കൊച്ചി: കൊച്ചി-ബാങ്കോക്ക്, കൊച്ചി-കുവൈത്ത്, തിരുവനന്തപുരം-ബഹ്റൈൻ, തിരുവനന്തപുരം-റിയാദ് എന്നിവയുൾപ്പടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് 150 അന്താരാഷ്ട്ര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും വിപുലമായ ഈ ശീതകാല ഷെഡ്യൂളിൽ 435 ആഭ്യന്തര സർവീസുകൾ ഉൾപ്പെടെ പ്രതിദിനം 585 വിമാന സർവീസുകളുമാണുള്ളത്. ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായി പുതിയ ഷെഡ്യൂൾ നടപ്പാക്കും. 105-ലേറെ വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളിലായി 40-ലേറെ പുതിയ റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കും. 2026ലെ വേനൽക്കാല ഷെഡ്യൂളിൽ ആഴ്ചതോറും 3,150-ഓളം സർവീസുകളാണുണ്ടായിരുന്നത്. പുതിയ സമയക്രമം പ്രകാരം ഇത് ഏകദേശം 4,100 ആയി ഉയരും. വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകളുടെ എണ്ണം ആഴ്ചതോറും ഏകദേശം 1,600 ആയി ഉയരും. നേരത്തെയിത് 1,330 ആയിരുന്നു.
ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി കൊച്ചി-ബാങ്കോക്ക്, ബാങ്കോക്ക്-ഇൻഡോർ, ലഖ്‌നൗ-റാസൽ ഖൈമ, ഫുക്കറ്റ്-ഹൈദരാബാദ് റൂട്ടുകളിൽ ആഴ്ചയിൽ നാല് സർവീസുകൾ വീതം നടത്തും. ബഹ്റൈൻ-തിരുവനന്തപുരം, ബാങ്കോക്ക്-വിശാഖപട്ടണം, മംഗളൂരു-റാസൽ ഖൈമ റൂട്ടുകളിൽ ആഴ്ചയിൽ രണ്ടുവീതവും റിയാദ്-തിരുവനന്തപുരം, ഷാർജ-സൂറത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്നുവരെയും സർവീസുകളുണ്ടായിരിക്കും. അബുദാബി-ഗോവ (മോപ്പ), അമൃത്സർ-അബുദാബി എന്നിവിടങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ആരംഭിക്കും.
ബെംഗളൂരു-കാഠ്മണ്ഡു, ദുബായ്-ഗോവ (ദബോലിം) റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ വീതമുണ്ടായിരിക്കും. കൊച്ചി-കുവൈത്ത്, ലഖ്‌നൗ-റിയാദ്, മംഗളൂരു-കുവൈത്ത്, മുംബൈ-കുവൈത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതവുമുണ്ടായിരിക്കും. ഭോപ്പാൽ-ഷാർജ റൂട്ടിൽ മൂന്ന് സർവീസുകളും ചണ്ഡീഗഢ്-ഷാർജയിൽ നാല് സർവീസുകളും ചെന്നൈ-സിംഗപ്പൂരിൽ 14 സർവീസുകളും ഡൽഹി-റിയാദിൽ നാല് സർവീസുകളും നടത്തും.
ആഭ്യന്തര മേഖലയിൽ അഹമ്മദാബാദ്-ഡൽഹി, ബെംഗളൂരു-ഗോവ (മോപ്പ), ബെംഗളൂരു-ജോധ്പൂർ, ബെംഗളൂരു-മധുര, ഡൽഹി-ശ്രീവിജയപുരം (പോർട്ട് ബ്ലെയർ), ഡൽഹി-ഉദയ്പൂർ, ഹൈദരാബാദ്-പുണെ, മുംബൈ-നാഗ്പൂർ റൂട്ടുകളിൽ ആഴ്ചയിൽ ഏഴുവീതം സർവീസുകൾ നടത്തും.
ബെംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ ആഴ്ചയിൽ 14 സർവീസുകളുണ്ടായിരിക്കും. ഭുവനേശ്വർ-ശ്രീവിജയപുരം (പോർട്ട് ബ്ലെയർ) റൂട്ടിൽ നാല് സർവീസുകളും ഭോപ്പാൽ-നവി മുംബൈയിൽ മൂന്ന് സർവീസുകളും ഡൽഹി-ജയ്പൂരിൽ അഞ്ച് സർവീസുകളും ഹൈദരാബാദ്-മംഗളൂരുവിൽ മൂന്ന് സർവീസുകളും ഇൻഡോർ-നവി മുംബൈയിൽ നാല് സർവീസുകളും നടത്തും. കൊൽക്കത്ത-പുണെ റൂട്ടിൽ ആഴ്ചയിൽ രണ്ട് സർവീസുകളുമുണ്ടാകും.
Published: 05 Oct 2026, 09:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented