ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെയും മണ്ഡല പുനർനിർണയ ബില്ലിനെയും ചൊല്ലി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയരുന്ന ആശങ്കകൾ പരിഹരിക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രസർക്കാർ. 2011-ലെ സെൻസസ് കണക്കിലെടുക്കാതെ, എല്ലാ സംസ്ഥാനങ്ങൾക്കും ലോക്‌സഭയിൽ 50 ശതമാനം സീറ്റ് വർധന ഏർപ്പെടുത്തും. 2011-ലെ ജനസംഖ്യാ കണക്ക് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണയം നടത്തിയാൽ സീറ്റെണ്ണം കുറയുമെന്ന ആശങ്കയ്ക്കാണ് പുതിയ പരിഹാരനിർദേശം. എന്നാൽ, കഴിഞ്ഞദിവസം അംഗങ്ങൾക്കായി വിതരണംചെയ്ത ബില്ലിന്റെ പകർപ്പിൽ സെൻസസ് കണക്കാക്കുമെന്നായിരുന്നു അറിയിച്ചത്.

To advertise here,

ബില്ലിലൂടെ ലോക്‌സഭയിൽ യഥാർഥ അംഗബലം 816 ആയി വർധിക്കുകയും പരമാവധി അംഗബലം 850 ആകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റ് 129-ൽ നിന്ന് 195 ആയി വർധിക്കും. എന്നാൽ, പങ്കാളിത്തത്തിലെ വർധന നാമമാത്രമാണ്. (23.76-ൽ നിന്ന് 23.90 ശതമാനം)

വെള്ളിയാഴ്ച ബിൽ ചർച്ചയ്ക്കുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയിൽ വിശദാംശങ്ങൾ നൽകും. ചർച്ച പൂർത്തിയാക്കി അന്നേദിവസം വൈകീട്ട് നാലിന് ലോക്‌സഭയിൽ വോട്ടിനിടും. ലോക്‌സഭയിൽ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയുകയല്ല, കൂടുകയാണ് ചെയ്യുകയെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിന്റെ അംഗബലം 20-ൽ നിന്ന് 30 ആയി വർധിക്കും. കേരളത്തിന്റെ പ്രാതിനിധ്യം 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയിരുന്നെങ്കിൽ മൂന്നുസീറ്റുകളാണ് അധികം ലഭിക്കുക. അതേസമയം, ഉത്തരേന്ത്യയിലെ ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങളിൽ അംഗബലം വൻതോതിൽ വർധിക്കും. ഉത്തർപ്രദേശിന്റെ സീറ്റ് നില 80-ൽനിന്ന് 120 ആകും.

ബിൽ അവതരണം പ്രതിപക്ഷ എതിർപ്പിനിടെ

: പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡലപുനർനിർണയ ബില്ലും ലോക്‌സഭയിൽ വോട്ടിനിട്ട് അവതരിപ്പിച്ചു. 185-നെതിരേ 251 വോട്ടുകൾക്കാണ് സർക്കാർ ബില്ലിന് അവതരണാനുമതി നേടിയത്. മൊത്തം 436 അംഗങ്ങൾ വോട്ട് ചെയ്തു. ആരും വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നില്ല. ഭരണഘടനയുടെ 81-ാം അനുച്ഛേദം, 334(എ)അനുച്ഛേദം എന്നിവയാണ് പുതിയ ബില്ലിലൂടെ ഭേദഗതി ചെയ്യുന്നത്. ബില്ലുകളിൽ ചർച്ച ആരംഭിച്ചു.

ഭരണഘടനാ ഭേദഗതി ബില്ലായതിനാൽ സഭയിൽ ഹാജരായി വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിൽ പാസാകാൻ അനിവാര്യമാണ്. എൻ.ഡി.എ.ക്ക് 69 അംഗങ്ങളുടെ കുറവുണ്ട്്

വനിതാസംവരണബില്ലിന്റെ മറവിൽ 2029 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡല പുനർ നിർണയം നടത്താനുള്ള ദുരൂഹനീക്കമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബില്ലവതരണത്തെ എതിർത്തത്. ഫെഡറലിസത്തിനുമേലുള്ള കടന്നു കയറ്റമാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. എന്നാൽ, തെക്കെന്നോ വടക്കെന്നോ ഭേദമില്ലാതെ, ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ എല്ലാ സംസ്ഥാനങ്ങൾക്കും നീതി ഉറപ്പാക്കിക്കൊണ്ടായിരിക്കും വനിതാ സംവരണവും മണ്ഡലപുനർനിർണയവും നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.