ന്യൂഡല്‍ഹി: ഫീസ് നല്‍കുന്നില്ലെന്ന് ആരോപിച്ച് കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിക്ക് സുപ്രീം കോടതി അഭിഭാഷകന് വക്കീല്‍ നോട്ടീസ് അയച്ചു. സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് രാജു നാരായണസ്വാമി 3,85,000 രൂപ ഫീസ് നല്‍കാനുണ്ടെന്നാണ് അഭിഭാഷകൻ കെ.ആര്. സുഭാഷ് ചന്ദ്രന് വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. നയാപൈസ ഫീസ് നല്‍കാത്തതിന് പുറമെ ഭീഷണിപ്പെടുത്തുക കൂടി ചെയ്യുകയാണെന്നും വക്കീല്‍ നോട്ടീസില്‍ ആരോപണമുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ തനിക്ക് അര്‍ഹതപ്പെട്ട ചീഫ് സെക്രട്ടറി ഗ്രേഡ് നിരസിക്കുന്നുവെന്ന് ആരോപിച്ചാണ് രാജു നാരായണ സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസില്‍ രാജു നാരായണസ്വാമിയുടെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സുപ്രീം കോടതി അഭിഭാഷകനായ കെ.ആര്. സുഭാഷ് ചന്ദ്രന് ആയിരുന്നു. കേസ് നടത്തിയതിന് രണ്ട് തവണയായി 3,85,000 രൂപയുടെ ബില്ല് രാജു നാരായണസ്വാമിക്ക് കൈമാറിയെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
എന്നാല്‍ നയാപൈസ രാജു നാരായണ സ്വാമി നല്‍കിയിട്ടില്ലെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്. അഭിഭാഷകന് കെ.പി. അനിരുദ്ധ് ആണ് സുഭാഷ് ചന്ദ്രന് വേണ്ടി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഫീസ് ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ദുരുപയോഗപ്പെടുത്തി സുഭാഷ് ചന്ദ്രനെ ഭീഷണിപ്പെടുത്തിയെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്. പ്രതിമാസം രണ്ട് ശതമാനം പലിശയോടെ ഫീസ് നല്‍കിയില്ലെങ്കില്‍ രാജു നാരായണ സ്വാമിയുടെ സ്വത്തുവകകള്‍ കണ്ട് കെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്.
Content Highlights: legal notice against raju narayana swami over nonpayment of fee to supreme court advocate
Published: 02 Nov 2025, 12:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented