ന്യൂഡൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും കരുത്തും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വസ്തുതയാണെന്ന് വിദേശകാര്യ മന്ത്രാലയം. അമേരിക്കയിൽ വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന വാദത്തിന് പിന്തുണ തേടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പുകഴ്ത്തിയ പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളിന്റെ പ്രതികരണം.

To advertise here,

ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അതിൽ പ്രത്യേകമായി ഒന്നും പറയാനില്ലെന്നായിരുന്നു രൺധീർ ജയ്‌സ്വാളിന്റെ മറുപടി. എങ്കിലും ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കരുത്ത് ലോകത്തിന് നന്നായി അറിയാവുന്ന കാര്യമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ മാതൃകയായി അവതരിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ 64.6 കോടി വോട്ടർമാരുണ്ടായിരുന്നെന്നും എല്ലാവരും കൃത്യമായ ഫോട്ടോ തിരിച്ചറിയൽ രേഖ ഹാജരാക്കിയാണ് വോട്ട് ചെയ്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയിൽ 'സേവ് അമേരിക്ക ആക്ട്' നടപ്പിലാക്കണമെന്നും തിരിച്ചറിയൽ രേഖകൾ കർശനമാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ അവിടുത്തെ പൗരന്മാർക്ക് മാത്രമേ വോട്ടവകാശം ഉണ്ടാകാവൂ എന്നും അതിനായി പൗരത്വ തെളിവുകളും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കണമെന്നുമാണ് വൈറ്റ് ഹൗസിന്റെയും നിലപാട്. രോഗം, വൈകല്യം, സൈനിക സേവനം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ തപാൽ വോട്ട് അനുവദിക്കാവൂ എന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.