ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച് മരടില്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ചതിന്റെ ഉത്തരവാദിത്വം സംബന്ധിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളോട് ശക്തമായ വിയോജിപ്പുണ്ടെന്ന് കേരളം. ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് വിശദമായ വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. പൊളിച്ച ഫ്‌ലാറ്റിന്റെ ഉടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അതിനു ശേഷമേ ഉണ്ടാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

To advertise here,

ഫ്‌ലാറ്റ് വാങ്ങുന്നതിന് കൈമാറിയ തുക മാത്രമേ ഉടമകള്‍ക്ക് ലഭിച്ചിട്ടുള്ളുവെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ തുക കൊണ്ട് ഇപ്പോള്‍ സമാനമായ ഒരു ഫ്‌ലാറ്റ് വാങ്ങാന്‍ കഴിയില്ലെന്നും അതിനാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കണമെന്ന ആവശ്യം ഉടമകള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടം ലംഘിച്ച് ഫ്‌ലാറ്റ് നിര്‍മ്മിച്ചതിന്റെ ഉത്തരവാദികളില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ വാദം.

മരടില്‍ തീരദേശപരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച അനധികൃതകെട്ടിടങ്ങളുടെ ഉത്തരവാദിത്വം ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരായ കമ്മീഷന്റെ കണ്ടെത്തലുകള്‍ അംഗീകരിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്നാണ് അടുത്തമാസം 28-ന് സര്‍ക്കാര്‍ ഉള്‍പ്പടെ കേസിലെ എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കാന്‍  സുപ്രീംകോടതി തീരുമാനിച്ചത്.

ഇതിനിടെ തീരദേശ നിയമം ലംഘിച്ചതിന് പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിന്റെ നിര്‍മാതാക്കളുടെ വ്യക്തിഗത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട തുക ഇതുവരെ കെട്ടിവയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹോളി  ഫെയ്ത്ത് കമ്പനികളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഹോളി ഫെയ്ത്ത് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവര്‍ ഹാജരായി. കേസിലെ മറ്റ് വിവിധ കക്ഷികള്‍ക്കായി സീനിയര്‍ അഭിഭാഷകരായ വി. ഗിരി, വി. ചിദംബരേഷ്, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ ഹാജരായി.