
ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് സർക്കാർ രൂപവത്കരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും 2026ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ നേരിടുന്ന വെല്ലുവിളികൾ, എൻഡിഎ ഘടകം, രാഹുൽ ഗാന്ധിയുമായുള്ള തന്റെ ബന്ധം എന്നിവയെക്കുറിച്ചും ഇന്ത്യ ടുഡെ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കവെ സ്റ്റാലിൻ വിശദീകരിച്ചു.
കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നത സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ച അദ്ദേഹം, രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പം ഉണ്ടെന്ന് പറഞ്ഞു. എന്നാൽ കോൺഗ്രസുമായി അധികാരം പങ്കുവെക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ഡിഎംകെ സ്വന്തമായി സർക്കാർ രൂപവത്കരിക്കുമെന്നും 2021നെ അപേക്ഷിച്ച് കൂടുതൽ മുന്നേറ്റം നടത്തുമെന്ന കാര്യത്തിൽ പാർട്ടിയ്ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "തമിഴ്‌നാട്ടിൽ ഡിഎംകെ.-കോൺഗ്രസ് സഖ്യം ശക്തമാണ്. തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും. നിലവിൽ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് തർക്കങ്ങളില്ല," സ്റ്റാലിൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ 133 എണ്ണം ഡിഎംകെ നേടിയിരുന്നു. സഖ്യകക്ഷിയായി മത്സരിച്ച കോൺഗ്രസ് 25 ൽ 18 സീറ്റുകൾ നേടി, പക്ഷെ മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചില്ല. എന്നാൽ, ഇത്തവണ കോൺഗ്രസ് ശക്തമായ വിലപേശൽ നടത്തുന്നതിനാൽ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഡിഎംകെ അടിച്ചമർത്തുന്നതായി ആരോപിച്ച് കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുകയും സഖ്യം അധികാരത്തിലെത്തിയാൽ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് വിഷയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
സഖ്യത്തിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ രാഹുൽ ഗാന്ധി കഴിഞ്ഞ മാസം ഡിഎംകെ എം.പി. കനിമൊഴിയെ കണ്ടു. കാബിനറ്റ് സ്ഥാനങ്ങൾ, കൂടുതൽ സീറ്റുകൾ, രാജ്യസഭാ സീറ്റ് എന്നിവ ചർച്ചകളിൽ ഉൾപ്പെട്ടിരുന്നു. ഫെബ്രുവരി 22 മുതൽ സീറ്റ് വിഹിത ചർച്ചകൾ ഔദ്യോഗികമായി ആരംഭിക്കുമെന്ന് ഡിഎംകെ.ബുധനാഴ്ച അറിയിച്ചു.
എൻഡിഎയെ സ്റ്റാലിൻ കടന്നാക്രമിച്ചു. ബിജെപിക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട സ്റ്റാലിൻ, ഡബിൾ എൻജിൻ അല്ല മറിച്ച് ഡബ്ബ എൻജിനാണെന്ന് പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ നുണകളും വെറുപ്പും വർഗീയ സംഘർഷവും പ്രചരിപ്പിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുമായി അകൽച്ച വർധിപ്പിക്കാൻ എൻഡിഎ ബോധപൂർവം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
Content Highlights: Tamil Nadu CM M.K. Stalin expresses confidence in DMK forming government alone in 2026 elections. Discusses alliance, challenges, and NDA.
Published: 11 Feb 2026, 03:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented