ക്വലാലംപൂർ: 47-ാമത് ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. 'ഈ മാസം അവസാനം നടക്കുന്ന ഉച്ചകോടിയുടെ സംഘാടനത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ആ സമയത്ത് ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ അദ്ദേഹം വെർച്വലായി പങ്കെടുക്കുമെന്ന് അറിയിച്ചു.' അൻവർ ഇബ്രാഹിം സോഷ്യൽ മീഡിയയിൽ കുറിച്ചു.
''അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാൻ മാനിക്കുന്നു, ഒപ്പം അദ്ദേഹത്തിനും ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും എന്റെ ദീപാവലി ആശംസകൾ അറിയിക്കുന്നു.'' അൻവർ ഇബ്രാഹിം കൂട്ടിച്ചേർത്തു.
'മലേഷ്യ-ഇന്ത്യ ഉഭയകക്ഷി ബന്ധം കൂടുതൽ തന്ത്രപരവും സമഗ്രവുമായ തലത്തിലേക്ക് ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ രാത്രി എനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സഹപ്രവർത്തകന്റെ ഫോൺ കോൾ ലഭിച്ചു. വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇന്ത്യ മലേഷ്യയുടെ പ്രധാന പങ്കാളിയാണ്. കൂടാതെ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, പ്രാദേശിക സുരക്ഷ എന്നീ മേഖലകളിലും അടുത്ത സഹകരണമുണ്ട്.' അൻവർ പറഞ്ഞു.
അടുത്ത ആഴ്ച മലേഷ്യയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കുമെന്ന് മോദിയും അറിയിച്ചു. ''എന്റെ പ്രിയ സുഹൃത്തും മലേഷ്യൻ പ്രധാനമന്ത്രിയുമായ അൻവർ ഇബ്രാഹിമുമായി ഊഷ്മളമായ സംഭാഷണം നടത്തി. മലേഷ്യയുടെ ആസിയാൻ അധ്യക്ഷസ്ഥാനത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും വരാനിരിക്കുന്ന ഉച്ചകോടികളുടെ വിജയത്തിന് ആശംസകൾ നേരുകയും ചെയ്തു,'' മോദി എക്സിൽ പറഞ്ഞു.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മോദിക്ക് തൽക്കാലം താത്പര്യമില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് പ്രചരിക്കുന്നുണ്ട്. ‘ട്രംപിനാല്‍ ഒറ്റപ്പെടുന്നത്’ മോദി ആഗ്രഹിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്.
'സോഷ്യല്‍ മീഡിയയില്‍ പ്രസിഡന്റ് ട്രംപിനെ പുകഴ്ത്തി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒരു കാര്യമാണ്. എന്നാല്‍, ഓപ്പറേഷന്‍ സിന്ദൂര്‍ താന്‍ നിര്‍ത്തിയെന്ന് 53 തവണ അവകാശപ്പെടുകയും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അഞ്ച് തവണ അവകാശപ്പെടുകയും ചെയ്ത ആളുമായി നേരിട്ട് ഇടപെടുന്നത് മറ്റൊരു കാര്യമാണ്. അത് വളരെ അപകടകരമാണ്.' ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
ആസിയാൻ യോഗങ്ങൾ ഒക്ടോബർ 26 മുതൽ 28 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ആസിയാൻ ഗ്രൂപ്പിന്റെ സംഭാഷണ പങ്കാളികളായ ഒട്ടേറെ രാജ്യങ്ങളിലെ നേതാക്കളെയും മലേഷ്യ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 26-ന് ട്രംപ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ക്വലാലംപുരിൽ എത്തും.
Content Highlights: Malaysian PM Anwar Ibrahim reveals PM Modi`s absence from ASEAN Summit due to Diwali celebrations in India. Modi to participate virtually.
Published: 23 Oct 2025, 05:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented