
ഗുജറാത്ത്: ഗുജറാത്തിലെ ഒരു സിമന്റ് ഫാക്ടറിക്ക് പുറത്തുവെച്ച് ഒരാള്‍ സിംഹവുമായി മുഖാമുഖം കാണുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിംഹത്തെ കണ്ട് മനുഷ്യര്‍ ഓടിരക്ഷപ്പെടുന്നത് സാധാരണയാണെങ്കിലും ഇവിടെ മനുഷ്യനെ കണ്ട സിംഹവും തിരിഞ്ഞോടി രക്ഷപ്പെടുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഈ കൗതുകമാണ് വീഡിയോ വലിയരീതിയില്‍ പ്രചരിക്കാന്‍ കാരണമായിരിക്കുന്നത്.
ജുനഗഡ് ജില്ലയിലെ ദുന്‍ഗര്‍പുരിലുള്ള പാതാപൂര്‍ ഗ്രാമത്തിലെ ആധാര്‍ സിമന്റ് ഫാക്ടറിയുടെ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. ഫാക്ടറിയുടെ മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലാണ് രസകരമായ ദൃശ്യം പതിഞ്ഞത്. രാത്രി 10 മണിയോടെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയ ആളാണ് ഗേറ്റിനടുത്തുവെച്ച് അപ്രതീക്ഷിതമായി സിംഹത്തിന് മുന്നില്‍പെട്ടത്. മതിലിനപ്പുറത്തുകൂടി സിംഹം നടന്നുവരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഗേറ്റിന് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ മനുഷ്യനും, ഗേറ്റിനടുത്തേക്ക് നടന്നടുത്ത സിംഹവും നേര്‍ക്കുനേര്‍ കണ്ടു. അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടലില്‍ ഭയന്നുവിറച്ച മനുഷ്യന്‍ ഫാക്ടറിക്കുള്ളിലേക്ക് തന്നെ ഓടിക്കയറുകയായിരുന്നു. അതേസമയം, മതിലിനപ്പുറത്ത് സിംഹവും ഓടിരക്ഷപ്പെടുന്നതാണ് വീഡിയോയില്‍ കാണാനാവുക. രണ്ടുകൂട്ടരും ഒരുപോലെ ഭയന്ന് എതിര്‍ദിശയിലേക്ക് ഓടുന്ന ദൃശ്യം കാഴ്ചക്കാരില്‍ ഒരേസമയം ഞെട്ടലും കൗതുകവും ഉളവാക്കി.
ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് സംഭവത്തിന്റെ വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. 'ജുനഗഡിലെ സിമന്റ് ഫാക്ടറിയിലെ ഒരു തൊഴിലാളിയും സ്വതന്ത്രമായി വിഹരിക്കുന്ന ഒരു സിംഹവും അവിചാരിതമായി കണ്ടുമുട്ടുന്നു. ഇരുവരും പരിഭ്രാന്തരാകുന്നു. നിങ്ങള്‍ ഇപ്പോള്‍ കണ്ടത് അപൂര്‍വമായ ഒരു ഓട്ടമാണ്,' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സുശാന്ത നന്ദ കുറിച്ചത്.
'ഇതൊരു വനമേഖലയാണ്. അതുകൊണ്ടുതന്നെ രാത്രി വൈകിയോ അതിരാവിലെയോ ഇവിടെ സിംഹങ്ങളെ കാണുന്നത് സാധാരണമാണ്. എന്നാല്‍ രാത്രി ആ സമയത്ത് ഇത്രയും അടുത്ത് ഒന്നിനെ കാണുന്നത് അസാധാരണമാണ്. ആ മനുഷ്യന്‍ പരിഭ്രാന്തനായി തിരിച്ചോടി, അതേവേഗതയില്‍ സിംഹവും പിന്തിരിഞ്ഞോടി,' സംഭവത്തെക്കുറിച്ച് ഫാക്ടറി ഉടമ സാഗര്‍ കൊട്ടേച്ച പറയുന്നു.
സിംഹങ്ങള്‍ പലപ്പോഴും ഫാക്ടറി ഗേറ്റിന് സമീപത്തുകൂടി കടന്നുപോകാറുണ്ടെങ്കിലും ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും കൊട്ടേച്ച വ്യക്തമാക്കി. 'ഇവിടെ സിംഹങ്ങളെ കാണുന്നത് സാധാരണമായിരിക്കാം. എന്നാല്‍, ഒരു സിംഹം നിങ്ങളുടെ വഴിയില്‍ നേരെ എതിരെവന്നാല്‍, അതിനി ഇവിടെ എത്ര സാധാരണമാണെന്ന് പറഞ്ഞാലും, നിങ്ങള്‍ക്ക് ഭയം തോന്നാതിരിക്കില്ല,' അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ വനമേഖലകളില്‍ വന്യജീവികളും മനുഷ്യരും എത്രത്തോളം അടുത്താണ് ഇടപെഴകുന്നതെന്ന് ഈ ചെറിയ വീഡിയോയിലൂടെ മനസിലാക്കാം എന്നാണ് വീഡിയോയുടെ അടിയിലുള്ള ഒരു കമന്റ്. ഈ അപ്രതീക്ഷിത കണ്ടുമുട്ടല്‍ ഗുജറാത്തിലെ വനമേഖലകളില്‍ മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ സത്യസന്ധമായ മുഖം വ്യക്തമാക്കുന്നതായി മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു.
വനപ്രദേശങ്ങളില്‍ താമസിക്കുമ്പോള്‍ തെരുവ് നായകളുടെയും വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെയും മറ്റും അസാധാരണമായ പെരുമാറ്റം ശ്രദ്ധിക്കണമെന്നും ഈ വീഡിയോ ജനങ്ങള്‍ക്ക് കൂടുതല്‍ ജാഗ്രത പകരാന്‍ കാരണമാകട്ടെയെന്നും ഒരാള്‍ പറയുന്നു. അതേസമയം വീഡിയോയെ തമാശയായി കാണുന്നവരും ഉണ്ട്.
'മനുഷ്യനുമായുള്ള പെട്ടെന്നുള്ള അപ്രതീക്ഷിത കണ്ടുമുട്ടല്‍ ഒരു സിംഹത്തില്‍ പോലും 'ഓടി രക്ഷപ്പെടാനുള്ള പ്രതികരണം' ഉളവാക്കി', 'അടിപൊളി വീഡിയോ... മനുഷ്യന്റെയും സിംഹത്തിന്റെയും വിപരീത ദിശയിലേക്കുള്ള ഓട്ടം', 'അവയ്ക്ക് നമ്മളെ ഭയപ്പെടാന്‍ നമ്മള്‍ കൂടുതല്‍ കാരണങ്ങള്‍ നല്‍കുന്നുണ്ട്, ആ സിംഹം ഓടിപ്പോയതില്‍ അതിശയിക്കാനില്ല' എന്നൊക്കെയാണ് വീഡിയോയുടെ അടിയിലുള്ള കമന്റുകള്‍.
Content Highlights: man and a lion surprising encounter outside a gujarat cement factory both flee in opposite direction
Published: 11 Aug 2025, 08:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented