ഷില്ലോങ്: അനധികൃതമായി ഇന്ത്യയിൽ തുടരുന്ന കുടിയേറ്റക്കാരെ പുറത്താക്കാനുള്ള അസം സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ അതിർത്തികളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ സമീപ സംസ്ഥാനമായ മേഘാലയയ്ക്കും സർക്കാർ നിർദേശം നൽകി. അസമിൽ പോലീസ് നടപടികൾ ശക്തമാകുമ്പോൾ കുടിയേറ്റക്കാർ മേഘാലയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ നിർദേശമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഷക്കീൽ പി അഹമ്മദ് പറഞ്ഞു.
'അസം സർക്കാർ വിദേശികളെ തിരിച്ചയക്കുന്ന നടപടികൾ തുടരുന്നതിനിടയിൽ, അവർ മേഘാലയയിൽ പ്രവേശിക്കാതിരിക്കാൻ ജാഗ്രത പാലിക്കുകയും ഇത്തരം നീക്കങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിന് സുരക്ഷാനടപടികൾ അത്യന്താപേക്ഷിതമാണ്,'- ബുധനാഴ്ച വൈകിട്ട് നടന്ന പത്രസമ്മേളനത്തിൽ ഷക്കീൽ പി അഹമ്മദ് വ്യക്തമാക്കി.
മേഘാലയയും അസമും 884.9 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി പങ്കിടുന്നുണ്ട്. അസമിൽ നിന്നും ഏറ്റവും എളുപ്പത്തിൽ കടക്കാനാകുന്ന അതിർത്തിയും മേഘാലയയുടേതാണ്. റി-ഭോയി, വെസ്റ്റ് ജെയ്ന്റിയ ഹില്സ്, വെസ്റ്റ് ഖാസി ഹില്സ് തുടങ്ങിയ ജില്ലകളിലേക്കുള്ള പ്രവേശനം തടയുകയെന്നതാണ് പോലീസിന്റെ പ്രധാന ഉദ്ദേശം. ഇതുവഴി ഭരണ സംവിധാനത്തിന് ഭീഷണിയായി മാറുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
അസം സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 330 ലധികം ബംഗ്ലാദേശികളെയാണ് രണ്ടുമാസത്തിനിടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. ഹിമന്ത ബിശ്വ ശർമ്മയുടെ സർക്കാർ അനധികൃത കുടിയേറ്റക്കാരെ, കോടതി വിധി കൂടാതെ മടക്കിയയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. അതോടൊപ്പം ധുബ്രി, ഗോൽപാര, ഗോലാഘട്ട് ജില്ലയിലെ ഉറിയംഘട്ട് എന്നീ ജില്ലകളിൽ അനധികൃത താമസക്കാരെ ലക്ഷ്യമാക്കി വൻതോതിൽ ഒഴിപ്പിക്കൽ നടപടികളും പുരോഗമിക്കുകയാണ്.
Content Highlights: meghalaya ups vigil at borders amid assams pushback of suspected bangladeshis
Published: 24 Jul 2025, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented