
ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ചോദ്യത്തിന് കോഴ വിവാദത്തിൽ ലോക്‌സഭയിലെ തൃണമൂലിന്റെ ശബ്ദം അയോഗ്യയാക്കപ്പെട്ടിരിക്കുന്നു. തൃണമൂൽ എം.പി. മഹുവ മോയ്ത്ര ആഡംബര വസ്തുക്കളായ സമ്മാനങ്ങൾ സ്വീകരിച്ചു. കാർ ഉപയോഗിച്ചു.. അങ്ങനെ ഗുരുതരമായ തെറ്റുകളാണ് മഹുവയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്, ഇത് തീർച്ചയായും ഗൗരവത്തോടെ കാണേണ്ടതും ശിക്ഷിക്കപ്പെടേണ്ടതാണെന്നുമായിരുന്നു എത്തിക്‌സ് കമ്മിറ്റിയുടെ വാദം. എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തൽ ശരിവെച്ചുകൊണ്ടാണ് തൃണമൂൽ എംപി പുറത്താക്കപ്പെട്ടിരിക്കുന്നത്. ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനെത്തിയ മഹുവ ഒരുപക്ഷേ നേരിടുന്ന ആദ്യ തിരിച്ചടി. ഇതോടെ തീരുകയാണോ മഹുവയെന്ന തൃണമൂൽ താരോദയത്തിന്റെ രാഷ്ട്രീയ ഭാവി?
വില കൂടിയ ഫെർഗാമോ ഷൂസും ലൂയി വുറ്റോൺ ഹാൻഡ്ബാഗും അത്യാകർഷകമായി അണിഞ്ഞ ഹാൻഡ്‌ലൂം സാരിയും സൺ ഗ്ലാസും മേക്കപ്പുമണിഞ്ഞ് പബ്ലിക് ഇമേജിനെ ഒട്ടും ഭയക്കാതെയാണ് ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിലേക്ക് മഹുവ മൊയ്ത്ര നടന്നുകയറിയത്. രാഷ്ട്രീയക്കാരിയാണ്, ജനസേവനമാണ് ധർമം. അതുകൊണ്ട് ജനസമ്മതി ഉറപ്പിക്കാനായി തുടർന്നുപോരേണ്ട വസ്ത്രധാരണമടക്കമുള്ള വാർപ്പുമാതൃകകൾ പിന്തുടരാൻ മഹുവ ഒരുകാലത്തും ഒരുക്കമായിരുന്നില്ല. ബാഹ്യരൂപത്തിലല്ല പ്രവൃത്തിയിലാണ് കാര്യം, വ്യക്തിജീവിതവും പൊതുജന സേവനവും രണ്ടാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട്, ഹിന്ദിയേക്കാൾ വഴങ്ങുന്ന ഇംഗ്ലീഷിൽ പറയാനുള്ള കാര്യം വ്യക്തമായി പറഞ്ഞുകൊണ്ടുതന്നെ, രാഷ്ട്രസേവനത്തിനിറങ്ങുന്ന ഒരു സ്ത്രീ എങ്ങനെയായിരിക്കരുതെന്ന പരമ്പരാഗത ധാരണകളുടെ മുഖത്തടിച്ചുകൊണ്ട് മഹുവ ഓരോ ചുവടും മുന്നോട്ടുവെച്ചു.
അമേരിക്കൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ജെ.പി.മോർഗനിൽനിന്ന് 11 വർഷത്തെ സേവനത്തോട് ബൈ ബൈ പറഞ്ഞാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കണമെന്ന ലക്ഷ്യത്തോടെ ലണ്ടനിൽനിന്ന് മഹുവ മടങ്ങിയെത്തിയത്. ജെ പി. മോർഗൻ ചേസിൽ വൈസ് പ്രസിഡന്റായിരുന്നു അന്ന് മഹുവ. ഇന്ദിര ഗാന്ധിയും മാർഗരറ്റ് താച്ചറുമാണ് തന്റെ മാതൃകകൾ എന്നുപ്രഖ്യാപിച്ചുകൊണ്ട്, കരിയറിൽ ഉയരങ്ങൾ വെട്ടിപ്പിടിക്കാമായിരുന്ന ജോലി ഉപേക്ഷിച്ച് ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത്, രാഷ്ട്രീയത്തിൽ തലതൊട്ടപ്പന്മാർ ആരുമില്ലെന്നിരിക്കെപ്പോലും ഇറങ്ങാൻ കാണിച്ച തന്റേടം തന്നെയാണ് മഹുവയുടെ എന്നത്തേയുംവലിയ കൈമുതൽ.
എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെന്നു ചോദിച്ചാൽ മഹുവ എല്ലായ്‌പ്പോഴും പറയുന്ന രണ്ടു കഥകളുണ്ട്. ഒന്ന്, മഹുവ പൊതുജനസേവനത്തിനിറങ്ങുമെന്ന ജ്യോത്സന്റെ പ്രവചനം. മറ്റൊന്ന് യു.എസിൽ വിദ്യാർഥിയായിരിക്കേ പതിനെട്ടാം വയസ്സിൽ അമ്മയ്ക്കയച്ച കത്ത്. 'പഠനശേഷം കുറച്ചുകാലം ഞാൻ ഇവിടെ ജോലി ചെയ്യും. പിന്നെ ഇന്ത്യയിലേക്ക് തിരിച്ചുവരും, രാഷ്ട്രീയത്തിലിറങ്ങും.' കത്തിലെ ഒരു വാചകം ഇപ്രകാരമായിരുന്നു. എന്തുകൊണ്ട് അന്നങ്ങനെ എഴുതിയെന്നതിനെകുറിച്ച് മഹുവയ്ക്ക് തന്നെ വ്യക്തതയില്ല. പക്ഷേ, വളരെ ചെറുപ്പത്തിൽ തന്നെ ജനസേവനത്തിൽ മഹുവ തല്പരയായിരുന്നുവത്രേ, എല്ലായ്‌പ്പോഴും അതേക്കുറിച്ചു മാത്രമായിരുന്നു രക്ഷിതാക്കളോട് അവൾ സംസാരിച്ചിരുന്നതും. ഇന്ത്യയുടെ വികസനത്തിൽ അർഥപൂർണമായ ഒരു പങ്കുവഹിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു അന്നുമുതൽ അവരുടെ നീക്കങ്ങൾ.
'മുപ്പതു തികഞ്ഞതോടെ എന്റെ മനസ്സ് അതിതീവ്രമായി ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് ഞാൻ എത്തി. വളരെ പെട്ടെന്നാണ് ജോലി ഉപേക്ഷിക്കാനും ഇന്ത്യയിൽ തിരിച്ചെത്തി രാഷ്ട്രീയത്തിൽ കാലുറപ്പിക്കാനും തീരുമാനമെടുക്കുന്നത്. ഉയർന്നൊരു പദവിയിൽ ആയിരുന്നതിനാൽ തന്നെ മാതാപിതാക്കൾ അസ്വസ്ഥരായിരുന്നു. പക്ഷേ, എനിക്കു വേണ്ടത് പൊതുജീവിതമാണെന്ന് എനിക്കുറപ്പായിരുന്നു. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന കൃത്യമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഏത് പാർട്ടിയിലാണ് ചേരേണ്ടത് എന്ന് അറിയുമായിരുന്നില്ല. എത്തേണ്ടത് എവിടെ എന്നുമാത്രം അറിയാം. ഇവിടെ രാഷ്ട്രീയം ഒരിക്കലും ഒരു കരിയറായല്ലല്ലോ കണക്കാക്കുന്നത്. ക്ലയന്റ് പ്രസന്റേഷൻ ചെയ്തിരുന്നതുകൊണ്ട് എനിക്ക് ജനങ്ങളുമായി സംവദിക്കുക അത്ര പ്രയാസമല്ലെന്ന് ഉറപ്പുണ്ടായിരുന്നു.' തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് മഹുവ ഒരു അഭിമുഖത്തിൽ സംസാരിച്ചത് ഇപ്രകാരമാണ്.
കോൺഗ്രസിന്റെ യൂത്ത് വിങ്ങായ യൂത്ത് കോൺഗ്രസിലാണ് മഹുവ ആദ്യമെത്തുന്നത്. രാഹുൽ ഗാന്ധിയുടെ 'പെറ്റ് ക്യാമ്പെയ്ൻ' എന്നു പേരുകേട്ട ആം ആദ്മി കി സിപാഹിയിൽ സജീവമായി അവർ പങ്കെടുക്കുകയും ചെയ്തു. എന്നാൽ, പശ്ചിമ ബംഗാളിൽ കോൺഗ്രസിനുള്ള സ്വാധീനക്കുറവ് തിരിച്ചറിഞ്ഞ മഹുവ 2010-ൽ മമതയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയാവുകയും തൃണമൂൽ കോൺഗ്രസിലേക്ക് ചുവടുമാറ്റുകയുമാണ് ചെയ്തത്. 'ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ഗോഡ്ഫാദറോ ഗോഡ്മദറോ ഇല്ലാതെ കഴിഞ്ഞ 34 വർഷമായി പാർട്ടിയുമായി മുന്നോട്ട് പോകാൻ സാധിച്ച വനിതയാണ് മമത ബാനർജി. അവർ അവരുടെ ഹൃദയത്തെ മാത്രം ശ്രവിച്ചുകൊണ്ട് പാർട്ടിയെ മുന്നോട്ടു നയിക്കുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതുകൊണ്ട് അതുതന്നെയാണ് വേണ്ടതും. തനിച്ചുനിന്ന് പോരാടുള്ള അവരുടെ ചങ്കൂറ്റം, അതിനെയാണ് ഞാൻ ആരാധിക്കുന്നത്.' മമതയെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മഹുവ നൽകിയ മറുപടി ഇപ്രകാരമായിരുന്നു.
പാരച്യൂട്ടിൽ വന്നിറങ്ങിയെന്ന് ജനങ്ങൾ പറയില്ലല്ലോ
തൃണമൂലിൽ അംഗത്വമെടുത്ത് ആറുവർഷം കഴിഞ്ഞാണ് മഹുവയ്ക്ക് നിയമസഭയിലേക്ക് സീറ്റ് ലഭിക്കുന്നത്. അതിനിടയിൽ പാർട്ടി സെക്രട്ടറി ഉൾപ്പടെയുള്ള പദവികളിൽ അവർ സേവനമനുഷ്ഠിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ സ്വാധീനമുപയോഗിച്ച് രാഷ്ട്രീയത്തിലെത്തിയെന്ന് ജനങ്ങൾ ആരോപിക്കില്ലല്ലോ എന്നായിരുന്നു അതേക്കുറിച്ച് അവരുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് വക്താവായി ചാനൽ ചർച്ചകളിലുൾപ്പടെ നിറഞ്ഞുനിന്ന മഹുവ അർണബ് ഗോസ്വാമിയുമായി ഓൺ എയറിൽ നടത്തിയ വാക്‌പോര് വലിയ വിവാദമായിരുന്നു. അർണബിന്റെ ചാനൽ ചർച്ചയെ വൺ മാൻഷോ എന്ന് വിശേഷിപ്പിച്ച് നടുവിരൽ ഉയർത്തിക്കാണിച്ചു മഹുവ. തൃണമൂലിന്റെ ശബ്ദമായി മാറിയ അവരെ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കരിംപുരിൽ പരീക്ഷിക്കാനായിരുന്നു മമതയുടെ തീരുമാനം. കരിംപുർ പോലൊരു സ്ഥലത്ത് മഹുവയെപ്പോലൊരു ജീവിതശൈലി നയിക്കുന്ന വ്യക്തിക്ക് എത്രത്തോളം ശോഭിക്കാനാകുമെന്ന സംശയത്തോടെയാണ് തൃണമൂൽ പ്രവർത്തകർ അപ്രതീക്ഷിതമായ ആ തീരുമാനത്തോട് പ്രതികരിച്ചത്. അവരുടെ കോർപറേറ്റീവ് പശ്ചാത്തലവും ജീവിതരീതിയും കരിംപുരിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്ന് തന്നെ അവർ വിധിയെഴുതി.
എന്നാൽ തന്റെ ജീവിതരീതി മാറ്റുകയല്ല, പ്രവർത്തനരീതിയിലൂടെ ജനഹൃദയങ്ങളിൽ അവർ സ്ഥാനം നേടുകയായിരുന്നു. കൊൽക്കത്തയിൽനിന്ന് ആറു മണിക്കൂർ യാത്രയുണ്ട് കരിപുരിലേക്ക്. ട്രെയിൻ മാർഗം അവിടെ എത്താനാകില്ല. വികസനത്തിന്റെ യാതൊരു ലാഞ്ചനയുമില്ലാത്ത ഒരു ഉൾനാടൻ പ്രദേശം. മഹുവ അവിടെ ക്യാമ്പ് ചെയ്തു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. മേക്കപ്പണിഞ്ഞ മേം സാബിന് സാധാരണക്കാരുടെ വിയർപ്പിന്റെ വിലയറിയുമോ എന്ന ചോദ്യത്തിന് ഉത്തരമായി കരിംപൂർ പോലൊരു കുഗ്രാമത്തിൽ താമസിച്ച് ജനങ്ങൾക്കൊപ്പം സമയം ചെലവഴിച്ച് അവരുടെ ഹൃദയത്തിൽ ഇടം നേടി. 46വർഷമായി തൃണമൂൽ ജയിക്കാത്ത ആ സീറ്റിൽ അവർ വെന്നിക്കൊടി പാറിച്ചു. 150 കോടിയോളം രൂപയുടെ വികസന പ്രവർത്തനത്തനങ്ങളാണ് അവിടെ മഹുവ നടത്തിയത്. മമതയുടെ തീരുമാനം ശരിയായിരുന്നെന്ന് പ്രവർത്തനത്തിലൂടെ സ്വന്തം അണികൾക്ക് തന്നെ തെളിയിച്ചുകൊടുക്കുകയായിരുന്നു മഹുവ.
അപ്പോഴേക്കും ലാളിത്യത്തിന്റെ പ്രതിരൂപമായ മമതയുടെ പിൻഗാമിയായി കൊൽക്കത്തയിലെ മേം സാബിനെ ജനങ്ങൾ കണ്ടുതുടങ്ങിയിരുന്നു. മഹുവയുടെ പ്രവർത്തനങ്ങളിൽ തൃപ്തയായ മമത എം.എൽ.എ. കാലാവധി പൂർത്തിയാകും മുമ്പുതന്നെ 2019- ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ നിന്ന് മഹുവയെ മത്സരിപ്പിക്കാൻ തീരുമാനമെടുത്തു. പാർലമെന്റിൽ തൃണമൂലിന്റെ ശബ്ദം മഹുവയിലൂടെ ഉയരുമെന്ന് മമതയ്ക്ക് ഉറപ്പായിരുന്നു. ബി.ജെ.പി. മഹുവക്കെതിരേ 'ഔട്ട്‌സൈഡർ കാർഡ്' തന്നെയാണ് പുറത്തെടുത്തത്. തന്റെ കുടുംബവേരുകൾ ചൂണ്ടിക്കാട്ടി മഹുവ നിഷ്‌ക്കരുണം അത് പ്രതിരോധിക്കുകയും ചെയ്തു. കരിംപുരിലേതുപോലെ ജനങ്ങളുമായി നേരിട്ട് ഇടപെടുക അതായിരുന്നു മഹുവയുടെ തിരഞ്ഞെടുപ്പ് തന്ത്രം. അത് വിജയിക്കുകയും ചെയ്തു.
പാർലമെന്റിലെ കന്നിപ്രസംഗത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ മഹുവ കുടഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ മഹുവയെന്ന പേര് അടിവരയിട്ടുറപ്പിച്ചത് സോഷ്യൽ മീഡിയയിൽ തരംഗമായ ആ പ്രസംഗമായിരുന്നു. തൃണമൂലിന്റെ പ്രതീക്ഷകളെ വാനോളമുയർത്തി, തനിക്കു വഴങ്ങുന്ന ഇംഗ്ലീഷിൽ അവർ പാർലമെന്റിൽ കത്തിക്കയറി. ഇന്ത്യ ഫാസിസത്തിലേക്ക് നടന്നടുക്കുകയാണെന്ന് ഏഴു ലക്ഷണങ്ങൾ നിരത്തി വാദിച്ചു.
തീപ്പൊരി പ്രസംഗം കോപ്പിയടിയെന്ന വാദം
ബിരുദമെടുത്തതിന്റെ രേഖകൾ കാണിക്കാൻ മന്ത്രിമാർക്ക് കഴിയാത്ത ഇന്ത്യയെപ്പോലൊരു രാജ്യത്ത് അമ്പതു വർഷമായി ജീവിക്കുന്ന പാവപ്പട്ട ജനങ്ങൾക്ക് തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട രേഖകൾ കാണിക്കേണ്ടി വരുന്നു. പൗരത്വനിയമങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടായിരുന്നു മഹുവ തുടങ്ങിയത്, ബി.ജെ.പി. നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾ വില കൊടുത്തു വാങ്ങിയിരിക്കുകയാണെന്നും പട്ടാളക്കാരുടെ നേട്ടങ്ങൾ പോലും ഒരാളുടെ മാത്രം നേട്ടമായി ചിത്രീകരിക്കുന്നുവെന്നുമെല്ലാം മഹുവ പ്രസംഗത്തിൽ ആഞ്ഞടിച്ചു. പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ഞെട്ടിയ മഹുവയുടെ കന്നിപ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വൻചർച്ചയായി. അധികം താമസിയാതെ ഈ പ്രസംഗം കോപ്പിയടിയാണെന്ന വാദവുമുയർന്നു.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാർട്ടിൻ ലോങ്മാൻ 2017-ൽ ഡൊണാൾഡ് ട്രംപിനെഴുതിയ ഫാസിസത്തിന്റെ 12 സൂചകങ്ങൾ എന്ന ലേഖനമാണ് മഹുവയുടെ പ്രസംഗത്തിനാധാരം എന്നായിരുന്നു വിവാദം. എന്നാൽ, ഇത് നിഷേധിച്ച് പിന്നീട് മാർട്ടിങ് ലോങ്മാൻ തന്നെ രംഗത്തെത്തി. പ്രസംഗങ്ങൾ ഹിന്ദിയിലല്ല എന്ന വാദത്തേയും വാക്കുകൾ വരേണ്ടത് ഹൃദയത്തിൽനിന്നാണ് അവിടെ ഭാഷയ്ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞ് മുനയൊടിക്കുകയായിരുന്നു മഹുവ. ഹിന്ദിയിൽ ഞാൻ സംസാരിക്കുകയാണെങ്കിൽ ദക്ഷിണേന്ത്യയിലുള്ള എല്ലാവർക്കും എന്നെ മനസ്സിലാകണമെന്നില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്ക് മനസ്സിലാകണമെന്നില്ല. അതുകൊണ്ട് ഒരു പ്രത്യേക വിഭാഗം കേൾവിക്കാർക്കുവേണ്ടി ഞാൻ എന്നെ മാറ്റണമെന്ന് ഞാൻ കരുതുന്നില്ല.' മഹുവ പറയുന്നു. ഏതായാലും മനോഹരമായി വസ്ത്രം ധരിച്ച്, അതിനേക്കാൾ മനോഹരമായി പ്രസംഗിക്കുന്ന മഹുവയെ ജനങ്ങൾ ഏറ്റെടുത്തു. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള അവരുടെ പ്രാവീണ്യം യുവതയുടെ മനംകവർന്നു.
അതൊരു തുടക്കമായിരുന്നു. മഹുവയുടെ തീപ്പൊരി പ്രസംഗങ്ങൾക്ക് പിന്നെയും പാർലമെന്റ് വേദിയായി. പലപ്പോഴും മോദിയെയും ബി.ജെ.പിയും നേരിട്ടാക്രമിച്ചു കൊണ്ടുതന്നെയായിരുന്നു മഹുവയുടെ മുന്നേറ്റം. രാജ്യത്തെ നീതിന്യായ സംവിധാനം പവിത്രമല്ലെന്ന് മഹുവ നടത്തിയ പ്രസ്താവന സഭാരേഖകളിൽ നിന്നുതന്നെ നീക്കം ചെയ്തു. രാജ്യത്തെ സാമ്പത്തിക വളർച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി. തന്നെ വിരചിച്ച 'പപ്പു' വിശേഷണം അവർക്കുതന്നെ തിരിച്ചുചാർത്തിക്കൊടുത്തിരുന്നു മഹുവ. ആരാണ് യഥാർഥ പപ്പുവെന്നായിരുന്നു മഹുവയുടെ ചോദ്യം. ഇതിന് മറുപടിയുമായി പിന്നീട് നിർമല സീതാരാമൻ രംഗത്തുവന്നു. രാഹുൽ ഗാന്ധിയുടെ ഫ്‌ളയിങ് കിസ്സിനെ സ്ത്രീ അംഗങ്ങൾക്ക് നേരെയുള്ള മോശം പെരുമാറ്റമായി ചിത്രീകരിക്കാൻ ശ്രമിച്ച സ്മൃതി ഇറാനിയെയും അവർ പരിഹസിച്ചു. മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ കാണാത്തതെന്തന്നായിരുന്നു മഹുവയുടെ ചോദ്യം.
ലക്ഷങ്ങൾ വിലയുള്ള ഹാൻഡ് ബാഗ് മഹുവയന്ന് ഒളിപ്പിച്ചോ?
വിവാദങ്ങൾ പുത്തരിയായിരുന്നില്ല മഹുവയ്ക്ക്. തൃണമൂൽ എം.പി. കകോലി ഘോഷ് ദസ്തിദാർ വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ അവർക്ക് തൊട്ടടുത്ത് ഇരുന്ന മഹുവ തന്റെ ലൂയി വൂറ്റൺ ഹാൻഡ് ബാഗെടുത്ത് മാറ്റിവെക്കുന്ന ദൃശ്യങ്ങൾ ബാഗ് ഒളിപ്പിച്ചുവെക്കുന്നു എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ലക്ഷങ്ങൾ വില വരുന്ന ബാഗുമായി വന്ന് വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കുന്നതിലെ സാംഗത്യത്തെക്കുറിച്ചായിരുന്നു ചർച്ച. കിട്ടിയ അവസരം ബി.ജെ.പിയും മുതലാക്കി. ഇതിനേക്കാൾ നല്ല ദിവസങ്ങൾ ആവശ്യമുണ്ടോ(aur kitne acche din chahiye?)യെന്നായിരുന്നു ബി.ജെ.പി. വക്താവ് ചോദിച്ചത്.
മഹുവ ഉയർത്തുന്ന വാദങ്ങൾക്കൊപ്പം തന്നെ മഹുവയുടെ സാരികളും ഫാഷൻ സെൻസും മാധ്യമങ്ങളിൽ ചർച്ചയായി. മാധ്യമങ്ങളോടും സ്ഥിരമായി കലഹിച്ചുകൊണ്ടിരുന്നു മഹുവ. തന്റെ ജീവിതശൈലിയെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമുള്ള വാർത്തകളോട് കടുത്ത ഭാഷയിൽ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അവർ പ്രതികരിച്ചിരുന്നു. ഒരിക്കൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് സീ മീഡിയ മഹുവക്കെതിരേ അപകീർത്തി കേസ് ഫയൽ ചെയ്യുക വരെയുണ്ടായി. കേസിൽ അന്തിമ വിജയം മഹുവയ്‌ക്കൊപ്പമായിരുന്നു.
രാഷ്ട്രീയ പകപോക്കലോ വ്യക്തിഹത്യയോ?; രാഷ്ട്രീയത്തിലെ സെക്‌സിസം പുറത്തുചാടിയ വിവാദം
ചോദ്യങ്ങളുമായി മഹുവ പടയോട്ടം തുടരുന്നതിനിടയിലാണ് ലോകസഭാ ചോദ്യങ്ങൾക്ക് പണം വാങ്ങിയെന്ന ആരോപണം അവർക്കെതിരേ ഇക്കഴിഞ്ഞ ഒക്ടോബറിൽ ഉയരുന്നത്. പാർലമെന്റിൽ അദാനി ഗ്രൂപ്പിനെതിരായി ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് എം.പി. പണവും സമ്മാനങ്ങളും വാങ്ങിയെന്നായിരുന്നു ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയുടെ ആരോപണം. മഹുവ പ്രസംഗിക്കാനായി സീറ്റിൽനിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ അസ്വസ്ഥരാകുന്ന ബി.ജെ.പി. നേതാക്കൾക്കുള്ള ആയുധമായിരുന്നു ഈ വിവാദം. അവരത് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. ആരോപണത്തെ തുടർന്ന് മഹുവയ്ക്ക് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുകയും ചെയ്തു. എന്നാൽ, തികച്ചും വ്യക്തിപരമായ ചോദ്യങ്ങളാണ് എത്തിക്‌സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടി മഹുവയും പ്രതിപക്ഷവും ഹിയറിങ്ങിൽനിന്ന് ഇറങ്ങിപ്പോയി. മഹുവ നേരിടുന്നത് തികച്ചും സെക്‌സിസ്റ്റായ ആക്രമണമാണെന്ന് തെളിയിക്കുന്ന ചോദ്യങ്ങളായിരുന്നു അത്.
മഹുവക്കെതിരായ ആക്രമണങ്ങൾ തുടങ്ങുന്നത് തന്നെ ഒരു സ്വകാര്യ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ടാണ്. കൈയിൽ വൈൻ ഗ്ലാസ് പിടിച്ച, പുകവലിക്കുന്ന മഹുവയുടെ ചിത്രങ്ങൾ. ഒരു യാഥാസ്ഥിതിക ഇന്ത്യൻ രാഷ്ട്രീയക്കാരി എങ്ങനെയായിരിക്കരുതോ അതായിരുന്നു മഹുവ. (ശശി തരൂരും മഹുവയും അത്താഴവിരുന്നിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തിലുള്ള മറ്റുള്ളവരെ നീക്കംചെയ്താണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ മഹുവ തന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തിലുള്ള മറ്റുള്ളവരെക്കൂടെ കാണിക്കാൻ ചിത്രം പ്രചരിപ്പിച്ചവരോട് മഹുവ ആവശ്യപ്പെട്ടിരുന്നു). മഹുവയാൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു എന്നതിനെ മറികടക്കാൻ മഹുവയുടെ ജീവിതരീതിയും സ്വഭാവശുദ്ധിയും ലിപ്സ്റ്റിക്കിന്റെ കളറും ബ്രാൻഡും എമറാൾഡ് നെക്കേലേസും ചർച്ചയ്ക്കിട്ടുകൊടുക്കുകയായിരുന്നോ എതിരാളികൾ?
സ്ത്രീ നേതാക്കൾക്ക് സ്വകാര്യ ജീവിതം ഉണ്ടാകരുത്. അഥവാ ഉണ്ടെങ്കിൽ അത് യാഥാസ്ഥിതികമായ രീതിയിലായിരിക്കണം. ഒരു സ്ത്രീക്ക് പുരുഷ സുഹൃത്ത് ഉണ്ട്, അവൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക കൂടി ചെയ്താൽ അത് സമൂഹത്തിന് ഉൾക്കൊള്ളാനാകില്ലെന്നാണ് ഇതേക്കുറിച്ച് ഒരു പൊളിറ്റിക്കൽ സയൻസ് അധ്യാപിക അഭിപ്രായപ്പെട്ടത്. ബുദ്ധിയും വിദ്യാഭ്യാസവും സാമ്പത്തികകാര്യങ്ങൾ മനസ്സിലാകുന്നതും ആത്മവിശ്വാസമുള്ളതുമായ സ്ത്രീകളെ ഇന്ത്യയിലെ പുരുഷന്മാർക്ക് പ്രത്യേകിച്ച് രാഷ്ട്രീയത്തിലുള്ളവർക്ക് ഉൾക്കൊള്ളാൻ അല്പം പാടാണെന്ന് ഒരു സുപ്രീം കോടതി അഭിഭാഷക 'ദ ഗാർഡിയ'നോട് പറയുകയും ചെയ്തു. അതായത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അന്തർലീനമായ സ്ത്രീവിരുദ്ധത മഹുവയിലൂടെ മറനീക്കി പുറത്തുവരികയായിരുന്നുവെന്നുതന്നെ.
'ഞാനെങ്ങനെയാണെന്നുള്ളതിന് ഒരു കാരണങ്ങളും ആരോടും പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. മാതൃകയാക്കപ്പെടുന്നതിനായി മാറാനും ഞാൻ ഉദ്ദേശിക്കുന്നില്ല. മാതൃകകൾ എനിക്കൊപ്പം മാറട്ടേ. രാഷ്ട്രീയത്തിൽ ചേർന്നു പ്രവർത്തിക്കാനായി ഇന്ത്യയിലേക്ക് തിരിച്ചപ്പോൾ ഞാനായിരുന്നുകൊണ്ടുതന്നെ പൊതുജീവിതം നയിക്കണമെന്ന കാര്യത്തിൽ ഞാൻ തീർച്ചയാക്കിയിരുന്നു. പുരോഗമനാത്മകമായ ഒരു കുടുംബത്തിലാണ് ഞാൻ വളർന്നത്. അവിടെ ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്ന ഇന്ത്യൻ കാഴ്ചപ്പാടുകൾക്കനുസരിച്ചല്ല ഞങ്ങളെ വളർത്തിയത്. രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോഴും ഞങ്ങളുടെ നേതാവ് ഒരു സ്ത്രീയായിരുന്നു.' മഹുവ പറയുന്നു. സ്ത്രീയെ കരുത്തിന്റെയും ശക്തിയുടെയും പ്രതീകമായ കാളിയായും കരുതുന്ന ബംഗാളിൽനിന്നാണ് വരുന്നതെന്നതും മഹുവയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
കൃഷ്ണനഗറിലേയ്ക്ക് വീണ്ടും വരുമോ മഹുവ?
മഹുവക്കെതിരേ ഉയർന്ന ആരോപണങ്ങളും അതിന് മഹുവ നൽകിയ ശക്തമായ പ്രതികരണങ്ങളും ദേശീയ രാഷ്ട്രീയത്തിൽ വെടിക്കെട്ടുതീർത്ത ദീപാവലിയാണ് കടന്നുപോയത്. കോൺഗ്രസും സി.പി.എമ്മുമടക്കം മഹുവയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ അവരെ അനുകൂലിച്ചോ പ്രതികൂലിച്ചോ സ്വന്തം പാർട്ടിയിൽ നിന്നൊരു പ്രതികരണവും ഉണ്ടായില്ല. മമതയുടെ മൗനം തൃണമൂലിന് മഹുവയിലുള്ള താല്പര്യക്കുറവിന്റെ സൂചനയായി ബി.ജെ.പി. കൊണ്ടാടുകയും ചെയ്തു. (ലീന മണിമേഖലയുടെ കാളി എന്ന സിനിമയുടെ പോസ്റ്ററിൽ സിഗരറ്റ് വലിക്കുന്ന കാളിയെ ചിത്രീകരിച്ചതിനെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തിൽ മഹുവക്കെതിരേ കടുത്ത എതിർപ്പുയർന്നപ്പോൾ അത് മഹുവയുടെ മാത്രം അഭിപ്രായമാണെന്നും പാർട്ടി അതിനെ അനുകൂലിക്കുന്നില്ലെന്നും വ്യക്തമാക്കി പത്രക്കുറിപ്പ് ഇറക്കിയതാണ്. അന്ന് പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അൺഫോളോ ചെയ്താണ് മഹുവ തന്റെ എതിർപ്പ് അറിയിച്ചത്).
