ന്യൂഡൽഹി: എസ്.ഐ.ആർ. ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ തീരുമാനമെടുത്തത് മറ്റുരണ്ട് കമ്മിഷണർമാരുടെ അംഗീകാരമില്ലാതെയാണെന്ന വാദം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളും കമ്മിഷൻ ഐകകണ്‌ഠ്യേന എടുത്തതാണെന്ന് ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ചേർന്നു സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കന്നിവോട്ടർമാർക്ക് പേരുചേർക്കാനുള്ള ഫോം ആറിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നും കമ്മിഷൻ അവകാശപ്പെട്ടു.

എസ്.ഐ.ആർ. ഉൾപ്പെടെ പല സുപ്രധാന തീരുമാനങ്ങളും ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി എടുത്തതാണെന്നും രണ്ട് കമ്മിഷണർമാരും അതിനെ എതിർത്തിരുന്നെന്നും മാധ്യമ റിപ്പോർട്ടുണ്ടായിരുന്നു.

To advertise here,

കമ്മിഷൻ ഐകകണ്‌ഠ്യേനയല്ലാതെ എടുത്ത തീരുമാനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപ്പാർട്ടികൾ പ്രതിഷേധിച്ചുവരുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ മൂവരും ചേർന്ന് സത്യവാങ്മൂലം നൽകിയത്. ഒരു പത്രറിപ്പോർട്ടിനെമാത്രം അടിസ്ഥാനമാക്കിയുള്ള ഹർജി തള്ളണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് 2025 ജൂൺ, ഒക്ടോബർ, 2026 മേയ് മാസങ്ങളിൽ ഇറക്കിയ മൂന്ന് ഉത്തരവുകളും കമ്മിഷന്റെ ഐകകണ്‌ഠ്യേനയുള്ള തീരുമാനമാണ്. ഫയലുകൾ തയ്യാറാക്കുന്നതിനിടെ കമ്മിഷണർമാർ അയക്കുന്ന കുറിപ്പുകൾ, സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവയൊന്നും കമ്മിഷന്റെ തീരുമാനത്തിന്റെ ഭാഗമല്ല.

ഫോം ആറിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നും കമ്മിഷൻ ആവർത്തിച്ചു. എസ്.ഐ.ആറിന് വേണ്ടി ഫോമിനോടൊപ്പം ചേർത്ത ഡിക്ലറേഷൻ പ്രത്യേകരേഖയാണ്. കേന്ദ്ര സർക്കാരിന് മാത്രമേ, ഫോം ആറിൽ ഭേദഗതി വരുത്താനാകൂ. എന്നാൽ, ഫോം ആറിനെ ഓൺലൈനിൽ കാണുമ്പോൾ ഭേദഗതി വരുത്തിയതായി തോന്നാം. അതേസമയം, ഒക്ടോബർ 21 മുതൽ ഫോം ആറും എസ്.ഐ.ആർ. ഡിക്ലറേഷനും വെവ്വേറെ കാണിക്കാൻ തുടങ്ങിയിട്ടുണ്ട്.

എസ്.ഐ.ആറിന് ശേഷം ഒഴിവാക്കപ്പെട്ടവർക്ക് സാധാരണഗതിയിൽ വീണ്ടും ഹിയറിങ് ആവശ്യമില്ല. ബൂത്ത് തല ഉദ്യോഗസ്ഥർ(ബി.എൽ.ഒ.) വീട്ടിലെത്തി വിവരം ശേഖരിക്കും. അപൂർവ കേസുകളിൽ മാത്രമേ ഹിയറിങ്, അതും ഓൺലൈനായി വേണ്ടിവരൂ.

ഇ.സി.ഐ.നെറ്റ് പ്ലാറ്റ്‌ഫോമിനേക്കുറിച്ചുള്ള ആക്ഷേപങ്ങൾക്കു കമ്മിഷൻ മറുപടി നൽകി. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ അനുമതിയില്ലാതെ വോട്ടർപട്ടികയിൽ പേരുകൾ ചേർക്കാനോ ഒഴിവാക്കാനോ സാധിക്കില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.