കാൺപൂർ: ബ്രഹ്മോസ് മിസൈൽ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികളാണ് നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് സേന യുദ്ധം അവസാനിപ്പിക്കാനായി യാചിച്ചെന്നും ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നതായും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

'പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങളിൽ കടന്നുചെന്നു. നൂറുകണക്കിന് മൈലുകൾക്കുള്ളിലേക്ക് പോയി ഭീകരവാദികളെ തകർക്കാൻ നമ്മുടെ സായുധസേന ധൈര്യംകാണിച്ചു. പാക് സൈന്യം യുദ്ധം അവസാനിപ്പിക്കാൻ യാചിച്ചു. വിഡ്ഢികളാക്കരുത്, ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് ആ ശത്രുക്കളോട് എനിക്ക് പറയാനുള്ളത്', മോദി പറഞ്ഞു. 

ഓപ്പറേഷൻ സിന്ദൂറിൽകൂടി ഇന്ത്യയുടെ സൈനികശക്തി ലോകത്തിന് മുമ്പിൽ പ്രദർശിപ്പിച്ചുവെന്ന് പറഞ്ഞ മോദി, ബ്രഹ്മോസ് മിസൈലിനേക്കുറിച്ച് പ്രസംഗത്തിൽ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. 

നൂര്‍ ഖാന്‍ വ്യോമതാവളമുള്‍പ്പെടെ ബ്രഹ്‌മോസ് ആക്രമണത്തില്‍ തകര്‍ന്നതായി മേയ് പത്തിന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയതായി പുലര്‍ച്ചെ 2.30 -ന് സൈനികമേധാവി ഫോണിലൂടെ അറിയിച്ചതായി ഷഹബാസ് ഷെരീഫ് വെളിപ്പെടുത്തി.

26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് പാകിസ്താനെതിരേ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരുനല്‍കിയ പ്രത്യാക്രമണം നടത്തിയത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളില്‍പ്പെട്ട നൂറാേളം ഭീകരര്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം.