
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മുൾമുനയിൽനിർത്തിയ വിദ്യാർഥി പ്രക്ഷോഭം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. പരീക്ഷക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിന് തിരുത്തലിനും കർക്കശമായ നിയമം കൊണ്ടുവരാനും നിർബന്ധിതരായി. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമം ചൂണ്ടിക്കാണിച്ച് പാർലമെന്റ് പ്രക്ഷുബ്ധമായി. വിദ്യാർഥി സമരം അവസാനിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇതുവരെ സഭയിലെത്തിയിട്ടില്ല. വർഷകാല സമ്മേളനം ആരംഭിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ ഒരു ചർച്ചയിലും പങ്കാളിയായിട്ടില്ല. പാർലമെന്റിലുണ്ടായിട്ടും അമിത് ഷാ സഭയിലെത്താൻ കൂട്ടാക്കിയില്ല.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എന്തുകൊണ്ട് പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നില്ലെന്ന് ചോദിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും. ജൂലായ് 20-ലെ വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ നടന്ന അടിച്ചമർത്തൽ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളുയർത്തി പാർലമെന്റ് നടപടികൾ പ്രതിപക്ഷം തടസ്സപ്പെടുത്തിവരികയാണ്.
സിജെപി പ്രതിഷേധത്തിലെ പോലീസ് നടപടി കൂടാതെ അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിഷയവും കോൺഗ്രസും സമാജ്വാദി പാർട്ടിയും മറ്റ് കക്ഷികളും ഉയർത്തിക്കാട്ടുന്നുണ്ട്.
ജൂലായ് 20-ന് ഡൽഹിയിൽ സി.ജെ.പി നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും നടത്തിയ ബലപ്രയോഗത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെടുന്നത്. കണ്ണീർ വാതകം, ആണിയടിച്ച ലാത്തികൾ, പെല്ലറ്റ് ഗണ്ണുകൾ എന്നിവ ഉപയോഗിച്ചതിനെക്കുറിച്ച് അമിത് ഷാ വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ജനാധിപത്യപരമായ ചർച്ചകൾ ഒഴിവാക്കിക്കൊണ്ട് സർക്കാരുകൾ ബില്ലുകൾ ബലമായി പാസാക്കിയെടുക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചോദ്യങ്ങളെ ഭയന്നാണ് പാർലമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ആഭ്യന്തര മന്ത്രിയുടെ വിട്ടുനിൽക്കലിൽ സിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പാർലമെന്റ് നമ്മുടേതാണ്. അത് രാജ്യത്തെ ജനങ്ങളുടേതാണ്. ഇന്ത്യയിലെ ജനങ്ങളെ, അവിടുത്തെ കുട്ടികളെ, സി.ആർ.പി.എഫിന് കീഴിലുള്ള ഡൽഹി പോലീസും ആർ.എ.എഫും (RAF) ചേർന്ന് ക്രൂരമായി മർദ്ദിച്ചു, ചിലർക്ക് കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു.അതുകൊണ്ട് തന്നെ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണം. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം എന്തുകൊണ്ടാണ് പാർലമെന്റിൽ വരാത്തതും തന്റെ സേനയുടെ ക്രൂരതയ്ക്ക് മറുപടി നൽകാത്തതും? ഏതായാലും ഉത്തരാവാദിത്തം നിശ്ചയിക്കപ്പെടേണ്ടതുണ്ട്- സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.
അതേസമയം പ്രതിപക്ഷം പാർലമെന്റിൽ തന്റെ സാന്നിധ്യം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിവരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമത തൃണമൂൽ, എഎപി എംപിമാർക്ക് പ്രഭാത ഭക്ഷണമൊരുക്കി സ്വീകരിക്കുകയുണ്ടായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി രാജ്യസഭാ എംപിമാർക്കടക്കമാണ് പ്രഭാത വിരുന്നൊരുക്കിയത്. 37 എംപിമാർ പങ്കെടുത്ത ചടങ്ങിൽ, വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി എംപിമാർക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും യുവാക്കളുമായി ബന്ധം സ്ഥാപിക്കാനുള്ള ഫലപ്രദമായ വഴികൾ പങ്കുവെക്കുകയും ചെയ്‌തെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Opposition demands accountability for police action against students on July 20., Parliament remains deadlocked as the PM and Home Minister skip sessions., Concerns raised over the use of excessive force by Delhi Police and RAF., Opposition highlights issues including exam irregularities and Ayodhya temple donation fraud., PM Modi hosts breakfast for select MPs amidst the ongoing parliamentary standoff.
Published: 05 Aug 2026, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented