ചെന്നൈ:വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ ദീര്‍ഘകാലത്തെ വീഴ്ചയുണ്ടെന്ന് വെളിപ്പെടുത്തുന്ന സിബില്‍ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് നിയമനം റദ്ദാക്കിയ ബാങ്കിന്റെ നടപടി ശരിവെച്ച് മദ്രാസ് ഹൈക്കോടതി. സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികയിലേക്കുള്ള ഒരാളുടെ നിയമനം റദ്ദാക്കിക്കൊണ്ട് എസ്ബിഐ പുറപ്പെടുവിച്ച ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ശരിവെച്ചത്.
എസ്ബിയുടെ എച്ച്.ആര്‍ വിഭാഗം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥി നല്‍കിയ ഹര്‍ജി തള്ളി ജസ്റ്റിസ് എന്‍. മാലയുടെതാണ് വിധി.
പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്ന ബാങ്ക് ജീവനക്കാര്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 'മോശമായതും സാമ്പത്തിക അച്ചടക്കം ഇല്ലാത്തതുമായ ഒരാളെ പൊതുജനങ്ങളുടെ പണം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല. റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തില്‍ പരാമര്‍ശിച്ച ക്രെഡിറ്റ് സ്‌കോര്‍ ചരിത്രത്തെക്കുറിച്ചുള്ള യോഗ്യതാ മാനദണ്ഡം പാലിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടു' തുടങ്ങിയ എസ്ബിഐയുടെ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങളോട് കോടതി യോജിച്ചു.
വായ്പകളുടെയോ, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകളുടെയോ തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ക്കും സിബിലില്‍ നിന്നോ മറ്റ് ബാഹ്യ ഏജന്‍സികളില്‍ നിന്നോ പ്രതികൂല റിപ്പോര്‍ട്ടുകള്‍ ലഭിച്ചവര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമായി പറഞ്ഞിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരന് നിയമനം നല്‍കിയ ശേഷമാണ് അദ്ദേഹത്തിനെതിരായ പ്രതികൂല സിബില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ബാങ്ക് അറിഞ്ഞത്. 2018-ല്‍ ഐസിഐസിഐ ബാങ്കില്‍ ഡെപ്യൂട്ടി മാനേജരായിരിക്കെ ഹര്‍ജിക്കാരന്‍ 90,000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയുള്ള മൂന്ന് വ്യക്തിഗത വായ്പകള്‍ എടുത്തിരുന്നുവെന്നും എന്നാല്‍ തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും സിബില്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കൂടാതെ, ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകളിലും വീഴ്ച വരുത്തിയിരുന്നു, ഇത് 2019-ല്‍ എച്ച്ഡിഎഫ്സി ബാങ്കിന് 40,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പറയുന്നു.
ഹര്‍ജിക്കാരന്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഈ വിവരങ്ങളെല്ലാം മറച്ചുവെച്ചു എന്ന് എസ്ബിഐ അഭിഭാഷകന്‍ ആരോപിച്ചു. എന്നാല്‍ തന്റെ കക്ഷി ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് എല്ലാ കുടിശ്ശികകളും തീര്‍ത്തിരുന്നു എന്നും അതിനാല്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡം അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ ഈ മാനദണ്ഡം ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് കുടിശ്ശികകള്‍ തീര്‍ക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് വായ്പകള്‍ കൃത്യസമയത്ത് തിരിച്ചടച്ചതില്‍ ഉദ്യോഗാര്‍ഥിക്ക് ഉണ്ടായിരിക്കേണ്ട ക്രെഡിറ്റ് ചരിത്രത്തെക്കുറിച്ചാണെന്നും കോടതി വ്യക്തമാക്കി. മോശം ക്രെഡിറ്റ് ചരിത്രമുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കേണ്ടതില്ല എന്ന് എസ്ബിഐ വിവേകപൂര്‍ണ്ണമായ തീരുമാനമാണ് എടുത്തതെന്നും കോടതി പറഞ്ഞു.
Content Highlights: Man denied SBI job over poor credit history; Madras High Court upholds bank’s decision
Published: 28 Jun 2025, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented