കൊച്ചി: മിനിറ്റുകള്‍ വൈകിയത് ഒഴിച്ചാല്‍ എല്ലാം നിശ്ചിയിച്ചുറപ്പിച്ചത് പോലെ. 11.17-ന്‌ ബ്ലാസ്റ്ററില്‍ വിരലമര്‍ത്തിയതോടെ അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റ് ഒരു ജലപാതംപോലെ കായലോരത്ത് പതിഞ്ഞു. 19 നിലയുള്ള കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ട് തവിടുപൊടിയായി.

11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്‍ 11.17 ന് മുഴങ്ങിയതിന്‌ പിന്നാലെ സ്‌ഫോടനം.

maradu flat
ഹോളി ഫെയ്ത്ത് നിലംപതിക്കുന്നു

പിന്നീടുള്ള കാഴ്ചകള്‍ മറച്ച് എങ്ങും പൊടിപടലം. മിനിറ്റുള്‍ക്ക് ശേഷം പൊടിയങ്ങുമ്പോള്‍ കാണുന്ന കാഴ്ച കോണ്‍ക്രീറ്റ്‌ അവിശിഷ്ടമായി മാറിയ ഫോളി ഫെയ്ത്ത് എച്ച്.ടു.ഒ. കായലിലേക്കും അവശിഷ്ടങ്ങള്‍ വീണു. കായലിലേക്ക് അവശിഷ്ടങ്ങള്‍ വീഴില്ലെന്നായിരുന്നു നിഗമനം. തേവര-കുണ്ടന്നൂര്‍ പാലത്തിലേക്കും അവശിഷ്ടങ്ങള്‍ ചെറിയ രീതിയില്‍ വീണിട്ടുണ്ട്. പൊടിപടലം 200 മീറ്ററിലേക്ക് അപ്പുറത്തേക്കും പടര്‍ന്നു.

അടുത്തത് കായലിന്റെ എതിര്‍വശത്തുള്ള ആല്‍ഫ സെറീനിലാണ് സ്‌ഫോടനം നടക്കുക. ഫാളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് മരടിലാകമാനം ഒരുക്കിയിരുന്നത്. എട്ടുമണിയോടെ പ്രദേശ വാസികളെ ഒഴിപ്പിച്ചു. നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.

Content Highlights: Maradu Flat Demolitied