
ന്യൂ ഡൽഹി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചുവെന്ന് കണ്ടെത്തിയ ഫ്‌ളാറ്റുകൾക്ക് എതിരായ കേസ് കനത്ത പിഴ ഈടാക്കി തീർപ്പാക്കേണ്ടതായിരുന്നെന്ന് സുപ്രീം കോടതി ജഡ്ജി ബി.ആർ ഗവായ്. പൊളിച്ച മരടിലെ ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം ഉൾപ്പടെയുള്ള വിഷയങ്ങൾ ഇപ്പോൾ പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് നേതൃത്വം നൽകുന്ന ജഡ്ജിയാണ് ബി.ആർ ഗവായ്. മരട് ഫ്ലാറ്റ് കേസ് ഇന്ന് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി. ആർ ഗവായിയുടെ സുപ്രധാനമായ നിരീക്ഷണം സുപ്രീം കോടതിയിൽ ഉണ്ടായത്.
തീരദേശപരിപാലന നിയമം ലംഘിച്ചതിന് നാല് വൻകിട ഫ്ലാറ്റ് സമുച്ചയങ്ങളാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2020 ജനുവരി 11, 12 തീയതികളിൽ പൊളിച്ചടക്കിയത്. ജസ്റ്റിസ് അരുൺ മിശ്രയയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നത്. നിയമ ലംഘനത്തിനുള്ള പിഴ ഈടാക്കി ഫ്ലാറ്റുകൾ സംരക്ഷിക്കണമെന്ന വാദം അന്ന് സുപ്രീം കോടതിയിൽ ഉയർന്നിരുന്നുവെങ്കിലും ജസ്റ്റിസ് അരുൺ മിശ്ര ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയേ മതിയാകൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്നാണ് ഹോളി ഫെയ്ത് എച്ച്ടുഒ, ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ്, നെആൽഫ സെറിൻ എന്നീ വൻകിട ഫ്ലാറ്റുകൾ പൂർണമായി പൊളിച്ചത്.
കേസിന്റെ വാദത്തിനിടെ ചില സരസരംഗങ്ങൾക്കും കോടതി ഇന്ന് സാക്ഷ്യം വഹിച്ചു. മരടിൽ ഫ്ലാറ്റ് പൊളിച്ചത്തിന്റെ പശ്ചാത്തലത്തിൽ തീരദേശപരിപാലന നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളേക്കുറിച്ച് പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചുകൂടെയെന്ന് രാജ്യസഭാംഗവും എം.പിയുമായ ഹാരിസ് ബീരാനോട് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ.വി വിശ്വനാഥൻ ആരാഞ്ഞു. എന്നാൽ, മരട് ഫ്ലാറ്റ് കേസിലെ സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്തുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കേണ്ടിവരുമെന്ന് ഹാരിസ് ബീരാൻ കോടതിയിൽ അഭിപ്രായപ്പെട്ടു. പാർലമെന്റ് ബില്ല് അംഗീകരിച്ചാൽ പൊളിച്ച ഫ്ലാറ്റുകൾ പണിതുകൊടുക്കേണ്ട ഉത്തരവാദിത്വം സുപ്രീം കോടതിക്ക് ആകില്ലെയെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ബി.ആർ ഗവായ് ആരാഞ്ഞു.
ഫ്ലാറ്റ് നിർമ്മാതാക്കളായ ഗോൾഡൻ കായലോരത്തിന് വേണ്ടിയാണ് ഹാരിസ് ബീരാൻ ഹാജരായത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനല്ല, ഗോൾഡൻ കായലോരത്തിന് നോട്ടീസ് ലഭിച്ചതെന്നും, എന്നാൽ അക്കാര്യം കണക്കിലെടുക്കാതെയാണ് ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ടതെന്നും ഹാരിസ് ബീരാൻ കോടതിയിൽ വാദിച്ചു. 2011- ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽപോലും ഗോൾഡൻ കായലോരം തീരദേശപരിപാലന നിയമം ലംഘിച്ചിട്ടില്ലെന്ന് ഫ്ലാറ്റ് ഉടമകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ലക്ഷ്മീഷ് കാമത്ത് വാദിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ആണ് സുപ്രീം കോടതിയിൽ ഹാജരായത്.
കേസിലെ വിവിധ കക്ഷികൾക്കുവേണ്ടി സീനിയർ അഭിഭാഷകരായ കെ. പരമേശ്വർ, പി. ബി കൃഷ്ണൻ, അഭിഭാഷകരായ കെ. രാജീവ്, എ. കാർത്തിക്, വെങ്കിട്ട സുബ്രഹ്മണി എന്നിവരും സുപ്രീം കോടതിയിൽ ഹാജരായി.
Content Highlights: Maradu Flat Demolition case Supreme Court should be settled by charging fine
Published: 25 Sept 2024, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented