ദേഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ മാനസദേവീക്ഷേത്രത്തില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത് വൈദ്യുതലൈനില്‍ തകരാറുണ്ടായി എന്ന അഭ്യൂഹം മൂലമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാനക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലാണ് തിക്കുംതിരക്കും ഉണ്ടായത്.
'ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ഭക്തര്‍ ക്ഷേത്രത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 'വൈദ്യുതി ലൈനില്‍ അപകടമുണ്ടായി എന്ന അഭ്യൂഹം ഭക്തര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും അവര്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതുമാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്,' ക്രമസമാധാനപാലന ചുമതലയുള്ള ഐ.ജി. നിലേഷ് ഭാര്‍നെ മാധ്യമങ്ങളോട് പറഞ്ഞു.
മരിച്ചവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബറേലി സ്വദേശി ആരുഷ് (12), ബിഹാറിലെ അരാരിയ സ്വദേശി ശകല്‍ (18), യുപിയിലെ രാംപൂര്‍ സ്വദേശി വിക്കി (18), ഉത്തരാഖണ്ഡിലെ കാശിപൂര്‍ സ്വദേശി വിപിന്‍ സൈനി (18), യുപിയിലെ ബദൗന്‍ സ്വദേശി ശാന്തി എന്നിവരാണ് മരിച്ചവരില്‍ അഞ്ചുപേര്‍. ഗുരുതരമായി പരിക്കേറ്റ അഞ്ച് ഭക്തരെ ഋഷികേശിലെ എയിംസിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാര്‍ സുമന്‍ അറിയിച്ചു. പരിക്കേറ്റ 23 പേര്‍ ഹരിദ്വാറിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശ്രാവണ മാസമായതിനാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ബില്‍വ പര്‍വതത്തിന് മുകളിലാണ് മാനസദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റോപ്പ് വേ വഴിയും പടിക്കെട്ടുകളിലൂടെയും ഇവിടേക്ക് എത്താം. ഈ പടിക്കെട്ടുകളിലാണ് അപകടമുണ്ടായത്. ഞായറാഴ്ച ക്ഷേത്രത്തില്‍ തിരക്കുണ്ടായിരുന്നെങ്കിലും, വൈദ്യുതി ലൈനിലെ തകരാറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ സ്ഥിതി കൂടുതല്‍ വഷളായെന്ന് അധികൃതര്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റിന് ഉത്തരവ് നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആള്‍ക്കൂട്ട നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും വിശദമായി പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
'ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിലുണ്ടായ തിക്കിലും തിരക്കിലും വളരെ ദുഃഖകരമായ വാര്‍ത്തയാണ് ലഭിച്ചത്. എസ്.ഡി.ആര്‍.എഫ്, ലോക്കല്‍ പോലീസ്, മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഞാന്‍ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്, സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ഭക്തരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാന്‍ മാതാ റാണിയോട് പ്രാര്‍ത്ഥിക്കുന്നു,' ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
തിക്കിലും തിരക്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തുകയും ദുരിതബാധിതര്‍ക്ക് സഹായം ഉറപ്പുനല്‍കുകയും ചെയ്തു. 'ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള മന്‍സ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ ജീവഹാനിയില്‍ അഗാധമായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. ദുരിതബാധിതര്‍ക്ക് പ്രാദേശിക ഭരണകൂടം വേണ്ട സഹായങ്ങള്‍ ഉറപ്പാക്കും,' പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
Content Highlights: mansa devi temple stampede false report of a power line fault triggered panic says report india news
Published: 27 Jul 2025, 08:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented