റായ്പുര്‍: ചലപതി എന്ന പേരിലറിയപ്പെടുന്ന ജയറാം റെഡ്ഡി എന്ന മുതിർന്ന മാവോവാദി നേതാവ് കഴിഞ്ഞദിവസമാണ് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢ്-ഒഡിഷ അതിര്‍ത്തിയില്‍ കേന്ദ്ര-സംസ്ഥാന പോലീസ് സേനകൾ ചൊവ്വാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഇദ്ദേഹത്തെ വധിക്കുകയായിരുന്നു. രാജ്യം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ആഭ്യന്തര തീവ്രവാദികളില്‍ ഏറ്റവും പ്രധാനിയായ ചലപതിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത് ഭാര്യ ചൈതന്യ വെങ്കട്ട് രവി എന്ന അരുണയുമൊത്തുള്ള ഒരു സെൽഫിയാണ് എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
2008 ഫെബ്രുവരിയിൽ ഒഡിഷയിലെ നായഗർ ജില്ലയിലുണ്ടായ ആക്രമണത്തിന്റെ സൂത്രധാരൻ ചലപതിയായിരുന്നു. 13 സുരക്ഷാസേനാംഗങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്. ഈ സംഭവത്തിനുശേഷം വർഷങ്ങളോളം ഇയാൾ ഒളിവിലായിരുന്നു. എന്നാൽ, മാവോവാദി ആന്ധ്ര, ഒഡിഷ സ്പെഷ്യൽ സോണൽ കമ്മിറ്റി ഡെപ്യൂട്ടി കമാൻഡറായ ഭാര്യ അരുണയുടെ കൂടുയുള്ള ഒരു ചിത്രമാണ് സുരക്ഷാസേനയെ ചലപതിയിലേക്ക് എത്തിച്ചത്. 2016 മേയിൽ ആന്ധ്രാപ്രദേശിൽ സുരക്ഷാസേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനുശേഷം കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് ഇരുവരുമൊന്നിച്ചുള്ള സെൽഫി ലഭിച്ചത്.
എ.കെ 47, എസ്.എല്‍.ആര്‍. തോക്കുകളോടെയുള്ള എട്ട് മുതല്‍ പത്ത് വരെ മാവോയിസ്റ്റുകളുടെ സുരക്ഷാ വലയത്തിലായിരുന്ന ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപ സർക്കാർ വിലയിട്ടിരുന്നു. ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിൽ സജീവമായിരുന്ന ചലപതി, സുരക്ഷാ സേനയില്‍ നിന്നുള്ള ഭീഷണി ശക്തമായതോടെ മാസങ്ങൾക്കു മുൻപാണ് ഗരിയാബാദിലേക്ക് തന്റെ താവളം മാറ്റിയത്.
ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയായ ഇയാൾ, ഒരു സാധാരണ മാവോവാദി കേഡറായാണ് പ്രവര്‍ത്തനം തുടങ്ങിയത്. തുടർന്ന് ഘട്ടംഘട്ടമായി പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിലേക്ക് എത്തുകയായിരുന്നു. ഒളിപ്പോരിലുള്ള വൈദഗ്ധ്യവും നേതൃഗുണവും ചലപതിയെ അനിഷേധ്യ നേതാവാക്കി മാറ്റി. ഛത്തീസ്ഗഢ് ഉള്‍പ്പടെയുള്ള മാവോവാദികളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ പല മുന്നേറ്റങ്ങളുടെയും ബുദ്ധികേന്ദ്രം ചലപതിയായിരുന്നു. സൈനിക തന്ത്രങ്ങളിലും ഗറില്ലാ യുദ്ധമുറകളിലും വിദഗ്ധനായാണ് ഇയാളെ സുരക്ഷാസേന കണ്ടത്.
Content Highlights: Maoist Leader Chalapati encounter death
Published: 22 Jan 2025, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented