ന്യൂഡൽഹി: വരാനിരിക്കുന്ന ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറി ഇന്ത്യ. ബ്രസീലുമായുള്ള സൗഹൃദമത്സരവും ആസിയാൻ കപ്പ് മത്സരങ്ങളും ഒരേസമയത്ത് വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തേ ഇരുമത്സരങ്ങളിലും വെവ്വേറെ ടീമുകളെ കളിപ്പിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ആലോചിച്ചിരുന്നെങ്കിലും അത് ഒഴിവാക്കുകയായിരുന്നു. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം സത്യനാരായണനാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

"ബ്രസീലും ഫിഫാ ആസിയാൻ കപ്പും ഒരുമിച്ച് കളിക്കാൻ കഴിയില്ല എന്നതിനാലാണ് ഞങ്ങൾ ടൂർണമെന്റിൽ നിന്ന് പിന്മാറിയത്.- സത്യനാരായണൻ പിടിഐയോട് പറഞ്ഞു. കൊൽക്കത്തയിൽ ബ്രസീലുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം ഒക്ടോബർ മൂന്നിനാണ്. ഇൻഡൊനീഷ്യയിൽ നടക്കുന്ന പ്രഥമ ആസിയാൻ കപ്പ് സെപ്റ്റംബർ 21-നും ഒക്ടോബർ ആറിനും ഇടയിലായിരിക്കും നടക്കുക. ഇൻഡൊനീഷ്യ, മലേഷ്യ, സിങ്കപ്പുർ ടീമുകളുമായാണ് ആസിയാൻ കപ്പിൽ ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്.

അഞ്ചുവട്ടം ലോക ചാമ്പ്യൻമാരായ ബ്രസീലുമായുള്ള മത്സരം ഇന്ത്യൻതാരങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കുമെന്നാണ് ഫെഡറേഷൻ കരുതുന്നത്. അതിനാലാണ് ബ്രസീലുമായുള്ള മത്സരം കളിക്കാനുള്ള തീരുമാനം എഐഎഫ്എഫ് എടുത്തത്. അതേസമയം ആസിയാൻ കപ്പിനാണ് പരിഗണന നൽകേണ്ടതെന്ന് രണ്ട് വീതം ടീമുകളെ കളിപ്പിക്കാനുള്ള ആലോചന ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ അഭിപ്രായപ്പെട്ടിരുന്നു. ബ്രസീലുമായുള്ള മത്സരത്തിന് എതിരല്ലെന്നും എന്നാൽ, ശരിയായ സമയത്തല്ല കളിയെന്നുമാണ് ബൂട്ടിയ പ്രതികരിച്ചത്.