ന്യൂഡൽഹി: മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായി ഇനി എൽപിജിക്കും പോർട്ടബിലിറ്റി സംവിധാനവും വരുന്നു. ഗ്യാസ് കണക്‌ഷനുമായി ബന്ധപ്പെട്ട സേവനകാര്യങ്ങളിൽ കമ്പനിയുടെ കാര്യത്തിൽ തൃപ്തിയില്ലെങ്കിൽ പുതിയ കമ്പനി തിരഞ്ഞെടുക്കാം. കണക്‌ഷൻ മാറ്റാതെതന്നെ ഇഷ്ടമുള്ള കമ്പനി തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപഭോക്താവിന് ലഭിക്കുന്നത്.

To advertise here,

പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ഇതിന്റെ ചട്ടക്കൂടിനായി ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചു. ഒക്ടോബർ പകുതിയോടെ അഭിപ്രായങ്ങൾ സമർപ്പിക്കണം. ഇത് ലഭിച്ചാൽ എൽ‌പിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും രൂപവത്കരിക്കും.

2013 ഒക്ടോബറിൽ യുപിഎ സർക്കാർ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി 24 ജില്ലകളിലായി പരീക്ഷണാർഥം എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് വിതരണക്കാരെമാത്രമേ മാറ്റാനാകുമായിരുന്നുള്ളൂ. 2014 ജനുവരിയിൽ 480 ജില്ലകളിൽ ഇത് നടപ്പാക്കി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽനിന്ന് ഇൻഡെൻ ഗ്യാസ് ഉപയോഗിക്കുന്നവർക്ക് അതിന്റെ വിതരണക്കാരിൽ ആരെവേണമെങ്കിലും തിരഞ്ഞെടുക്കാം. പക്ഷേ, ഭാരത് പെട്രോളിയത്തിന്റെ ഭാരത് ഗ്യാസിലേക്കോ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എച്ച്പി ഗ്യാസിലേക്കോ മാറാൻ കഴിഞ്ഞിരുന്നില്ല. ഈ വ്യവസ്ഥ മാറ്റിയാണ് പുതിയ സംവിധാനം വരുന്നത്.

2025 സാമ്പത്തികവർഷത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ 32 കോടിയിലധികം ഗ്യാസ് കണക്‌ഷനുണ്ട്. ഇതിൽ 17 ലക്ഷത്തിലധികം ഉപഭോക്തൃ പരാതികളാണ് സേവനവുമായി ബന്ധപ്പെട്ടുള്ളത്. കണക്‌ഷനെടുത്ത കമ്പനിയുടെ വിതരണക്കാർക്ക് സേവനങ്ങൾ കൃത്യമായി നൽകാൻ സാധിക്കാതെ വരുമ്പോൾ ഉപഭോക്താക്കൾക്ക് മറ്റുമാർഗങ്ങൾ തേടാൻ നിലവിൽ പരിമിതികളുണ്ട്. ഇതിനും പുതിയ സംവിധാനംവഴി പരിഹാരമാകും.

പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കമ്പനി തിരിച്ചുള്ള ഉപഭോക്താക്കളുടെ വിവരം

* ഇൻഡെൻ ഗ്യാസ് - 15 കോടി ഉപഭോക്താക്കൾ (50 ശതമാനം)

* ഭാരത് ഗ്യാസ് - 8 കോടി ഉപഭോക്താക്കൾ (25 ശതമാനം)

* എച്ച്പി ഗ്യാസ് - ഉപഭോക്താക്കളുടെ എണ്ണം കൃത്യമല്ല. ഏകദേശം 20 ശതമാനം

ഗ്യാസ് സിലിൻഡറിന് ഒരേ വിലയാണെങ്കിൽ, ഇഷ്ടമുള്ള ഗ്യാസ് കമ്പനി തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ടാകണം -പിഎൻജിആർബി