
മുംബൈ: ആറുവർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ 29 നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സമഗ്രാധിപത്യം. പ്രധാന കോർപ്പറേഷനുകളിലെല്ലാം ബിജെപി മുന്നിലെത്തി. 29-ൽ 25 കോർപ്പറേഷനുകളിലും ബിജെപി അധികാരം നേടിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അവകാശപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലതും സമ്പന്നവുമായ കോർപ്പറേഷനായ മുംബൈയിൽ താക്കറെ ശിവസേനയുടെ 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ചെങ്കിലും ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. 227 വാർഡിൽ 87 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. സഖ്യകക്ഷിയായ ഷിന്ദേ വിഭാഗം ശിവസേനയ്ക്ക് 27 സീറ്റുകളും ലഭിച്ചിട്ടുണ്ട്. രണ്ട് പാർട്ടികളും കൂടി 114 സീറ്റുകളിലാണ് ലീഡ് നേടിയിട്ടുള്ളത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് മൂന്ന് സീറ്റുകളും മറ്റുള്ളവർക്ക് ഒമ്പത് സീറ്റുകളുമുണ്ട്. ഭരണംപിടിക്കാൻ ഇവരുടെ പിന്തുണ ബിജെപിക്ക് നിർണായകമാണ്. മറുഭാഗത്ത് പ്രധാന എതിരാളികളായ ഉദ്ധവ് വിഭാഗം ശിവസേന 67 സീറ്റുകൾ നേടിയിട്ടുണ്ട്. രാജ്താക്കറെയുടെ നവ നിർമാൺ സേന 10 ഉം കോൺഗ്രസ് 23 ഉം സീറ്റുകൾ കരസ്ഥമാക്കി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഒരു സീറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ മറ്റു വലിയ നഗര കേന്ദ്രങ്ങളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചു. നാഗ്പുരിൽ ബിജെപി അവരുടെ പരമ്പരാഗത ശക്തി നിലനിർത്തി. 152-ൽ 102 സീറ്റുകളും ബിജെപി സ്വന്തമാക്കി. ഇവിടെ കോൺഗ്രസ് 33 സീറ്റുകളാണ് പിടിച്ചത്. എൻസിപി ശക്തികേന്ദ്രങ്ങളായിരുന്ന പിംപ്രി-ചിഞ്ച്വാഡിലും പുണെയിലും സമാനമായ പ്രവണതകൾ കണ്ടു. ഇവിടങ്ങളിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ശരത് പവാറിന്റെ എൻസിപിയുമായി കൈക്കോർത്ത് മത്സരിച്ചിട്ടും ഗുണമുണ്ടായില്ല. പിംപ്രി-ചിഞ്ച്‌വാഡിലെ 128ൽ 85 സീറ്റുകളിലും ബിജെപി മുന്നിലെത്തി. എൻസിപിക്ക് 36 സീറ്റിലാണ് ജയിക്കാനായത്. പുണെയിലെ 162 സീറ്റുകളിൽ 123 ഇടങ്ങളിലാണ് ബിജെപി കുതിപ്പ് നടത്തിയത്. അജിത് പവാറിന്റെ എൻസിപി 21 ഉം ശരത് പവാറിന്റെ എൻസിപി മൂന്ന് സീറ്റുകളും നേടി. 16 സീറ്റ് കോൺഗ്രസ് സ്വന്തമാക്കി.
ലാത്തൂരിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലാത്തൂരിലെ 70 വാർഡുകളിൽ 43 എണ്ണം കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ 22 സീറ്റുകളിലാണ് ബിജെപിക്ക് വിജയം നേടാനായത്. ചന്ദ്രപുർ, പർഭാനി,, ഭിവൺഡി-നിസാംപുർ കോർപ്പറേഷനുകളിൽ മഹാവികാസ് അഘാഡി സഖ്യമാണ് മുന്നിലെത്തിയത്.
കൊൽഹാപുരിൽ 34 സീറ്റുകളോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 81 വാർഡുകളുള്ള കോർപ്പറേഷനിൽ പക്ഷേ മഹായുതി പാർട്ടികൾ എല്ലാവരും ചേർന്ന് 45 സീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. പനവേൽ, താനെ, നാസിക്, നവി മുംബൈ, സോളപുർ, അമരാവതി, അകോല, ഉല്ലാസ്നഗർ, സാംഗ്ലി-മിറാജ കുപ്വാഡ്,ജൽഗാവ്, അഹല്യനഗർ,ധുലെ,ജൽന, ഇച്ചൽകരഞ്ചി എന്നീ കോർപ്പറേഷനുകളും ബിജെപി സഖ്യം അധികാരംപിടിച്ചേക്കും. വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷനിൽ ബഹുജൻ വികാസ് അഘാഡി അധികാരം നിലനിർത്തി. മലേഗാവിൽ എഐഎംഐഎം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും നന്ദി പറഞ്ഞു.
'വിവിധ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങളുമായുള്ള എൻഡിഎയുടെ ബന്ധം കൂടുതൽ ആഴത്തിലായി എന്നാണ്. വികസനത്തിനായുള്ള ഞങ്ങളുടെ പ്രവർത്തന മികവും കാഴ്ചപ്പാടുകളും ജനങ്ങളുടെ മനസ്സിൽ ഇടം നേടി. മഹാരാഷ്ട്രയിലുടനീളമുള്ള ജനങ്ങൾക്ക് എന്റെ കൃതജ്ഞത. പുരോഗതിക്ക് വേഗത നൽകാനും സംസ്ഥാനം ബന്ധപ്പെട്ടിരിക്കുന്ന മഹത്തായ സംസ്‌കാരത്തെ ആഘോഷിക്കാനുമുള്ള വോട്ടാണിത്. മഹാരാഷ്ട്രയിലുടനീളം ജനങ്ങൾക്കിടയിൽ രാപ്പകലില്ലാതെ പ്രവർത്തിച്ച ഓരോ എൻഡിഎ പ്രവർത്തകനെയും ഓർത്ത് ഞാൻ വളരെ അഭിമാനിക്കുന്നു' പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Content Highlights: BJP achieves sweeping victory in Maharashtra`s 29 municipal corporation elections,
Published: 16 Jan 2026, 09:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented