ന്യൂഡൽഹി : പൊതു പ്രവർത്തകർക്കെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന ലോക്പാലിനായി ആഡംബര കാറുകൾ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു. എഴുപത് ലക്ഷം വിലയുള്ള ബി‌എം‌ഡബ്ല്യു 3 സീരീസ് 330 ൽ പെട്ട ഏഴ് കാറുകൾ വാങ്ങുന്നതിനായി ഇറക്കിയ ടെണ്ടർ റദ്ദാക്കി. ഏഴ് വാഹനങ്ങൾ വാങ്ങുന്നതിനായി ആകെ ചെലവ് പ്രതീക്ഷിക്കുന്നത് അഞ്ച് കോടി രൂപയാണ്.

To advertise here,

ലോക്പാലിനായി ഏഴ് ബിഎംഡബ്ല്യു 3 സീരീസ് 330 ലി കാറുകൾ (BMW 3 Series 330 Li Cars) വാങ്ങുന്നതിനാണ് ടെണ്ടർ നടപടികൾ ഒക്ടോബറിൽ ആരംഭിച്ചത്. വെള്ള നിറത്തിലുള്ള സ്‌പോർട് (ലോങ് വീൽബേസ്) ആണ് ആവശ്യമെന്നും ടെണ്ടറിൽ വിശദീകരിച്ചിരുന്നു. ടെണ്ടർ വിശദംശങ്ങൾ പരസ്യമായതോടെ വലിയ വിമർശനം ആണ് ലോക്പാലിന് എതിരെ ഉയർന്നത്. പ്രതിപക്ഷ പാർട്ടികളും പൗരസമൂഹവും ഈ നീക്കത്തെ ശക്തമായി വിമർശിച്ചിരുന്നു.

ലോക്പാൽ ഫുൾ ബെഞ്ച് യോഗമാണ് ബിഎംഡബ്ല്യു വാഹനങ്ങൾ വാങ്ങാൻ ഇറക്കിയ ടെണ്ടർ റദ്ദാക്കിയത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എ.എം. ഖാൻവിൽക്കറാണ് നിലവിൽ ലോക്പാൽ ചെയർപേഴ്സൺ. പൊതുപ്രവർത്തകർക്ക് എതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിന് ചെയർപേഴ്സണ് പുറമെ ആറ് അംഗങ്ങളാണ് ലോക്പാലിൽ ഉള്ളത്. ഇതിൽ മൂന്ന് പേര് ജുഡീഷ്യൽ അംഗങ്ങളാണ്. ചെയർപേഴ്‍സണും, മറ്റ്‌ ആറ് അംഗങ്ങളുടയും ഉപയോഗത്തിനാണ് ഏഴ് ആഡംബര കാറുകൾ വാങ്ങാൻ തീരുമാനിച്ചത്.