ന്യൂഡൽഹി: വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിനായി എസ്.ഐ.ആർ. പ്രക്രിയയിൽ ഉപയോഗിക്കുന്ന 'ഫാം 6'-ന്റെ പരിഷ്‌കരിച്ച പതിപ്പിന് സുപ്രീംകോടതി അംഗീകാരം നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ വിചാരണാ നടപടികൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന എസ്.ഐ.ആർ. പ്രക്രിയയിൽ ഓൺലൈൻ ഫോം 6-നൊപ്പം ചേർത്ത പുതിയ സത്യവാങ്മൂലത്തിന് സുപ്രീംകോടതിയുടെ അംഗീകാരമുണ്ടെന്ന് കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.
1960-ലെ ഇലക്ടേഴ്‌സ് രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്താതെ ഫോം 6-ൽ മാറ്റങ്ങൾ വരുത്താനാവില്ലെന്ന് വ്യക്തമാക്കി രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള എതിർപ്പുകൾ മറികടന്നാണ് പുതിയ ഫോം മാറ്റങ്ങൾ നടപ്പിലാക്കിയതെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് പുതിയ ഫോം 6 വിവാദമായത്. മേയ് മാസത്തിലെ ബിഹാർ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിധിയിൽ ഫോം 6 സത്യവാങ്മൂലം സുപ്രീംകോടതി ശരിവെച്ചിട്ടുണ്ടെന്ന രീതിയിലാണ് സെപ്റ്റംബർ 26-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിറക്കിയത്.
എന്നാൽ ബിഹാർ വിധിക്കുശേഷമാണ് ഈ പുതിയ ഫോം 6 അവതരിപ്പിച്ചത് എന്നതിനാൽ, അന്ന് സുപ്രീംകോടതിക്ക് ഈ വിഷയം പരിശോധിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഈ വസ്തുതയാണ് ചീഫ് ജസ്റ്റിസ് ഇന്ന് വ്യക്തമാക്കിയത്. പരിഷ്‌കരിച്ച ഒരു ഫോം 6-നും കോടതി അംഗീകാരം നൽകിയിട്ടില്ലെന്നും, രേഖകൾ ഹാജരാക്കുമ്പോൾ ആരാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പുതിയ സത്യവാങ്മൂലമനുസരിച്ച്, പുതിയ വോട്ടറായി പേരുചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളോ തങ്ങളുടെ മാതാപിതാക്കളോ മുൻപത്തെ എസ്.ഐ.ആറിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിൽ ഉപയോഗിച്ച പഴയ ഫോം 6-ൽ ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല.
ഏകപക്ഷീയമായി എടുത്തതെന്ന് ആരോപിക്കപ്പെടുന്ന 14 തീരുമാനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സൈബർ സുരക്ഷാ, ഐ.ടി വിദഗ്ധരുടെ സഹായത്തോടെയുള്ള സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഗ്യാനേഷ് കുമാർ, സീനിയർ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ മനീഷ് ഗാർഗ്, ഡയറക്ടർ ജനറൽ (ഐ.ടി.) സീമ ഖന്ന എന്നിവർക്കുമെതിരേ 1950-ലെ പീപ്പിൾസ് ആക്ട് സെക്ഷൻ 32 പ്രകാരം പരാതിനൽകി പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
Content Highlights: CJI Surya Kant clarified that the Supreme Court has not approved any modified version of Form 6., The ECI previously claimed the new declaration annexed to Form 6 was upheld in the May 2026 Bihar SIR judgment.
Published: 05 Oct 2026, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented