കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്‍റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണം. ബി,സി ടവറുകളാണ് പൊളിച്ച് പുതുക്കി പണിയേണ്ടത്. ഫ്‌ളാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

To advertise here,

രണ്ട് ടവറുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നും കോടതി നിരീക്ഷിച്ചു. പൊളിക്കാനും പുതിയത് നിര്‍മിക്കാനും ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കണമെന്നും നിലവിലെ ഫ്‌ളാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതിയതിനും ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. 

ഫ്‌ളാറ്റുകളിലെ താമസക്കാര്‍ പുതിയ ഫ്‌ളാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ വാടക നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 21000 രൂപ മുതല്‍ 23000 രൂപ വരെ പ്രതിമാസ വാടക നല്‍കണമെന്നാണ് നിര്‍ദേശം. 

വൈറ്റിലയ്ക്ക് സമീപം സില്‍വര്‍ സാന്റ് ഐലന്റിലെ 'ചന്ദര്‍ കുഞ്ച്' എന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളാണ് പൊളിക്കേണ്ടത്. മൂന്ന് ടവറുകളിലായി ആകെ 264 ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി 2018-ലാണ് ഈ ഫ്‌ളാറ്റ് നിര്‍മിച്ചത്.