ഏറ്റവും ഒടുവിലായി മമത പറഞ്ഞത് മഹുവക്കെതിരേ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന ഒറ്റ വാചകം മാത്രമായിരുന്നു. എന്നാൽ അധികം വൈകാതെ അവരെ കൃഷ്ണനഗറിലെ പാർട്ടി പ്രസിഡന്റായി നിയമിച്ചു. ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ പ്രതികരിക്കുന്നില്ലെന്ന ചർച്ചയ്ക്ക് മറുപടിയെന്നോണമാണ് ഇത്തരമൊരു നീക്കത്തിന് തൃണമൂൽ മുതിർന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. മഹുവയ്ക്ക് തങ്ങളുടെസ പിന്തുണയുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്തായാലും ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ പാർട്ടി പദവിയെ മഹുവ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ' എന്നിൽ വിശ്വാസമർപ്പിച്ച എന്റെ പാർട്ടിയോടും നേതാവിനോടും ഞാൻ നന്ദിയുള്ളവളാണ്. കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ തിരഞ്ഞെടുപ്പാണ്. വെല്ലുവിളി നിറഞ്ഞ ഇത്തരമൊരു സമയത്ത് പാർട്ടി എന്നിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. അവരുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ എനിക്ക് സാധിക്കുമെന്നാണ് കരുതുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ബൂത്ത് പ്രവർത്തകരാണ് പ്രധാനം. അവരാണ് പാർട്ടിയുടെ നട്ടെല്ല്.' പാർട്ടി ഏൽപ്പിച്ച പുതിയ ചുമതലയെക്കുറിച്ച് ഇപ്രകാരമായിരുന്നു മഹുവയുടെ പ്രതികരണം.
'മഹുവയെ പിന്തുണയ്ക്കുന്നതിൽ പാർട്ടി ധർമസങ്കടത്തിലാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, അഭിഷേക് ബാനർജിയുടെ പ്രതികരണം വന്നതോടെ പാർട്ടി മഹുവയെ പിന്തുണയ്ക്കുന്നു എന്നുമാത്രമല്ല, പാർട്ടി അവരെ വിശ്വസിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗറിൽ നിന്നുള്ള ടിക്കറ്റ് മഹുവയ്ക്ക് തന്നെ കിട്ടിയേക്കാം.' ബംഗാളിൽനിന്നുള്ള തൃണമൂൽ എം.പി. പറയുന്നു.
നാദിയയിലെ പാർട്ടി ജില്ലാ യൂണിറ്റിനെ 2021 അസംബ്ലി തിരഞ്ഞെടുപ്പ് വരെ നയിച്ചിരുന്നത് മഹുവയായിരുന്നു. തൃണമൂലിന്റെ വിജയത്തിനു ശേഷം ഓഗസ്റ്റിൽ നടന്ന പാർട്ടി സ്ഥാനമാറ്റത്തിലാണ് പാർട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മഹുവയെ നീക്കം ചെയ്തത്. അതേ വർഷം ഡിസംബറിൽ കൃഷ്ണനഗറിൽ വെച്ചുനടന്ന പൊതുയോഗത്തിൽ മഹുവയെ പോരെടുത്ത് പറഞ്ഞ് മമത വിമർശിക്കുകയും ചെയ്തിരുന്നു. നാദിയ ജില്ലയിലെ പാർട്ടി അണികൾക്കുള്ളിൽ വളരുന്ന വിഭാഗീയതയിലാണ് മമത അതൃപ്തി പ്രകടിപ്പിച്ചത്.''മഹുവാ, ഞാനൊരു കാര്യം വ്യക്തമായി പറയാം. ആര് ആർക്ക് എതിരാണെന്ന് എനിക്ക് അറിയേണ്ട കാര്യമില്ല, പക്ഷേ, തിരഞ്ഞെടുപ്പ് വരുമ്പോൾ, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാർട്ടി തീരുമാനിക്കും. അതിന്റെ പേരിൽ ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്.'
മമതയുടെ ഈ തുറന്ന വിമർശനം സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ വൻചർച്ചയായിരുന്നു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ നാദിയയിൽ മഹുവയെ തന്ത്രപ്രധാനമായ ചുമതല ഏൽപ്പിച്ചുകൊണ്ട് ചോദ്യത്തിന് കോഴ വിവാദത്തിൽ മഹുവയെ പാർട്ടി വേണ്ടവിധം പിന്തുണച്ചില്ലെന്ന വാദമുയർത്തിയ ബി.ജെ.പിയുൾപ്പടെയുള്ള രാഷ്ട്രീയ കക്ഷികളുടെ വായടപ്പിച്ചിരുന്നു തൃണമൂൽ.ആഭ്യന്തരകലഹം നിലനിൽക്കുന്ന നാദിയയിലേക്ക് കൃഷ്ണനഗറിന്റെ ചുമതലയുമായി വീണ്ടും മഹുവയെ അയയ്ക്കുന്നത് തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ഉൾപ്പോരിന് പരിഹാരം കണ്ടെത്തി ഒറ്റക്കെട്ടായി നീങ്ങുകയും വിജയം നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിത്തന്നെയാണ്. പാർട്ടി വിശ്വസിച്ചേൽപ്പിക്കുന്ന വലിയൊരു ഉത്തരവാദിത്വം, അവിടെനിന്ന് മഹുവ തന്നെ മത്സരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
Content Highlights: mahua moitra, cash for query controversy, loksabha election 2024, In-depth
Published: 08 Dec 2023, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented