ശ്രീനഗര്‍: ഇന്ത്യയിലെത്തുന്ന 50 ശതമാനം വിദേശ വിനോദ സഞ്ചാരികള്‍ മുഗള്‍ വാസ്തുകലയും ബാക്കി 50 ശതമാനം പേര്‍ കശ്മീരിന്റെ സൗന്ദര്യവും ആസ്വദിക്കാനാണ് വരുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. എന്നാല്‍, ഇവ രണ്ടും ബിജെപി നശിപ്പിച്ചുവെന്നും അവര്‍ ആരോപിച്ചു.

To advertise here,

ലോകോത്തര നിര്‍മിതികളിലൊന്നായ കുത്തബ് മിനാറിന്റെ പേര് പരിഷ്‌കരിച്ച് 'വിഷ്ണു സ്തംഭ്' എന്നാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ അരങ്ങേറിയ പ്രതിഷേധത്തിന് പിന്നാലെയാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ഡല്‍ഹിയിലെ അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, ഔറംഗസേബ് ലെയ്ന്‍, തുഗ്ലക് ലെയ്ന്‍ തുടങ്ങിയ നിരത്തുകള്‍ക്ക് മുഗള്‍ ഭരണാധികാരികളുടെ പേരാണെന്നും അവ മാറ്റണമെന്നും നേരത്തെ ബിജെപി ആവശ്യപ്പെട്ടിരുന്നു. 

കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ചും കശ്മീരിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ചും മെഹ്ബൂബ സംസാരിച്ചു. കശ്മീരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടാകണമെന്നും സര്‍ക്കാര്‍ കശ്മീരിലെ ജനങ്ങളെ സമ്മര്‍ദത്തിലാഴ്ത്തുകയാണെന്നും ജനങ്ങള്‍ക്കിടയില്‍ ഹിന്ദു -മുസ്ലിം എന്ന വിഭാഗീയത സൃഷ്ടിച്ച് മറ്റുപ്രശ്‌നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധതിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ടിനെ ഭീകരവാദികള്‍ വധിച്ചതിന് പിന്നാലെയാണ് പ്രതികരണം.