ന്യൂഡല്‍ഹി: കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാമര്‍ശങ്ങള്‍ നടത്തി വീണ്ടും വിവാദത്തിലായ ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് പ്രസ്താവന പിന്‍വലിച്ചു. സർക്കാർ പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ കങ്കണ ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കങ്കണ ആദ്യം അത് തന്റെ വ്യക്തിപരമായ വീക്ഷണമാണെന്നറിയിക്കുകയും പിന്നീട് പ്രസ്താവന പിന്‍വലിക്കുകയുമായിരുന്നു.

To advertise here,

പ്രസ്താവന ബിജെപി തള്ളിയതിന് പിന്നാലെയാണ് താൻ അത് പിന്‍വലിക്കുന്നതായും പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുന്നതായും കങ്കണ അറിയിച്ചത്.

2021-ല്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ നിര്‍ബന്ധമായും തിരികെ കൊണ്ടുവരണം, കര്‍ഷകര്‍ തന്നെ ഇതാവശ്യപ്പെടണമെന്നുമായിരുന്നു മാണ്ഡിയില്‍ കഴിഞ്ഞ ദിവസം കങ്കണ പറഞ്ഞത്. 'എനിക്കറിയാം ഇത് വിവാദമാകുമെന്ന്. റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് എനിക്ക് തോന്നുന്നു. കര്‍ഷകര്‍തന്നെ ആവശ്യപ്പെടണം. വികസനത്തിന്റെ തൂണുകളാണ് കര്‍ഷകര്‍. ഇക്കാര്യം സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടുകയാണ്. നിങ്ങളുടെ നന്മയ്ക്കായി നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെടുക', കങ്കണ പറഞ്ഞു.

കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പമുണ്ടെന്നും മോദിയും അദ്ദേഹത്തിന്റെ എംപിമാരും എത്രശ്രമിച്ചാലും കാര്‍ഷിക ബില്ലുകള്‍ തിരികെ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. കങ്കണയുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായി.

പിന്നാലെ, വിശദീകരണവുമായി ബിജെപി രംഗത്തെത്തി. ഇത് കങ്കണയുടെ വ്യക്തിപരമായ പ്രസ്താവനയാണെന്നും ഇതുമായി ബന്ധപ്പെട്ട് ബിജെപിക്ക് വേണ്ടി പ്രസ്താവന നടത്താന്‍ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്നും ബിജെപി വാക്താവ് ഗൗരവ് ഭാട്ടിയ അറിയിച്ചു.

'ഈ പ്രസ്താവന അവരുടെ വ്യക്തിപരമായ പ്രസ്താവനയാണെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ബിജെപിക്ക് വേണ്ടി ഇത്തരമൊരു പ്രസ്താവന നടത്താന്‍ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ല, മാത്രമല്ല  കാര്‍ഷിക ബില്ലുകളെക്കുറിച്ചുള്ള ബിജെപിയുടെ കാഴ്ചപ്പാടല്ല ഈ പ്രസ്താവന. ഈ പ്രസ്താവന ഞങ്ങള്‍ അംഗീകരിക്കുന്നില്ല', ഗൗരവ് ഭാട്ടിയ പറഞ്ഞു.

പിന്നാലെ കങ്കണ ഇതിനോട് പ്രതികരിച്ചു. തീര്‍ച്ചയായും, കാര്‍ഷക നിയമങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ വ്യക്തിപരമാണ്, പാര്‍ട്ടി നിലപാടിനെ അത് പ്രതിനിധീകരിക്കുന്നില്ലെന്നും കങ്കണ എക്‌സില്‍ കുറിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം എക്‌സിലൂടെ തന്നെ വീഡിയോ സന്ദേശത്തില്‍ താന്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് കങ്കണ അറിയിച്ചു.

എന്റെ പരാമര്‍ശത്തില്‍ നിരവധി ആളുകള്‍ അസ്വസ്ഥരും നിരാശരുമാണ്. മൂന്ന് കാര്‍ഷക നിയമങ്ങള്‍ നിര്‍ദേശിച്ചപ്പോള്‍ ഞങ്ങളില്‍ പലരും അതിനെ പിന്തുണച്ചു. എന്നാല്‍ വളരെയധികം സംവേദനക്ഷമതയോടെയും സഹതാപത്തോടെയും നമ്മുടെ പ്രധാനമന്ത്രി ഈ നിയമങ്ങള്‍ റദ്ദാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ആദരവോടെ കൈകാര്യം ചെയ്യേണ്ടത് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തമാണ്. ഞാനിപ്പോള്‍ വെറുമൊരു നടിയല്ല, ബിജെപി അംഗമാണെന്ന കാര്യം കൂടി ഓര്‍ക്കണമായിരുന്നു. എന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമായി മാത്രമാകില്ല. അത് പാര്‍ട്ടിയുടെ അഭിപ്രായത്തെകൂടി പ്രതിഫലിപ്പിക്കും. എന്റെ വാക്കുകളിലൂടെയോ അഭിപ്രായങ്ങളിലൂടെയോ ആരെയെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. ഞാന്‍ എന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നു', കങ്കണ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കാര്‍ഷക നിയമത്തില്‍ ഞാന്‍ എന്റെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കങ്കണ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് കങ്കണ നടത്തിയ മറ്റൊരു പ്രസ്താവനയും വിവാദമായിരുന്നു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ ബിജെപി നേതൃത്വം കങ്കണയെ ശാസിച്ചിരുന്നു. ഇത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് ബിജെപിക്ക് വിശദീകരണമിറക്കേണ്ടിയും വന്നിരുന്നു.