ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിയ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണവുമായി മധ്യപ്രദേശ് മന്ത്രി വിജയ് ഷാ. തന്റെ ഭാഗത്തുനിന്നുണ്ടായത് 'ഭാഷാപരമായ പിശകാ'ണെന്നാണ് ഷായുടെ പുതിയ ന്യായീകരണം. ഏതെങ്കിലും മതവിഭാഗത്തെ മനഃപൂര്‍വം അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ബിജെപി മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ ഇന്ത്യന്‍ സേനയോടും സഹോദരി കോണല്‍ സോഫിയയോടും രാജ്യത്തെ എല്ലാ ജനങ്ങളോടും ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നതായി വീഡിയോ സന്ദേശത്തില്‍ ഷാ പറഞ്ഞു. കേണല്‍ സോഫിയയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് അന്വേഷണം നേരിടുകയാണ് മന്ത്രി. 

To advertise here,

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പഹല്‍ഗാമിലുണ്ടായ നീചമായ കൂട്ടക്കൊലപാതകത്തില്‍ താന്‍ ഏറെ ദുഃഖത്തിലും മാനസികപ്രയാസത്തിലുമായിരുന്നുവെന്നും രാജ്യത്തോട് തനിക്കെപ്പോഴും അളവറ്റ സ്‌നേഹവും സൈന്യത്തോട് ബഹുമാനവുമുണ്ടെന്നും 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. സമുദായത്തേയും മതത്തേയും ജനങ്ങളേയും തന്റെ വാക്കുകള്‍ വ്രണപ്പെടുത്തിയതായും താനൊരിക്കല്‍ കൂടി ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നതായും ഷാ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ദോറില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു വിജയ് ഷായുടെ വാക്കുകള്‍. 'നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ സഹോദരിയേത്തന്നെ അയച്ചു', എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞിരുന്നു. വിജയ് ഷാക്കെതിരേ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് മധ്യപ്രദേശ് ഹൈക്കോടതി നിർദേശിച്ചതിനു പിന്നാലെ മാൻപുർ പോലീസ് കേസെടുത്തിരുന്നു. ഷാക്കെതിരേ നടപടിയെടുക്കാൻ മുഖ്യമന്ത്രി മോഹൻ യാദവ് പോലീസിന് നിർദേശം നൽകിയിരുന്നു.  

പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം നല്‍കിയ തിരിച്ചടി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച കേണല്‍  തനിക്കെതിരായ നിയമനടപടികള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഷാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഷായുടെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ പദവി വഹിക്കുന്നവര്‍ സംസാരത്തില്‍ മിതത്വം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. 

. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായുള്ള  ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള വിശദീകരണത്തിന് വിദേശകാര്യസെക്രട്ടറിയ്ക്കും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനും ഒപ്പം വാര്‍ത്താസമ്മേളനത്തിലെത്തി ശ്രദ്ധനേടിയ സൈനിക ഉദ്യോഗസ്ഥയാണ് കേണല്‍ സോഫിയ ഖുറേഷി.