ന്യൂഡൽഹി: ഭരണപക്ഷത്തോട് പക്ഷപാതംകാട്ടുന്നുവെന്ന് ആരോപിച്ച് ഓം ബിർളയെ സ്പീക്കർപദവിയിൽനിന്ന് പുറത്താക്കാനുള്ള പ്രതിപക്ഷപ്രമേയം ലോക്സഭ ചൊവ്വാഴ്ച ചർച്ചയ്‌ക്കെടുത്തു. ചർച്ചാവേളയിൽ ലോക്സഭയെ ആരുനിയന്ത്രിക്കണം എന്നതിനെച്ചൊല്ലി രൂക്ഷമായ ഭരണ-പ്രതിപക്ഷ തർക്കമുണ്ടായി.
സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം ചർച്ചയ്‌ക്കെടുക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കേണ്ടതെന്നും ഡെപ്യൂട്ടി സ്പീക്കറില്ലെങ്കിൽ സഭ നിശ്ചയിക്കുന്ന ആളായിരിക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ ക്രമപ്രശ്‌നമുന്നയിച്ചു. അസദുദ്ദീൻ ഒവൈസി (മജ്ലിസ് പാർട്ടി), കെ.സി. വേണുഗോപാൽ (കോൺഗ്രസ്), സൗഗത റോയ് (തൃണമൂൽ കോൺഗ്രസ്) എന്നിവരാണ് ക്രമപ്രശ്‌നമുന്നയിച്ചത്. സഭയിലുള്ളത് സ്പീക്കർ നിശ്ചയിച്ച അധ്യക്ഷപാനലിൽപ്പെട്ട ആളാണെന്നും അത് ഭരണഘടനാലംഘനമാണെന്നും അവർ പറഞ്ഞു. ഏഴുവർഷമായി ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാതെ സർക്കാർ രാജ്യത്ത് ഭരണഘടനാവിടവ് സൃഷ്ടിച്ചിരിക്കുകയാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. ജഗദംബികപാലാണ് ഈ സമയം അധ്യക്ഷക്കസേരയിലുണ്ടായിരുന്നത്.
സ്പീക്കറുടെയോ ഡെപ്യൂട്ടി സ്പീക്കറുടെയോ അഭാവത്തിൽ സഭാനടപടിക്രമങ്ങളനുസരിച്ച് തീരുമാനിക്കപ്പെട്ടയാളിനോ സഭ നിശ്ചയിക്കുന്നയാളിനോ സഭനിയന്ത്രിക്കാമെന്ന് മറ്റൊരു ഭരണഘടനാ അനുച്ഛേദം ചൂണ്ടിക്കാട്ടി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ബി.ജെ.പി. അംഗങ്ങളായ നിഷികാന്ത് ദുബെ, രവിശങ്കർ പ്രസാദ് എന്നിവരും ഈ വാദമുയർത്തി. ഇത് അംഗീകരിച്ച ജഗദംബിക പാൽ ക്രമപ്രശ്‌നം തള്ളി. ഇതേച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി.
പ്രമേയത്തിന്മേൽ ചർച്ച തുടങ്ങിവെച്ച കോൺഗ്രസ് ലോക്സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയ്, ഡെപ്യൂട്ടിസ്പീക്കറില്ലാത്തതാണ് ഭരണഘടനാപ്രതിസന്ധി സൃഷ്ടിച്ചതെന്ന് പറഞ്ഞു. മുൻപ് സ്പീക്കർക്കെതിരേ പ്രമേയങ്ങൾ വന്നപ്പോഴെല്ലാം ഡെപ്യൂട്ടി സ്പീക്കർമാരുണ്ടായിട്ടുണ്ട്.
ഇന്ന് പ്രതിപക്ഷത്ത് 200-ലധികം പേരുണ്ടായിട്ടുപോലും ഡെപ്യൂട്ടിസ്പീക്കറെ തിരഞ്ഞെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ഗൊഗോയ് പറഞ്ഞു. ചട്ടം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തിരഞ്ഞെടുപ്പുഘട്ടത്തിൽ, സഭ പ്രവർത്തിക്കാതിരിക്കുമ്പോൾപ്പോലും സഭയുടെ സമ്പൂർണാധികാരം സ്പീക്കറിൽ നിക്ഷിപ്തമാണെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെട്ട് പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ചേർന്നപ്പോൾ അധ്യക്ഷക്കസേരയിൽ മറ്റൊരു പാനൽ അംഗം കൃഷ്ണപ്രസാദ് ടെനെറ്റി എത്തിയതിനെ ചോദ്യം ചെയ്ത് വീണ്ടും തൃണമൂൽ അംഗം സൗഗത റോയ് ക്രമപ്രശ്‌നമുയർത്തി.
പിന്തുണച്ച് തൃണമൂലും
സ്പീക്കർക്കെതിരായ പ്രമേയത്തെ തൃണമൂൽ കോൺഗ്രസും പിന്തുണച്ചു. 50 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമെങ്കിലും പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം എഴുന്നേറ്റ് പിന്തുണച്ചതോടെ പ്രമേയം ചർച്ചയ്‌ക്കെടുക്കുകയായിരുന്നു.
പ്രമേയം സഭയുടെ അന്തസ്സ് വീണ്ടെടുക്കാനെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: ഭരണഘടനയെ സംരക്ഷിക്കാനും സഭയുടെ അന്തസ്സ് വീണ്ടെടുക്കാനുമാണ് സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാൻ നിർബന്ധിതരായതെന്ന് പ്രതിപക്ഷം. പ്രമേയത്തിൽ ചർച്ച തുടങ്ങിവെച്ച കോൺഗ്രസ് ലോക്സഭാ കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയിയുടേതാണ് ഈ പരാമർശം.
രാഷ്ട്രസ്വാതന്ത്ര്യത്തിന്റെയും മോചനത്തിന്റെയും പ്രതീകമാണ് സഭയെന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായസ്വാതന്ത്ര്യം ഇന്നെവിടെയെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം, ലോക്സഭയിൽ സ്പീക്കറുടെ തീരുമാനം അന്തിമമാണെന്നും അത് അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു.
മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിനെയും രാജീവ്ഗാന്ധിയെയും ഉദ്ധരിച്ച കിരൺ റിജിജു, ആരും സ്പീക്കർക്ക് മുകളിലല്ലെന്ന് വ്യക്തമാക്കി.
Content Highlights: Opposition introduced a motion to remove Speaker Om Birla citing bias., Heated debate erupted over who should preside during the motion proceedings., Opposition argues lack of Deputy Speaker creates a constitutional crisis., Government defends the proceedings citing parliamentary rules and internal procedures., Gaurav Gogoi initiated the debate emphasizing the need to restore parliamentary dignity.
Published: 11 Mar 2026, 07:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented