കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ നിരവധി തിരിച്ചടികൾ നേരിട്ടിട്ടും തോറ്റുകൊടുക്കാൻ തയ്യാറാകാതെ മമത ബാനർജി. മമതയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് ഭൂരിഭാഗം എംഎൽഎമാരും എംപിമാരും രണ്ട് വിമത വിഭാഗങ്ങളായി പിരിഞ്ഞതോടെ പാർട്ടി നിലവിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിമതരെ 'വഞ്ചകർ' എന്ന് വിശേഷിപ്പിച്ച മമത, തന്നെ തടയണമെങ്കിൽ തന്നെ കൊലപ്പെടുത്തേണ്ടി വരുമെന്നാണ് തന്റെ രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിച്ചിരിക്കുന്നത്.
80 എംഎൽഎമാരും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ ഒരു വിഭാഗമായി മാറുകയും, ലോക്സഭാ എംപിമാർ മൂന്നാമതൊരു ചേരി രൂപീകരിക്കുകയും ചെയ്തതോടെയാണ് 'യഥാർത്ഥ തൃണമൂൽ' ആരെന്ന് തെളിയിക്കാനുള്ള പോരാട്ടം ആരംഭിച്ചത്. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി നിയമപോരാട്ടം തുടരുമെന്നും താൻ ബിജെപിയുമായി ഒരിക്കലും സന്ധി ചെയ്യില്ലെന്നും മമത പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയുടെ രാജിയും പാർട്ടിയുടെ പ്രധാന ഓഫീസ് വിമതർ പിടിച്ചെടുത്തതും മമതയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
വിമതരെ 'വഞ്ചകർ' എന്ന് വിശേഷിപ്പിച്ച മുൻ മുഖ്യമന്ത്രി, പാർട്ടിയുടെ ചിഹ്നം തന്നോടും തന്നോട് കൂറുപുലർത്തുന്നവർക്കൊപ്പവും ആയിരിക്കും നിലനിൽക്കുക എന്ന് വ്യക്തമാക്കി. വിമതർ നീണ്ടുനിൽക്കുന്ന ഒരു നിയമപോരാട്ടത്തെ നേരിടേണ്ടി വരുമെന്ന സൂചനയാണ് ഇത് നൽകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 'പാർട്ടി ചിഹ്നം എങ്ങും പോകില്ല. നിങ്ങൾക്ക് എന്നെ തടയണമെന്നുണ്ടെങ്കിൽ, നിങ്ങൾക്ക് എന്നെ കൊല്ലേണ്ടി വരും.' മമത ശനിയാഴ്ച പറഞ്ഞു.
പാർട്ടിയുടെ ബംഗാൾ ഘടകം അധ്യക്ഷയും തന്നോട് കൂറുപുലർത്തിയിരുന്ന ചുരുക്കം പ്രമുഖരിൽ ഒരാളുമായ ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച രാജിവെച്ചത് തൃണമൂൽ അധ്യക്ഷയ്ക്ക് വലിയ ആഘാതമാണ് ഏൽപിച്ചിരിക്കുന്നത്. നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള പക്ഷത്തിനൊപ്പമാണ് രാജിക്ക് ശേഷം ചന്ദ്രിമയെ പിന്നീട് കണ്ടത്. വെള്ളിയാഴ്ച കൊൽക്കത്തയിലെ പാർട്ടി ഓഫീസ് ഋതബ്രത പക്ഷം പിടിച്ചെടുത്തിരുന്നു.
'ചന്ദ്രിമ ഭട്ടാചാര്യ ഇന്ന് രാജിവെച്ചു. താൻ രാജിവെക്കുമെന്ന യഥാർത്ഥ സാഹചര്യം അവർ നേരത്തെ എന്നെ അറിയിച്ചിരുന്നു - കാരണം അവളുടെ മകൻ നേരത്തെ ഒരു തൃണമൂൽ വിരുദ്ധ വിഭാഗവുമായി കൈകോർത്തിരുന്നു.' മമത ബാനർജി പറഞ്ഞു. വിമതർ വാഗ്ദാനം ചെയ്ത ഉപദേശക പദവി നിരസിച്ച മുൻ മുഖ്യമന്ത്രി, താൻ ഒരിക്കലും അവരോടൊപ്പം ചേരില്ലെന്ന് പ്രതിജ്ഞയെടുത്തു. 'അതവർക്ക് (ചന്ദ്രിമ ഭട്ടാചാര്യ) ചെയ്യാവുന്ന കാര്യമാണ്, പക്ഷേ ഞാൻ അവരുമായി കൈകോർക്കില്ല.' മമത നിലപാട് വ്യക്തമാക്കി.
ബിജെപി ചെലുത്തുന്ന സമ്മർദ്ദം മൂലമാണ് വിമതർ പിരിഞ്ഞുപോയതെന്നും തൃണമൂൽ അധ്യക്ഷ അവകാശപ്പെട്ടു. 'പക്ഷേ ഞാൻ ബിജെപിക്ക് മുന്നിൽ തലകുനിക്കില്ല, എന്റെ പാർട്ടി ഒരു സമ്മർദ്ദത്തിന് മുന്നിലും വഴങ്ങില്ല.' അവർ കൂട്ടിച്ചേർത്തു. വിമതർ തൃണമൂൽ ഓഫീസ് പിടിച്ചെടുത്ത വിഷയത്തിലും ബാനർജി പ്രതികരിച്ചു. 'ഇന്നലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ പോയി അത് പൂട്ടിയവരോട് എനിക്ക് ഇതാണ് പറയാനുള്ളത്: ഞങ്ങൾ ആ ഓഫീസ് വാടകയ്ക്ക് എടുത്തതാണ്. 2027 ഒക്ടോബർ വരെ അത് ഞങ്ങൾക്ക് പാട്ടത്തിന് നൽകിയിട്ടുള്ളതാണ്. ഒരു വ്യക്തി പാർട്ടി വിട്ടേക്കാം, പക്ഷേ സ്ഥാപനം ഇല്ലാതാകുന്നില്ല. അത് പാർട്ടിയുടെ സ്വത്താണ്.' അവർ പറഞ്ഞു.
2011-ൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഭരണത്തെ പിഴുതെറിഞ്ഞ മുൻ മുഖ്യമന്ത്രി, തന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രം ഭരണകക്ഷിക്ക് വിരുദ്ധമാണെന്ന് ഊന്നിപ്പറഞ്ഞു. 'ചിഹ്നം നൽകിയത് ഞാനാണ്. 2026-ലെ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ നാമനിർദ്ദേശ പത്രികകളിൽ ഒപ്പിട്ടത് ഞാനായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ നിങ്ങൾ എങ്ങനെ വഞ്ചകരായി മാറി? അതിനൊരു പരിധിയുണ്ടാകണം. നിങ്ങൾ ഇപ്പോൾ ബിജെപിക്കൊപ്പമാണ്, ഇത് ഇങ്ങനെ അധികം മുന്നോട്ട് പോകില്ല, കാരണം തൃണമൂലിന്റെ പ്രത്യയശാസ്ത്രം ബിജെപി വിരുദ്ധമാണ്.' അവർ പറഞ്ഞു.
ചന്ദ്രിമ ഭട്ടാചാര്യയുടെ പുറത്തുപോക്കിന് ശേഷം, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പാർട്ടിയുടെ ചുമതല താൻ ഏറ്റെടുത്തതായും മമത പ്രഖ്യാപിച്ചു. തന്റെ വീട്ടിലെ പാർട്ടി ഓഫീസ് തൃണമൂലിന്റെ പ്രധാന ഓഫീസായി പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി. ബംഗാൾ തിരഞ്ഞെടുപ്പിൽ പാർട്ടിയും ബാനർജിയും പരാജയപ്പെട്ടതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. വിമതരായ എംഎൽഎമാർ മമതയുടെ നേതൃശൈലിയെ ചോദ്യം ചെയ്‌തെങ്കിലും, അവരുടെ പുറത്തുപോക്ക് പാർട്ടിയിൽ മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ പങ്കിനെക്കുറിച്ചുള്ള ഒരു ഹിതപരിശോധനയാണ് എന്ന സൂചനയാണ് അവശേഷിപ്പച്ചത്.
60-ലധികം എംഎൽഎമാരും 20-ലധികം ലോക്സഭാ എംപിമാരും കുറഞ്ഞത് മൂന്ന് രാജ്യസഭാ എംപിമാരും മമത നയിക്കുന്ന സംഘടനയിൽ നിന്ന് വിട്ടുപോകുന്നതായി അറിയിച്ചു. പാർട്ടിയുടെ ബംഗാൾ ഘടകത്തിന്റെ അധ്യക്ഷയായി നിയമിതയായി ആഴ്ചകൾക്കുള്ളിലാണ് ഭട്ടാചാര്യ തന്റെ രാജി പ്രഖ്യാപിച്ചത്. തന്റെ വിടവാങ്ങൽ കത്തിൽ, തനിക്ക് എപ്പോഴും മമത ബാനർജിയോട് വലിയ ബഹുമാനമുണ്ടായിരിക്കുമെന്ന് അവർ പറഞ്ഞു. എന്നാൽ, തന്റെ തീരുമാനത്തിന് കാരണം വിശ്വാസക്കുറവാണെന്നും അവർ കുറ്റപ്പെടുത്തി. 'വിശ്വാസമില്ലാത്ത ഇടത്ത്, വിശ്വാസ്യത ഇല്ലാത്ത ഇടത്ത്, ജോലി ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് ഞങ്ങൾ രാജിവെച്ചത്.' അവർ പറഞ്ഞു.
Content Highlights: Mamata Banerjee labels defecting MLAs and MPs as traitors. Legal battle expected over the Trinamool Congress party symbol. Chandrima Bhattacharya resigns from party leadership roles. Banerjee asserts party office lease validity until October 2027. Election Commission to adjudicate factional claims by July 6.
Published: 04 Jul 2026, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented