മുംബൈ: മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ മൂന്നു മാസത്തിനിടെ രേഖപ്പെടുത്തിയത് 27,397 കുഞ്ഞുങ്ങളുടെ ജനനം. ആ ഗ്രാമത്തിന്റെ ആകെ ജനസംഖ്യ വെറും 1,500 മാത്രമാണ് എന്നതാണ് അതിലേറെ വിചിത്രകരമായ സംഗതി. അസാധാരണമായ കണക്ക് സൂചന നൽകുന്നത് വലിയൊരു സൈബർ തട്ടിപ്പിനെ കുറിച്ചാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജനന സർട്ടിഫിക്കറ്റ് തട്ടിപ്പുകളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കുന്നു.

To advertise here,

2025 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ വൈകിയുള്ള ജനന, മരണ രജിസ്ട്രേഷനുകൾ പരിശോധിക്കാനുള്ള പ്രത്യേക ഡ്രൈവിനിടെയാണ് യവത്മാൽ ജില്ലയിലെ അർണി താലൂക്കിലുള്ള ഷെൻദുരുസാനി ഗ്രാമപഞ്ചായത്തിൽ ഈ ക്രമക്കേടുകൾ കണ്ടെത്തിയത്. ഗ്രാമത്തിന്റെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ജനനക്കണക്കുകൾ വളരെ കൂടുതലാണെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു.

സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (Civil Registration System -CRS) എന്നറിയപ്പെടുന്ന ജനന, മരണ രജിസ്ട്രേഷൻ സംവിധാനം തകരാറിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗ്രാമപഞ്ചായത്തിന്റെ സിആർഎസ് ലോഗിൻ ഐഡി മുംബൈയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി, സൈബർ കുറ്റകൃത്യ സംഘത്തിന്റെ പ്രവർത്തനമാണെന്നാണിതെന്നാണ് ലഭ്യമായ സൂചന.

സംഭവം പുറത്തെത്തിയതിനെത്തുടർന്ന് ജില്ലാ ആരോഗ്യ ഓഫീസർ യവത്മാൽ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ പരിഷത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മന്ദാർ പാട്കി, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി സിഇഒയുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപവത്കരിക്കുകയും ചെയ്തു. 27,397 ജനന രജിസ്ട്രേഷനുകളും ഏഴ് മരണ രേഖകളും ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയ്ക്ക് പുറത്തുള്ളതാണെന്ന് സമിതി കണ്ടെത്തി.

സിആർഎസ് ഐഡി എങ്ങനെ തകരാറിലായി എന്നും വ്യാജ രജിസ്ട്രേഷനുകൾ തിരിച്ചറിയൽ തട്ടിപ്പ്, സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ, അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഉപയോഗിച്ചിട്ടുണ്ടോ എന്നും അധികൃതർ ഇപ്പോൾ അന്വേഷിച്ചുവരികയാണ്.

രേഖകളിലെ പേരുകളിൽ 99% ആളുകളും പശ്ചിമബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ളവരാണെന്ന് മുതിർന്ന ബിജെപി നേതാവും മുൻ ലോക്സഭാംഗവുമായ കിരീത്‌ സോമയ്യ പ്രതികരിച്ചു. ഈ ജനന രജിസ്ട്രേഷൻ രേഖകളെല്ലാം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.