക്ഷ നേതാക്കളെ വിമര്‍ശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. 

To advertise here,

ഇതുവരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനങ്ങള്‍ക്കായി സഭ ചേര്‍ന്നപ്പോഴെല്ലാം പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ജനങ്ങള്‍ക്കു തന്നെയും നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് മോദി പ്രതികരിച്ചു.രാജ്യസഭയില്‍ പേപ്പറുകള്‍ കീറിയെറിഞ്ഞ പ്രതിപക്ഷത്തിന്റെ പ്രവൃത്തി ലജ്ജാവഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം 23ന് സഭ ചേര്‍ന്നപ്പോള്‍ പെസാഗസ് വിഷയവുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടയില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവയുടെ കയ്യിലുണ്ടായിരുന്ന പേപ്പറുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശാന്തനു സെന്‍ പിടിച്ചു വാങ്ങി കീറിക്കളഞ്ഞിരുന്നു.

സഭയില്‍ ബില്ലുകള്‍ പാസാക്കുന്നതു സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍ നടത്തിയ പരാമര്‍ശം തരം താണതാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കുന്നത് സാലഡുണ്ടാക്കുന്ന വേഗത്തിലാണെന്നായിരുന്നു ഒബ്രിയന്റെ പരാമര്‍ശം.

കര്‍ഷക സമരം, പെസാഗസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളുന്നയിച്ച് രണ്ടു സഭകളിലും പ്രതിപക്ഷം തുടര്‍ച്ചയായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 

ഇന്നു രാവിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ചര്‍ച്ച നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്. 

Content Highlights: Modi criticizes opposition's acts in parliament