ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ഒരു വര്‍ഷത്തിനിടെ യാത്രികര്‍ ഉപേക്ഷിച്ചത് 193 മൊബൈല്‍ ഫോണുകളും 40 ലക്ഷത്തോളം രൂപയും. 89 ലാപ്‌ടോപ്പുകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ട്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് (സി.ഐ.എസ്.എഫ്.) ആളുകള്‍ മറന്നുവെച്ച സാധനങ്ങള്‍ ശേഖരിക്കുന്നതും യഥാര്‍ഥ ഉടമകള്‍ക്ക് കൈമാറുന്നതും. 2024-ലെ കണക്കാണിത്. 

To advertise here,

ഡല്‍ഹിയില്‍ 350 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന റെയില്‍ ട്രാക്ക് ഉള്‍ക്കൊള്ളുന്ന 250-ലധികം സ്റ്റേഷനുകളില്‍ ഭീകരവിരുദ്ധ മുന്‍കരുതലിനായി നിയോഗിച്ചവരാണ് സി.ഐ.എസ്.എഫ്. വിഭാഗം. സ്റ്റേഷന്‍ ഏരിയയിലെ എക്‌സ്-റേ ബാഗേജ് സ്‌കാനറിന് സമീപം യാത്രക്കാര്‍ പലതും മറന്നുവയ്ക്കാറുണ്ട്. ഇത് സി.ഐ.എസ്.എഫ്. വിഭാഗമാണ് എടുത്ത് സൂക്ഷിച്ചുവയ്ക്കുന്നത്. 

40.74 ലക്ഷത്തിനടുത്ത് രൂപയും 89 ലാപ്‌ടോപ്പുകളും 40 വാച്ചുകളും 193 മൊബൈല്‍ ഫോണുകളും നിരവധി ആഭരണങ്ങളും ഇത്തരത്തില്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. യു.എസ്. ഡോളര്‍, സൗദി റിയാല്‍ പോലുള്ള വിദേശ കറന്‍സികളും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞവര്‍ഷം 59 ആത്മഹത്യാ ശ്രമങ്ങളും മെട്രോയില്‍ നടന്നതായി സുരക്ഷാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 23 പേര്‍ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. 

75 വെടിയുണ്ടകളും ഏഴ് തോക്കുകളും സി.ഐ.എസ്.എഫ്. കണ്ടെത്തിയതായി ഡേറ്റകള്‍ വ്യക്തമാക്കുന്നു. ഒറ്റയ്ക്കു യാത്ര ചെയ്ത 262 കുട്ടികളെ അവരുടെ മാതാപിതാക്കള്‍ക്കോ പോലീസിനോ ചൈല്‍ഡ്‌ലൈന്‍ വൊളന്റിയര്‍മാര്‍ക്കോ കൈമാറി. 671 സ്ത്രീ യാത്രികര്‍ക്കും സി.ഐ.എസ്.എഫിന്റെ സഹായം ലഭിച്ചു. സ്ത്രീകളും പുരുഷന്മാരുമായി പതിമൂന്നായിരത്തോളം സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെയാണ് മെട്രോയില്‍ വിന്യസിച്ചിരിക്കുന്നത്.