ഉയര്‍ന്ന ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ചതിനെ കുറിച്ച് മനസ് തുറന്ന് ഡല്‍ഹി സ്വദേശിയായ യുവതി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് 29-കാരി എന്തുകൊണ്ട് ജോലി രാജിവെയ്ക്കുന്നത് എന്നതിനെ കുറിച്ച് പറയുന്നത്. ദിവസേനയുള്ള ഈ ജോലി കാരണം തനിക്ക് തന്നെത്തന്നെ നഷ്ടപ്പെട്ടു പോകുന്നുവെന്നും മാനസികാരോഗ്യത്തിനും സമാധാനത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും യുവതി വീഡിയോയില്‍ പറയുന്നു. 

To advertise here,

തനിക്ക് ഒരിക്കലും ഈ ജോലി ചേരില്ലെന്നും കൃത്യമായ പ്‌ളാന്‍ ബി ഇല്ലാതെയാണ് ജോലി ഉപേക്ഷിച്ചതെന്നും യുവതി വ്യക്തമാക്കുന്നു, 'വളരേയധികം കഷ്ടപ്പെട്ടാണ് ഈ ജോലി നേടിയെടുത്തത്. ഇതെന്റെ സ്വപ്നജോലിയായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യം വളരെ വ്യത്യസ്തമായിരിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഈ ജോലിയില്‍ പൂര്‍ണമായും സംതൃപ്തിയുള്ള ആരേയും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ പലര്‍ക്കും ഈ ജോലി ഉപേക്ഷിക്കാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. എനിക്ക് ആ സാഹചര്യമുണ്ട് എന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അതില്‍ ഞാന്‍ എല്ലായ്‌പ്പോഴും നന്ദിയുള്ളവളുമാണ്.'-യുവതി വീഡിയോയില്‍ പറയുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത അനുഭവങ്ങളായതിനാല്‍, തന്റെ തീരുമാനം ആരെയും നിരുത്സാഹപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും അവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. 

ഐബിപിഎസ് പരീക്ഷ പാസായശേഷം 2022-ലാണ് അവര്‍ ബാങ്കില്‍ ചേര്‍ന്നത്. ഒരു വര്‍ഷത്തെ കഠിനമായ പരിശീലനത്തിന് ശേഷം സ്‌കെയില്‍ വണ്‍ ഓഫീസറായി മീററ്റില്‍ നിയമനം ലഭിച്ചു. തന്റെ ബ്രാഞ്ചില്‍ വായ്പകള്‍ കൈകാര്യം ചെയ്യുന്ന ചുമതലയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ 63 ലക്ഷം പേരാണ് ഇതുവരെ കണ്ടത്. യുവതിയെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ കമന്റും ചെയ്തിട്ടുണ്ട്.