ആലപ്പുഴ: വാഹനക്കൈമാറ്റ നടപടി ആധാർ അധിഷ്ഠിതമാക്കിയതോടെ സംസ്ഥാനത്ത് കൈമാറ്റം പ്രതിസന്ധിയിൽ. ആധാർ കാർഡിലെയും ആർ.സി. ബുക്കിലെയും പേരു തമ്മിൽ ചെറിയ വ്യത്യാസമുണ്ടെങ്കിൽപ്പോലും കൈമാറാൻ സാധിക്കില്ല.

To advertise here,

ആർ.ടി. ഓഫീസ് സേവനത്തിലധികവും ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. ഓൺലൈൻ നടപടിയിലൂടെയാണ് കൈമാറ്റം. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരിലേക്കു വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ചാണ് നടപടി പൂർത്തിയാക്കേണ്ടത്. ആധാറിലെയും ആർ.സി. ബുക്കിലെയും പേര് ഒരേപോലെ ആയിരിക്കണം.

പേരിലെ ഒരു അക്ഷരവ്യത്യാസംപോലും സിസ്റ്റത്തിൽ 'മിസ് മാച്ച്' ആയി കാണിക്കും. പേരിലെ നിസ്സാര വ്യത്യാസം കാരണം ഒരു മാസത്തോളമായി ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കുന്നില്ലെന്ന് വാഹന ഇടപാടുകാർ പറയുന്നു.

ടാക്‌സിവാഹന ഉടമകൾക്കാണ് ഏറ്റവുമധികം ബുദ്ധിമുട്ട്. ടാക്‌സിവാഹനം വിൽക്കുമ്പോൾ ആദ്യം പെർമിറ്റ് റദ്ദാക്കണം. പിന്നീട്, പുതിയ ഉടമയുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റിയശേഷം വേണം പുതിയ പെർമിറ്റെടുക്കാൻ. എന്നാൽ, ആദ്യ ഉടമ പെർമിറ്റ് റദ്ദാക്കിയശേഷം ആധാറിലെയും ആർ.സി. ബുക്കിലെയും പേരിൽ വ്യത്യാസമുണ്ടെങ്കിൽ കൈമാറ്റനടപടി പൂർത്തിയാകില്ല. ഈ സാഹചര്യത്തിൽ പഴയ ഉടമയ്ക്ക് പെർമിറ്റ് നഷ്ടമാകുകയും പുതിയ ഉടമയ്ക്ക് ഇതു കിട്ടാതെയും വരും.

ദുരുപയോഗം തടയാനും വാഹനക്കൈമാറ്റം കൂടുതൽ സുരക്ഷിതമാക്കാനുമാണ് ആധാർ അധിഷ്ഠിത സേവനം നിർബന്ധമാക്കിയത്. എന്നാൽ, പേരിലെ പൊരുത്തക്കേടിൽ വലയുകയാണ് വാഹന ഉടമകൾ. അതിനാൽ അധികാരികൾ പ്രായോഗികമായ നടപടി സ്വീകരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.